പ്രാര്‍ത്ഥന : അര്‍ത്ഥവും ഉദ്ദേശവും

പ്രാര്‍ത്ഥന എന്ന പദത്തിനു അപേക്ഷ, യാചന എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. ഭാഷാപരമായി പ്രാര്‍ത്ഥനക്ക് ഇവ്വിദമുള്ള അര്‍ത്ഥസങ്കല്‍പ്പങ്ങളുണ്ടെങ്കിലും സാധാരണ കേവല അപേക്ഷക്ക് പ്രാര്‍ത്ഥന എന്ന് സാങ്കേതികമായി പറയാറില്ലല്ലോ. ഒരു സ്ഥാപനത്തില്‍ ജോലി ലഭിക്കാന്‍ മാനേജര്‍ക്ക് അപേക്ഷ നല്‍കിയാല്‍ 'ഞാനൊരു ജോലിക്ക് വേണ്ടി മാനേജരോട് പ്രാര്‍ഥിച്ചു' എന്നാരും പറയാറില്ല. എന്നാല്‍ ഒരു ജോലി ലഭിക്കുവാന്‍ സര്‍വ ശക്തനായ സൃഷ്ടാവിനോടോ അല്ലെങ്കില്‍ അഭൌതിക ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന വ്യക്തിയോടോ വസ്തുവോടോ ശക്തിയോടോ തേടിയാല്‍ ഒരു ജോലി ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചു എന്ന് തന്നെയാണ് പറയുക. അപ്പോള്‍ അഭൌതിക മാര്‍ഗത്തിലൂടെ സഹായവും രക്ഷയും ലഭിക്കുവാനുള്ള തേട്ടമാണ്‌ പ്രാര്‍ത്ഥന.

ഇതിനു തന്നെയാണ് അറബിയില്‍ ദഅ'വത്ത്, ദുആഅ' എന്നൊക്കെ പറയുന്നത്. ക്ഷണിക്കുക, വിളിക്കുക എന്നൊക്കെ ഭാഷയില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ "തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിനോട്‌ മാത്രമാണ് ദുആ ചെയ്യുന്നത്" [72:20 ], "അതിനാല്‍ അല്ലാഹുവോട് കൂടെ മറ്റാരോടും നിങ്ങള്‍ ദുആ ചെയ്യരുത്" [72:18] എന്നിങ്ങനെ ദുആ അല്ലാഹുവിനോട് മാത്രമായി പറയുമ്പോള്‍ മേല്‍ പറഞ്ഞത്പോലെ അഭൌതിക മാര്‍ഗത്തിലൂടെ സഹായവും രക്ഷയും ലഭിക്കുവാനുള്ള തേട്ടമാണ്‌ ഉദ്ദേശ്യം.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ സകലവഴികളും അവലംബിച്ചേക്കും. ഭൌതികവും ദ്രിശ്യവുമായ എല്ലാ വഴികളും അടഞ്ഞതായി കണ്ടാല്‍ ചില അവിവേകികള്‍ ജീവനോടുക്കിയേക്കും. എന്നാല്‍ ഒരു ദൈവവിശ്വാസി പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാന്‍ എന്ത്ചെയ്യും? താന്‍ വിശ്വസിക്കുന്ന ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഈ സമര്‍പ്പണം വിശ്വാസിക്ക് പ്രതീക്ഷയും പ്രത്യാശയും പ്രദാനം ചെയ്യുന്നു. അപ്പോള്‍ ഒരു വിശ്വാസിയില്‍ ആദ്യാന്ത്യമുണ്ടാകുന്ന വിനയത്തിന്റെയും ആരാധനയുടെയും ഭാവമാകുന്നു ദുആ അഥവാ പ്രാര്‍ത്ഥന. അത് കൊണ്ട് തന്നെ പ്രാര്‍ത്ഥന ഇല്ലാത്ത ആരാധനയില്ല. പ്രവര്‍ത്തനമില്ലാതെ പ്രാര്‍ത്ഥന കൊണ്ട് മാത്രം പ്രയോജനവുമില്ല. പ്രവര്‍ത്തനവും പ്രാര്‍ഥനയും പരസ്പര പൂരകങ്ങളാണ്. അഹങ്കാരികള്‍ യാതൊരു ആരാധനയും ചെയ്യുന്നവരല്ല. പ്രാര്‍ഥിക്കാതിരിക്കുന്നത് അഹങ്കാരമാണ്. പ്രാര്‍ത്ഥനക്കര്ഹനായ നാഥനോട് പ്രാര്‍ഥിക്കാത്തവര്‍ നരകത്തില്‍ നിന്ദ്യരായി പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്.

"നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുവിന്‍. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം ചെയ്യാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ നിന്ദ്യരായി ആളിക്കത്തുന്ന നരകത്തില്‍ പ്രവേശിക്കുന്നതാണ്." [40:60]

പ്രസ്തുത ആയത്തില്‍ 'ദുആഈ' എന്നല്ല 'ഇബാദത്തീ' എന്നാണു പ്രയോഗിച്ചിട്ടുള്ളത്. ആരാധന വിനയത്തിന്റെയും വണക്കത്തിന്റെയും പാരമ്യമാണ്. പ്രാര്‍ത്ഥനയാണെങ്കില്‍ അങ്ങേയറ്റത്തെ വിനയവും വിധേയത്തവും പ്രകടിപ്പിക്കലുമാണ്. അതുകൊണ്ടാണ് 'പ്രാര്‍ത്ഥന, അത് തന്നെയാണ് ആരാധന' 'പ്രാര്‍ത്ഥനയാണ് ആരാധനയുടെ മജ്ജ' എന്നെല്ലാം നബി (സ) വിശേഷിപ്പിച്ചത്‌.

പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും വിധി എന്താണോ അതുപോലെ സംഭവിക്കുമെന്ന് സമാശ്വസിച്ചു പ്രാര്‍ഥിക്കാതിരിക്കല്‍ ശരിയാണോ? അതല്ല, വിധിയില്‍ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം പ്രാര്‍ഥിക്കുകകൂടി ചെയ്യേണ്ടതുണ്ടോ? ഇതില്‍ ഏതാണ് ഉത്തമം എന്ന വിഷയം പൂര്‍വികന്മാര്‍ ചര്‍ച്ച ചെയ്യുകയും 'പ്രാര്‍ഥിക്കണം' എന്നതിനാണ് തെളിവുകളുടെ പിന്‍ബലവും പ്രാധാന്യവും എന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ കല്പന അനുസരിക്കലായതിനാല്‍ പ്രാര്‍ത്ഥനക്ക് പ്രതിഫലവും ലഭിക്കുന്നതാണ്. എത്ര യോഗ്യനായിരുന്നാലും പ്രാര്‍ത്ഥനയില്ലെങ്കില്‍ അല്ലാഹു പരിഗണിച്ചു കൊള്ളണമെന്നില്ല. ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നവരെയാണ് അല്ലാഹു പരിഗണിക്കുക.

"നബിയെ, പറയുക : നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചുതള്ളിയിരിക്കുകയാണ്. അതിനാല്‍ ശിക്ഷ അനിവാര്യമായിരിക്കും." [25 :77]

അല്ലാഹുവോട് മാത്രം

കഷ്ടപ്പെടുന്ന സൃഷ്ടി വിളിച്ചു പ്രാര്‍ഥിച്ചാല്‍ സ്ഥലകാല വ്യത്യാസങ്ങളില്ലാതെ പ്രാര്‍ത്ഥന കേള്‍ക്കുവാനും ഉത്തരം ചെയ്യുവാനും കഷ്ടപ്പാടുകള്‍ തീര്‍ക്കുവാനും സര്‍വശക്തനായ സൃഷ്ടാവിന് അഥവാ അല്ലാഹുവിനു മാത്രമേ സാധിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ ഈ കഴിവുണ്ടെങ്കില്‍ അതാണ്‌ പ്രാര്‍ഥിക്കാനുള്ള അര്‍ഹത. ആ ശക്തിയായിരിക്കണം ദൈവം. അല്ലാഹുവെ കൂടാതെ മറ്റൊരു ദൈവം ഉണ്ടാവുകയാണെങ്കില്‍ പ്രപഞ്ചവ്യവസ്ഥ തന്നെ തകരാറിലായിപ്പോകുമെന്നു ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

"കഷ്ടപ്പെടുന്നവര്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവനു ഉത്തരം നല്‍കുകയും വിഷമം നീക്കി കൊടുക്കുകയും നിങ്ങളെ ഭൂമിയിലെ പ്രതിപുരുഷന്മാരാക്കി വെക്കുകയും ചെയ്യുന്നവനോ (അതോ അവരുടെ ദൈവങ്ങളോ ഉത്തമം?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? വളരെ കുറച്ചേ നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ" [27:62].

ലൌകിക ജീവിതത്തില്‍ ഉത്തരം ലഭിക്കുവാനും നേട്ടം ഉണ്ടാക്കുവാനും വേണ്ടി മാത്രമുള്ളതല്ല പ്രാര്‍ത്ഥന; മറിച്ചു നരകത്തില്‍ നിന്നും മോക്ഷം ലഭിക്കുവാനും കൂടിയുള്ളതാണ്. ഇത് പറഞ്ഞു കൊടുത്താല്‍ നരകത്തില്‍ നിന്നും കത്തിയെരിയുമ്പോള്‍ തെറ്റുകള്‍ സമ്മദിച്ചുകൊണ്ട് നരക വിമുക്തിക്ക് വല്ല മാര്‍ഗവുമുണ്ടോ എന്ന് അല്ലാഹുവോട് അവിശ്വാസികള്‍ ചോദിക്കും. അപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ഉത്തരം ഇതായിരിക്കും, "അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവനോടു പങ്ക് ചേര്‍ക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്. എന്നാല്‍ (ഇന്ന്) വിധി കല്പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു" [40 :12].

ഈ ദുരവസ്ഥ വരാതിരിക്കാന്‍ വേണ്ടി അല്ലാഹു വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. "ആകയാല്‍ മതം അല്ലാഹുവിനു (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോടു പ്രാര്‍ഥിക്കുവിന്‍. അവിശ്വാസികള്‍ക്ക്‌ അനിഷ്ടകരമായിരുന്നാലും ശരി" [40 :14 ].

by സി പി ഉമര്‍ സുല്ലമി @ പ്രാര്‍ത്ഥനകള്‍ നിത്യജീവിതത്തില്‍ from യുവത ബുക്സ്