മുഹര്‍റം നോമ്പ്‌ ഹദീസുകളില്‍

മുഹര്‍റം പത്തിലെ വ്രതം ഹദീസ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടതാണ്‌. ആദ്യകാലം മുതല്‍ക്കു തന്നെ നബി(സ) ഈ നോമ്പ്‌ നോറ്റിരുന്നു. മദീനയില്‍ വന്നപ്പോള്‍ നിര്‍ബന്ധ സ്വരത്തിലല്ലാതെ നബി(സ) ആ വ്രതം അനുഷ്‌ഠിക്കാന്‍ അനുചരരെ പ്രേരിപ്പിച്ചു. മുഹര്‍റം ഒമ്പതിലെ നോമ്പിനെ സംബന്ധിച്ചും നബി(സ)യുടെ നിര്‍ദേശം വന്നിട്ടുണ്ട്‌.

ആഇശ(റ) പറയുന്നു: ``ആശൂറാഅ്‌ നോമ്പ്‌ നോല്‍ക്കാന്‍ നബി കല്‌പിക്കാറുണ്ടായിരുന്നു. റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഇഷ്‌ടമുള്ളവര്‍ വ്രതമെടുക്കുകയും ഇഷ്‌ടമുള്ളവര്‍ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു.'' (ബുഖാരി)

ആഇശ(റ) പറയുന്നു: ``ആശൂറാഅ്‌ ദിവസം അജ്ഞാനകാലത്ത്‌ ഖുറൈശികള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. റസൂലും(സ) അന്ന്‌ നോമ്പനുഷ്‌ഠിക്കാറുണ്ടായിരുന്നു. മദീനയില്‍ വന്നപ്പോള്‍ തിരുമേനി ആ ദിവസം നോമ്പെടുക്കുകയും ജനങ്ങളോട്‌ നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. പിന്നീട്‌ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ്‌ വ്രതം ഉപേക്ഷിച്ചു. ഇഷ്‌ടമുള്ളവര്‍ നോല്‍ക്കുകയും ഇഷ്‌ടമുള്ളവര്‍ ഉപേക്ഷിക്കുകയും ചെയ്‌തു.'' (ബുഖാരി)

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ്‌ നോമ്പ്‌ നോല്‍ക്കുന്നതായി കണ്ടു. അവിടുന്ന്‌ ചോദിച്ചു:?ഇതെന്താണ്‌? അവര്‍ പറഞ്ഞു:?ഇത്‌ നല്ലൊരു ദിവസമാണ്‌. മൂസാനബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന്‌ രക്ഷിച്ച ദിനമാണിത്‌. അങ്ങനെ, മൂസാ നബി(അ) അന്ന്‌ നോമ്പെടുക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു:?മൂസായോട്‌ നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്‌.?തുടര്‍ന്ന്‌ തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു.'' (ബുഖാരി)

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ)യോട്‌ ഒരാള്‍ ചോദിച്ചു: നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നമസ്‌കാരമേതാണ്‌? തിരുമേനി പറഞ്ഞു: രാത്രിയിലെ നമസ്‌കാരം. വീണ്ടും ചോദിച്ചു:?റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള വ്രതമേതാണ്‌??നിങ്ങള്‍ മുഹര്‍റം എന്ന്‌ വിളിക്കുന്ന അല്ലാഹുവിന്റെ മാസം.'' (അഹ്‌മദ്‌, മുസ്‌ലിം, അബൂദാവൂദ്‌)

ഇബ്‌നുഅബ്ബാസ്‌ പറയുന്നു: ``നബി(സ) ആശൂറാഅ്‌ ദിവസം നോമ്പനുഷ്‌ഠിക്കുകയും അന്ന്‌ നോമ്പെടുക്കാന്‍ കല്‌പിക്കുകയും ചെയ്‌തു. സ്വഹാബിമാര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാരും ക്രിസ്‌ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ അത്‌. അവിടുന്ന്‌ പ്രതിവചിച്ചു: അടുത്ത വര്‍ഷമായാല്‍ ഇന്‍ശാഅല്ലാഹ്‌ നാം ഒമ്പതിന്‌ (താസൂആഅ്‌) നോമ്പനുഷ്‌ഠിക്കുന്നതാണ്‌. പക്ഷേ, അടുത്തവര്‍ഷം വരുന്നതിന്‌ മുമ്പായി തിരുമേനി(സ) അന്തരിച്ചു.'' (മുസ്‌ലിം)

നബി(സ) പറഞ്ഞു: ``അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഒമ്പതിന്‌ വ്രതമെടുക്കും.''?(മുസ്‌ലിം)

from ശബാബ്