മന്ത്രവും ഉറുക്കും

പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വന്ന പ്രാര്‍ഥനകള്‍ ചൊല്ലി രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതിനാണ് ഇസ്‌ലാമില്‍ മന്ത്രം എന്ന് പറയുന്നത്. ഇസ്ലാം ഇത് അനുവദിച്ചിട്ടുണ്ട്. ചികിത്സ ചെയ്യുന്നതോടൊപ്പമായിരിക്കണം മന്ത്രമെന്നും പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു (ബുഖാരി). എന്നാല്‍ മന്ത്രിച്ചശേഷം ശരീരത്തില്‍ എന്തെങ്കിലും കെട്ടുകയോ വെള്ളത്തില്‍ മന്ത്രിച്ചു ഊതിയ ശേഷം വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. വെള്ളം, നൂല്, ഉറുക്കു, ഏലസ്സ്, പിഞ്ഞാണമെഴുത്ത് എന്നിവക്കൊന്നുംതന്നെ ഹദീസിന്റെ യാതൊരു പിന്‍ബലവും കാണാന്‍ സാധിക്കുകയില്ല. പ്രത്യുത ഇവയെല്ലാം ഇസ്ലാം വിരോധിക്കുകയാണ് ചെയ്യുന്നത്.

ഇമ്രാന്‍ (റ) നിവേദനം ചെയ്യുന്നു : ഒരിക്കല്‍ നബി (സ) ഒരു മനുഷ്യന്റെ തോള്‍ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി (സ) പറഞ്ഞു : നിനക്ക് നാശം! നിനക്ക് നാശം! എന്താണിത്? അയാള്‍ പറഞ്ഞു : വാതരോഗശമാനത്തിനാണ്. അപ്പോള്‍ റസൂലുല്ലാഹ് (സ) പറഞ്ഞു : ഇത് വാതരോഗത്തെ നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നീ അത് ഊരിയെരിയുക. അതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്കലും വിജയിക്കുകയില്ല.(അഹമദ്, ഇബ്നു ഹിബ്ബാന്‍, ഹാക്കിം)

ഖുര്‍ആന്‍ ഓതി ശരീരത്തില്‍ മന്ത്രിച്ച വട്ടക്കണ്ണിയോ മറ്റോ ബന്ധിപ്പിക്കുന്നത് ഇസ്ലാം അനുവദിച്ചിരുന്നുവെങ്കില്‍ അത് കണ്ട ഉടനെത്തന്നെ നിനക്ക് നാശം എന്ന് നബി (സ) പറയുമായിരുന്നില്ല. ഖുര്‍ആന്‍ കൊണ്ടാണോ നീ ഇത് മന്ത്രിച്ചതെന്നു നബി (സ) ചോദിക്കുന്നുമില്ല. നിരുപാധികം വിരോധിക്കുകയാണ് ചെയ്തത്. പുറമേ ഇദ്ദേഹം ഒരു സഹാബിയാണ്. ശിര്‍ക്കിന്റെ പദം വെച്ചു അദ്ദേഹം ഇപ്രകാരം ശരീരത്തില്‍ ബന്ധിപ്പിക്കുകയില്ല.

ഉഖ്ബത് (റ) നിവേദനം : നബി (സ) അരുളി : ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാകവടി കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ. (അഹമദ്, ഹാക്കിം). ഈ രണ്ടു ഹദീസുകളും ഇമാം ദഹബി സഹീഹാക്കിയിട്ടുണ്ട്. ഇവിടെയും നബി (സ) ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല.

ഹുദൈഫത് (റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല്‍ കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി : 'അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ച് കൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല' [അബൂഹാതിം]

ഒരിക്കല്‍ ഹുദൈഫത് (റ) ഒരു രോഗിയെ സന്ദര്‍ശിച്ചു. അദ്ദേഹം രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ കയ്യിന്മേല്‍ ഒരു നൂലുള്ളതായി അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു : എന്താണിത്? രോഗി പറഞ്ഞു : മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ നബി (സ) യുടെ അനുചരനായ അദ്ദേഹം അത് മുറിച്ചു മാറ്റിയശേഷം പറഞ്ഞു : ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത് നമസ്ക്കരിക്കുകയില്ല. [അബൂഹാതിം]. ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചതാണോ എന്ന് ഈ സഹാബി ചോദിക്കുന്നില്ല. ഇക്കാലത്തെ മുസ്ലിങ്ങള്‍ പോലും ശിര്‍ക്കിന്റെ പദം ഉപയോഗിച്ച് മന്ത്രിച്ച നൂല്‍ ബന്ധിപ്പിക്കാറില്ലെങ്കില്‍ ആ കാലത്തെ മുസ്ലിങ്ങള്‍ ചെയ്തിരുന്നെന്ന് എങ്ങനെ വാദിക്കും?

അബൂബഷീര്‍ (റ) നിവേദനം : അദ്ദേഹം ഒരിക്കല്‍ നബി (സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. തത്സമയം നബി (സ) ഒരു ദൂതനെ അയച്ചു. അയാളോടി ഇപ്രകാരം പറഞ്ഞു : ഒട്ടകത്തിന്റെ ശരീരത്തില്‍ (കണ്‍ണേര്‍) ബാധിക്കാതിരിക്കുവാന്‍ കെട്ടിയിട്ടുള്ള മാലകളും ഞാണും മുറിച്ചു കളയണം. [ബുഖാരി, മുസ്ലിം]. ഖുര്‍ആന്‍ കൊണ്ട് കെട്ടിയതാണെങ്കില്‍ ഒഴിവാക്കാന്‍ നബി (സ) ഇവിടെ നിര്‍ദേശിക്കുന്നില്ല. പുറമേ സഹാബികള്‍ ശിര്‍ക്കിന്റെ പദംകൊണ്ട് മന്ത്രിച്ചു ഇപ്രകാരം ചെയ്യുമെന്ന് വിശ്വസിക്കാന്‍ നമുക്ക് സാധ്യമല്ല.

അബ്ദുള്ള (റ) നിവേദനം : ആരെങ്കിലും ശരീരത്തില്‍ എന്തെങ്കിലും കെട്ടിയാല്‍ (അള്ളാഹു രോഗശമനത്തില്‍ നിന്നൊഴിവായി) ആ വസ്തുവില്‍ ഭരമേല്‍പ്പിക്കപ്പെടും. [അഹമദ്, തുര്‍മുദി]

മുകളില്‍ ഉദ്ധരിച്ച ഹദീസുകളില്‍ നിന്നും നബി (സ)യോ സഹാബികളോ ഒരാളുടെയോ ഒരു മൃഗത്തിന്റെയോ ശരീരത്തില്‍ മന്ത്രിച്ചു കെട്ടിയ നൂലോ ഏലെസ്സോ ഉറുക്കോ വട്ടക്കണ്ണിയോ ഞാണോ കണ്ടാല്‍ അത് ഖുര്‍ആന്‍ കൊണ്ടാണോ അല്ലയോ എന്ന് അന്വേഷിക്കാറില്ലെന്നും നിരുപാധികം അവയെ വിരോധിക്കുകയാണ് പതിവെന്നും വ്യക്തമായി. ഒറ്റ ഹദീസുപോലും ഇപ്രകാരം അന്വേഷിച്ചത് കാണാന്‍ സാധിക്കുകയില്ല. രോഗശമനത്തിനാണോ അല്ലയോ എന്നാണു അന്വേഷിക്കാരുള്ളത്.

