മത നിഷേധിയാവാതിരിക്കാന്‍

മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌. പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.[അദ്ധ്യായം 107 മാഊന്‍ 1-3]

മതവിശ്വാസം മുറുകെപിടിക്കുന്നവരാണ് കൂടുതല്‍ പേരും. ചില ഭാവങ്ങളും ആചാരാനുഷ്ടാനങ്ങളും മതവിശ്വാസികളുടെ ലക്ഷണമായി കരുതപ്പെടുന്നു. പലരുടെയും സംസാരത്തിലും പെരുമാറ്റത്തിലും മതത്തിന്‍റെ മേല്‍വിലാസം പ്രകടമാകാറുണ്ട്. ബാഹ്യമായ ആരാധനാചടങ്ങുകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കുന്നുണ്ട്. നോമ്പ്, നമസ്കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയ അടിസ്ഥാന ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ജാഗ്രത കാണിക്കുന്ന വിശ്വാസികള്‍ ഏറെയാണ്‌. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയും പരക്ഷേമതല്പരയും പ്രകടിപ്പിക്കുന്നേടത്ത് അത്ര ജാഗ്രത കാണാറില്ല. ഒരാളുടെ മതവിശ്വാസം പൂര്‍ണമാകുന്നത് സമസ്രിഷ്ടികളോടുള്ള ബാധ്യതകള്‍ കൂടി നിര്‍വഹിക്കുമ്പോള്‍ മാത്രമാണ്.

സമൂഹത്തില്‍ ഒട്ടേറെ വൈജാത്യങ്ങളും വ്യത്യസ്തതകളും കാണാം. സമ്പന്നരും ദരിദ്രനും ശക്തനും ദുര്‍ബലനും ഈ ഭൂമിയിലെ ഒരു യാഥാര്‍ത്യമാണ്. അനാഥകള്‍, വൈകല്യം സംഭവിച്ചവര്‍, വൃദ്ധര്‍, കുഞ്ഞുങ്ങള്‍ തുടങ്ങി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ധാരാളംപേര്‍ അടങ്ങുന്നതാണ് സമൂഹം. ഇവരെ പരിഗണിക്കാതെയോ കൈപിടിച്ചുയര്‍ത്താതെയോ സാമൂഹ്യപുരോഗതി യാഥാര്‍ത്യമാവില്ല. ഇത്തരം ദുര്‍ബലവിഭാഗങ്ങളോട് ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കുക എന്നത് വിശ്വാസത്തിലെ പ്രധാന ഭാഗമത്രേ.

മതത്തെ തള്ളിപ്പറയുക എന്നത് കേവലം ചില വിശ്വാസാചാരങ്ങളെ നിരാകരിക്കല്‍ മാത്രമല്ല. ദുരിതബാധിതരെ കണ്ടില്ലെന്നു നടിക്കുന്നതും അശരണരായവര്‍ക്ക് അത്താണിയാവാതിരിക്കുന്നതും നിഷേധത്തിന്റെ ഭാഗമാണ്. ദീന്‍ എന്നതിന് മതം, പരലോകം അഥവാ പ്രതിഫലദിനം എന്നീ അര്‍ഥങ്ങള്‍ നല്കപ്പെടാം. പ്രയാസപ്പെടുന്നവരെ കാണാതെ ജീവിക്കുന്നത് പരലോക നിഷേധത്തിന്റെ ഭാഗമായും കരുതാം. ആരാധനാകര്‍മ്മങ്ങള്‍ അര്‍ത്ഥവത്താവണമെങ്കില്‍ അവയുടെ ചൈതന്യം ജീവിതത്തില്‍ നിഴലിക്കണം. സാമ്പത്തികബാധ്യത ഒട്ടുമില്ലാത്ത ആരാധനകള്‍ക്ക് പലരും സന്നദ്ധരാണ്. എന്നാല്‍ സ്വന്തം ആവശ്യം മാറ്റിവച്ചും ചിലപ്പോള്‍ മറ്റുള്ളവരെ സഹായിക്കേണ്ട ഘട്ടങ്ങളില്‍ പലരും പിറകിലായിരിക്കും. സാധുക്കളുടെ അവകാശമായ സകാത്തും സദഖയും കൃത്യവും ക്രിയാത്മകവുമായി നല്‍കുന്നവര്‍ കുറവാണ്. സ്വയം ദാരിദ്ര്യത്തിന്റെ അവശതകള്‍ അനുഭവിച്ചപ്പോഴും തങ്ങളേക്കാള്‍ പ്രയാസപ്പെടുന്ന മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്വഹാബത്തിനു കഴിഞ്ഞു. അതുകൊണ്ടാണ് അല്ലാഹുവിന്‍റെ പ്രീതി അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. കാറ്റിനെക്കാള്‍ വേഗത്തില്‍ ദാനധര്‍മങ്ങള്‍ നല്‍കിയ പ്രവാചകനും മുഴുവന്‍ സ്വത്തും പ്രവാചകനെ ഏല്‍പ്പിക്കാന്‍ സന്നദ്ധരായ അനുചരന്മാരും വലിയ സമ്പന്നരായിരുന്നില്ല.

അനാഥകളെ അവഗണിക്കുന്നതും അവരോടു ക്രൂരമായി പെരുമാറുന്നതും അവരുടെ സ്വത്ത് അന്യായമായി പിടിച്ചുവെക്കുന്നതും പരലോക നിഷേധികളുടെയും മതനിഷേധികളുടെയും ലക്ഷണമാണ്. അനാഥകളെ സംരക്ഷിക്കുന്നു എന്ന് പറഞ്ഞു അവരെ ചൂഷണം ചെയ്യുന്നവരും ഈ ഗണത്തില്‍പെടും.

അനാഥകളെപ്പോലെത്തന്നെ സഹായത്തിനര്ഹരായവരാണ് അഗതികള്‍. ദാരിദ്രാവസ്ഥ പുറത്ത് കാണിക്കുന്നവരും ആത്മാഭിമാനം നിമിത്തം തങ്ങളുടെ ദുരവസ്ഥ പുറമേ പ്രകടിപ്പിക്കാത്തവരും അഗതികളിലുണ്ടാവും. ഇവരെ തിരിച്ചറിഞ്ഞവര്‍ അവരെ സഹായിച്ചാല്‍ മാത്രം പോര. സഹായിക്കാന്‍ കഴിയുന്നവരുടെ ശ്രദ്ധയിലേക്ക് ഇവരെ കൊണ്ട് വരാനും അവര്‍ ശ്രമിക്കേണ്ടതുണ്ട്. അവരെ സഹായിക്കുന്നതിനാവശ്യമായ എല്ലാ പ്രേരണകളും അവനില്‍ നിന്നുണ്ടാവണം. അതിനു വിരുദ്ധമായി അവരെ നിരുല്‍സാഹപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നവന്‍ മതനിഷേധിയും പരലോകവിചാരണയെ നിരാകരിക്കുന്നവനുമായിത്തീരും.

by അബ്ദു സലഫി @ പുടവ കുടുംബ മാസിക