ആളെ അളക്കുന്നതിന് മുമ്പ്

വസ്തുക്കളെ താരതമ്യം ചെയ്തു മൂല്യനിര്‍ണ്ണയം നടത്താന്‍ മനുഷ്യന്‍ ശ്രമിക്കാറുണ്ട്. വ്യക്തികളെ പരസ്പരം താരതമ്യം ചെയ്യലും അതില്‍ അഭിപ്രായം പറയലും അവന്‍റെ സഹജവാസനകളില്‍ പെട്ടതാകുന്നു. എല്ലാം ബാഹ്യമായ കാഴ്ചപ്പാടിലൂടെ ആയിരിക്കും എന്നതാണ് വസ്തുത. ഇങ്ങനെ നടക്കുന്ന വിലയിരുത്തലുകള്‍ ചിലപ്പോഴൊക്കെ ശരിയാകുമെങ്കിലും മിക്കപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡം മാറുന്നതിനനുസരിച്ചു സ്വരൂപിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ക്ക് മാറ്റം വരാം.

സഹലുബ്നു സഅ'ദിസ്സാഇ ദിയ്യ് (റ)ല്‍ നിന്നും ബുഖാരി ഉദ്ധരിക്കുന്ന ഒരു തിരുവചനം ഇപ്രകാരമാകുന്നു. അദ്ദേഹം പറഞ്ഞു : ഒരാള്‍ നബി (സ)യുടെ അടുത്തൂടെ നടന്നു പോയി. അപ്പോള്‍ തനിക്കരികിലിരിക്കുന്ന ഒരാളോട് നബി (സ) ചോദിച്ചു : "ഇയാളെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താണ്?" അദ്ദേഹം പറഞ്ഞു : "വളരെ ശ്രേഷ്ടനായ ഒരാളാകുന്നു ഇയാള്‍. അല്ലാഹുവാണ് സത്യം, വല്ല വിവാഹാലോചനയും വന്നാല്‍ എന്തുകൊണ്ടും അയാള്‍ അതിനര്ഹനാണ് . ഇദ്ദേഹം വല്ല ശുപാര്‍ശയും ചെയ്‌താല്‍ അത് സ്വീകരിക്കപ്പെടാതിരിക്കില്ല. അത്രയ്ക്ക് മാന്യനാണദ്ദേഹം". അപ്പോള്‍ റസൂല്‍ (സ) നിശബ്ദനായി. ഒന്നും പറഞ്ഞില്ല.

അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ ആ വഴി വന്നു. പ്രവാചകന്‍ (സ) ചോദിച്ചു : "ഇയാളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?" അദ്ദേഹം പറഞ്ഞു : ഇയാളൊരു ദരിദ്രനായ മുസ്ലിമാണ്. വിവാഹന്വേഷണം നടത്തിയാല്‍ ആരും വിവാഹം കഴിച്ചുകൊടുക്കില്ല. വല്ലതും ശുപാര്‍ശ ചെയ്‌താല്‍ അതൊട്ടും സ്വീകരിക്കപ്പെടുകയില്ല. വല്ലതുമിദ്ദേഹം പറഞ്ഞാല്‍ ആരും കേള്‍ക്കുക പോലുമില്ല".

അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു : "ഇദ്ദേഹം ഭൂമിയിലെ സകലതിനെക്കാളും ശ്രേഷ്ഠനായവനാകുന്നു".

സഹോദരങ്ങളെ, നാം സദാ ഓര്‍ക്കുകയും ചിന്തിക്കുകയും ചെയ്യേണ്ട ഒരു നബി വചനമാണിത്. എന്തെല്ലാം അഭിപ്രായങ്ങളാണ് നമുക്കുള്ളത്? ഒരാളെ പുകഴ്ത്താനും ഇകഴ്ത്താനുമൊക്കെ ക്ഷണനേരംകൊണ്ട് നമുക്ക് സാധിക്കും. സത്യത്തില്‍ ഒരാളെക്കുറിച്ച് നമുക്കെന്തറിയാം? ഒന്നുമറിയില്ല എന്നതല്ല വസ്തുതയെങ്കിലും എല്ലാം അറിയും എന്ന നിലപാടില്‍ അഭിപ്രായം പറയല്‍, അതില്‍ ഉറച്ചുനില്‍ക്കല്‍, അത് പ്രചരിപ്പിക്കല്‍ ഇതൊക്കെയും എത്ര അഭികാമ്യമല്ല.

വ്യക്തികള്‍ നമുക്ക് മുമ്പില്‍ വിലയിരുത്തപ്പെടുകയാണ്. അളവുകോല്‍ നഷ്ടപ്പെട്ട നമുക്ക് എങ്ങനെയാണ് ആളുകളെ വിലയിരുത്താനാവുക? സ്വയം വിലയിരുത്താന്‍ പോലും നാം അശക്തരായിരിക്കെ എന്തിനു നാം....

അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് നന്മ നല്‍കേണമേ, ഞങ്ങളുടെ പാളിച്ചകളെ നീ പൊറുത്തു തരേണമേ. [ആമീന്‍]

by സഈദ് ഫാറൂഖി @ ഹദീസ് ചിന്തകള്‍ from യുവത ബുക്സ്