ഇമാം ശാഫി (റ) അടക്കം നാല് മദ്ഹബുകളുടെയും ഒരു ഇമാമും ഒരു സഹാബിയെയും കണ്ടുമുട്ടിയിട്ടില്ല. എന്നാല്‍ സഹാബികളെ കണ്ടുമുട്ടിയ ഇബ്രാഹീമുന്നഖ്ഈ (റ) പറയുന്നു : അവര്‍ എല്ലാത്തരം എലെസ്സുകളെയും വെറുത്തിരുന്നു. ഖുര്‍ആന്‍ കൊണ്ടായിരുന്നാലും അല്ലെങ്കിലും. [വകീഅ] അവര്‍ എന്നതുകൊണ്ട് ഉദേശിക്കുന്നത് പ്രഗല്‍ഭ സഹാബികലായ അബ്ദുല്ലഹിബ്നു മസ്ഊദും (റ) അദ്ധേഹത്തിന്റെ പ്രഗല്‍ഭ ശിഷ്യന്മാരായ അല്‍ഖമ, അസ്വദ്, അബൂവാഈല്‍, ഹാരിസ്, ഉബൈദത്, മസ്രൂഖ്, റബീഅ, സുബൈദ് മുതലായവരുമാണ്‌. താബിഈകളുടെ നേതാക്കന്മാര്‍ എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നു. ഖുര്‍ആന്‍ കൊണ്ടായിരുന്നാലും ശരീരത്തില്‍ ഒന്നും മന്ത്രിച്ചു കൊണ്ട് ബന്ധിപ്പിക്കാന്‍ പാടില്ലെന്ന് ഇവര്‍ പറയുന്നു. ഉറുക്കും ഏലസ്സും നൂലും എല്ലാം തന്നെ ഇവിടെ സമമാണ്. ഈ അഭിപ്രായം തന്നെയാണ് ഇബ്നു അബ്ബാസ് (റ, ഹുദൈഫത് (റ), ഉഖ്ബത്ബ്നു ആമിര്‍ (റ), ഇബ്നു ഉകൈം (റ) മുതലായ സഹാബികള്‍ക്കും ഉള്ളത്. ഇമാം അഹമ്ദില്‍ നിന്നും ഈ അഭിപ്രായം ഉദ്ധരിക്കുന്നു. അദ്ധേഹത്തിന്റെ ധാരാളം ശിഷ്യന്മാര്‍ ഈ അഭിപ്രായത്തെ ഖണ്ഡിതമായി തന്നെ പ്രഖ്യാപിക്കുന്നു.

ഈസാ നിവേദനം : ഞാന്‍ അബ്ദുല്ലാഹിബ്നു ഉകൈമിന്റെ (റ) അടുത്ത് പ്രവേശിച്ചു. അദ്ധേഹത്തില്‍ ഉമ്രത് ഉണ്ട്. ഞാന്‍ പറഞ്ഞു : താങ്കള്‍ക്കു ഉറുക്കു ബന്ധിപ്പിച്ചു കൂടെ? അപ്പോള്‍ സഹാബിയായ അദ്ദേഹം പറഞ്ഞു : "അതില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു. നബി (സ) പറഞ്ഞു : ആരെങ്കിലും ശരീരത്തില്‍ എന്തെങ്കിലും ബന്ധിപ്പിച്ചാല്‍ അതിന്മേല്‍ ഭരമേല്‍പ്പിക്കപ്പെട്ടു." [അബൂദാവൂദ്]

ഇബ്നു അബ്ബാസ് (റ) പറയുന്നു : ഞാന്‍ മുഅവ്വദതൈനി ഓതി മന്ത്രിക്കും. എന്നാല്‍ ബന്ധിപ്പിക്കുകയില്ല. [വകീഅ]

റുവൈഫിഅ (റ) നിവേദനം : നബി (സ) എന്നോട് പറഞ്ഞു : ആരെങ്കിലും കഴുത്തില്‍ ഞാണ്‍ ബന്ധിപ്പിച്ചാല്‍ മുഹമ്മദിന് അവനുമായി ബന്ധമില്ല. [അഹമദ്, നസാഈ]. ഇവിടെ ഞാണ്‍ എന്നതിന്റെ വിവക്ഷ എലസ്സാണെന്ന് മറ്റൊരു നിവേദനത്തില്‍ പറയുന്നു.

ഇബ്നു മസ്ഊദ്‌ (റ) നിവേദനം : നബി (സ) പറയുന്നതായി ഞാന്‍ കേട്ടു : 'നിശ്ചയം മന്ത്രവും ഏലസ്സും ദമ്പതിമാര്‍ പിണങ്ങിയാല്‍ അവരെ യോജിപ്പിക്കുന്ന മന്ത്രവും ശിര്‍ക്കാണ്‌' [അഹമദ്, അബൂദാവൂദ്]

ഇബ്നു ആമിര്‍ (റ) നിവേദനം : നബി (സ) അരുളി : ...വല്ലവനും ഏലസ്സ് ബന്ധിപ്പിച്ചാല്‍ നിശ്ചയം അവന്‍ ശിര്‍ക്ക് ചെയ്തു. [ഹാകിം]

ഇബ്നു മസ്ഊദ്‌ (റ)വിന്റെ ഭാര്യ സൈനബ (റ) നിവേദനം : ഒരിക്കല്‍ എന്റെ ഭര്‍ത്താവ് ഇബ്നു മസ്ഊദ്‌ (റ) എന്റെ കഴുത്തില്‍ ഒരു നൂല് കണ്ടു. അതെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ മന്ത്രിചൂദിയതാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം പറഞ്ഞു : 'നിങ്ങള്‍ അബ്ദുള്ളയുടെ കുടുംബമാണ്. ശിര്‍ക്കിന്റെ ആവശ്യം നിങ്ങള്ക്കില്ല. നബി (സ) പ്രാര്‍ഥിച്ച പോലെ ഇപ്രകാരം പ്രാര്‍ഥിച്ചാല്‍ മതി: ജനങ്ങളുടെ നാഥാ! എന്റെ രോഗം നീ ദുരീകരിക്കണേ, ഒരു രോഗത്തെയും അവശേഷിപ്പിക്കാത്തവിധം നീ എനിക്ക് ശമനം നല്‍കേണമേ, നിന്റെ ശമനമല്ലാതെ യഥാര്‍ത്ഥ ശമനമില്ല. [ഇബ്നു ഹിബ്ബാന്‍, ഹാകിം]. ഇലാഹാക്കിയാല്‍ മാത്രമേ ശിര്‍ക്ക് വരുള്ളൂ എന്ന പുരോഹിദ ജല്പനം ഇവിടെ തകരുന്നു. ഇബ്നു മസ്ഊദിന്‍റെ ഭാര്യ നൂലിനെ ഇലാഹാക്കിയിരുന്നുവെന്നു ഈ പുരോഹിദര്‍ വാദിക്കുമോ? നിനക്ക് ഖുര്‍ആന്‍ കൊണ്ട് നൂല്‍ മന്ത്രിച്ചാല്‍ മതിയായിരുന്നില്ലേ എന്ന് ഈ സഹാബിവര്യന്‍ ഇവിടെ പറയുന്നില്ല.

അബൂ ഹുറൈറ (റ) നിവേദനം : ആരെങ്കിലും എന്തെങ്കിലും ബന്ധിച്ചാല്‍ അതിന്മേല്‍ ഭരമെല്‍പ്പിക്കപ്പെട്ടു. [നസാഈ]. ഈ ഹദീസിനെ വ്യാഖ്യാനിച്ചു നസാഈയുടെ ശര്‍ഹില്‍ എഴുതുന്നു : അബൂബക്കര്‍ (റ) തുര്‍മുദിയുടെ ശര്‍ഹില്‍ പറയുന്നു : ഖുര്‍ആന്‍ ഓതിക്കൊണ്ട് മന്ത്രിച്ചു ശരീരത്തില്‍ ബന്ധിപ്പിക്കല്‍ സുന്നത്തിന്റെ മാര്‍ഗ്ഗമല്ല. [നസാഈ].

by അബ്ദുസ്സലാം സുല്ലമി @ തൌഹീദ്, ഒരു സമഗ്ര വിശകലനം