ആയത്തുല്‍ കുര്‍സിയ്യ്

അല്ലാഹു, അവനല്ലാതെ ഒരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം ഭൂവുമാകുന്നു. അവനെ മയക്കവും നിദ്രയും പിടികൂടുകയില്ല. അവനുള്ളതാണ് ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും. ആരുണ്ട് അവന്റെ അനുവാദപ്രകാരമല്ലാതെ അവനോടു ശുപാര്‍ശ ചെയ്യുന്നവന്‍. അവന്‍ അറിയുന്നു; അവരുടെ മുമ്പിലുള്ളതും അവരുടെ പിന്നിലുള്ളതും. അവന്റെ അറിവില്‍ നിന്നും അവന്‍ ഉദ്ദേശിച്ചതല്ലാതെ യാതൊന്നും അവര്‍ പ്രാപിക്കുന്നില്ല. അവന്റെ കുര്‍സിയ്യ് (രാജപീഠം) ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു. അവ രണ്ടിന്റെയും സംരക്ഷണം അവനൊരു ഭാരമാവുകയില്ല. അവന്‍ അത്യുന്നതനും മഹാനുമാകുന്നു. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 ബഖറ 255]

മഹത്തായ തത്വതിലേക്ക് ഈ സൂക്തം അറിവ് നല്‍കുന്നു.

1. ദൈവം സ്വയം ഭൂവാന്. അതിനാല്‍ അവനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിനു പ്രസക്തിയില്ല.

2. സ്വയം ഭൂവിന്റെ സവിശേഷതകള്‍ അവനില്‍ മാത്രമാണുള്ളത്. പ്രപഞ്ചത്തിനു അതില്ല.

3. മരണം സംഭവിക്കുന്നവന്‍ ദൈവമല്ല. ദൈവത്തെ നിദ്രപോലും പിടികൂടാന്‍ പാടില്ല. യേശുക്രിസ്തു ദൈവമല്ല. ബൈബിളില്‍ തന്നെ പറയുന്നു : "കര്‍ത്താവാണ് നിത്യദൈവം. ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍. അവന്‍ തളരുകയോ ക്ഷീണിക്കുകയോ ചെയ്യുന്നില്ല. അവന്റെ ബുദ്ധി അപ്രമേയമാണ്‌" [യെശയ്യാ 40:28]. "ഞാനാണ് ആദിമനും അന്തിമനും. ഞാനല്ലാതെ ദൈവം ഇല്ല. എന്നെപ്പോലെ ആരുണ്ട്?" [44:6]. "കര്‍ത്താവാണ് സത്യദൈവം. അവനാണ് ജീവനുള്ള ദൈവം; നിത്യരാജാവ്" [യിരെമ്യാ 10 :10]. "കര്‍ത്താവേ, എന്റെ ദൈവമേ, എന്റെ പരിശുദ്ധനായവനെ, നീ അനാദി മുതല്‍ ഉള്ളവന്‍ അല്ലെ. നീ അമര്‍ത്യന്‍" [ഹബക്കൂക്ക് 1:12]. യേശു ക്രിസ്തുവിനു മരണം സംഭവിച്ചിട്ടുണ്ടെന്ന് ബൈബിള്‍ തന്നെ പറയുന്നു. ഓശാന പ്രസിദ്ധീകരിച്ച ബൈബിളില്‍ "യേശിവിന്റെ മരണം' എന്നൊരു അദ്ധ്യായം തന്നെ കാണാം. ശേഷം എഴുതുന്നു : "അവന്‍ തലകുനിച്ചു പ്രാണന്‍ വെടിഞ്ഞു" [യോഹന്നാന്‍ 19 :30].

4. ഉറക്കം ബാധിച്ചവനെ വരെ വിളിച്ചാല്‍ കേള്‍ക്കുകയില്ല. അതിനാല്‍ ദൈവം മാത്രമാണ് വിളിച്ചുതേടല്‍ കേള്‍ക്കുന്നവന്‍.

5. പരലോകത്തെ ശുപാര്‍ശയും ഭൌതിക ലോകത്തെ ശുപാര്‍ശയും തമ്മില്‍ ധ്രുവങ്ങള്‍ തമ്മിലുള്ള വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ അനുവാദത്തിനു ശേഷം അവന്‍ തൃപ്തിപ്പെട്ടു നിര്‍ദ്ദേശിക്കുന്നവര്‍ക്കു മാത്രമാണ് മുഹമ്മദ്‌ നബി (സ) വരെ ശുപാര്‍ശ ചെയ്യുക.

6. പ്രപഞ്ചത്തിന്റെ മുഴുവന്‍ അധികാരമുള്ളവന്‍ മാത്രമേ ദൈവമാവുകയുള്ളൂ.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം