മനസ്സും പരിസരവും മലിനമുക്തമാകട്ടെ

ദൈവം മനുഷ്യന് വേണ്ടിയാണ് നിരവധി വസ്തുക്കള്‍കൊണ്ട് സമ്പന്നമായ ഈ മനോഹര പ്രകൃതിയെ സൃഷ്ടിച്ചത്. ഇതിനെ ജീവിതത്തിനു ഉപയോഗപ്പെടുത്താനല്ലാതെ നശിപ്പിക്കാന്‍ നമുക്ക് അവകാശമില്ല. വളരെ കൃത്യമായി തോതും തൂക്കവും ഒപ്പിച്ചും, സന്തുലിതാവസ്ഥ ക്രമപ്പെടുത്തിയുമാണ്‌ സൃഷ്ടാവ് ഇതിനെ സംവിധാനപ്പെടുത്തിയിട്ടുള്ളത്. ഈ പ്രകൃതി ഇതേപടി നിലനിര്‍ത്തേണ്ടത് മനുഷ്യന്‍റെ കടമയാണ്. ജലവും മണ്ണും ചെടികളും വൃക്ഷങ്ങളുമെല്ലാം അവയുടെ സ്വച്ഛതയില്‍ തന്നെ നിലകൊള്ളണം. മനോഹരവും വിസ്മയകരവുമായ ഈ പ്രുകൃതി തന്നെയാണ് ദൈവത്തിന്‍റെ അസ്ഥിത്വത്തിനും അവന്‍റെ അപാരമായ കഴിവുകള്‍ക്കുമുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, അരുവികള്‍, അവയിലെ മത്സ്യങ്ങള്‍, വൃക്ഷലതാദികള്‍, വിവിധ വര്‍ണങ്ങളിലുള്ള പഴങ്ങള്‍, മൃഗങ്ങള്‍, പറവകള്‍, പ്രാണികള്‍ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാണിച്ചു അവയെപ്പറ്റി ചിന്തിക്കാന്‍ വേദഗ്രന്ഥം ആവശ്യപ്പെട്ടിരുന്നു. ദൈവിക മഹത്വത്തിന്റെ നിദര്‍ശനമായ ഈ പ്രുകൃതി ഇതേ നിലയില്‍ നിലനിര്‍ത്താന്‍ വിശ്വാസികള്‍ ആഗ്രഹിക്കേണ്ടതും പരിശ്രമിക്കേണ്ടതുമാണ്. തിങ്ങിയ വനങ്ങളിലും സംഗീതമൊഴുകുന്ന കാട്ടുചേലകളിലും ഗാനമാലപിക്കുന്ന പറവകളിലും പ്രഭാതസമയത്ത് മഞ്ഞുതുള്ളികള്‍ വഹിച്ചു നൃത്തമാടുന്ന പൂക്കളിലും പച്ചപ്പടര്‍പ്പുകളിലും തുള്ളിച്ചാടുന്ന പുള്ളിമാന്‍ കൂട്ടങ്ങളിലുമെല്ലാം അവര്‍ ദിവ്യസൌന്ദര്യമാണ് ദര്‍ശിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കുന്തോറും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ പ്രുകൃതിയുടെ ഈ സ്വച്ഛതയും സൌന്ദര്യവും ഒരിക്കലും മാഞ്ഞുപോകാതെ അതേപടി തുടരണമെന്നും അവര്‍ കൊതിക്കുന്നു. മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പുണ്യകര്‍മ്മമാണ്‌. വെട്ടി നശിപ്പിക്കുന്നത് പാപകൃത്യവും.

മനുഷ്യന്‍റെ അകവും പുറവും സുന്ദരവും പരിശുദ്ധവുമായിരിക്കണമെന്നതാണ് മതത്തിന്‍റെ തേട്ടം. അന്തരീക്ഷം പരിമളകരവും മാലിന്യമുക്തവുമായിരിക്കണം. പ്രവാചകന്‍റെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രവഹിച്ചിരുന്നു. സുഗന്ധം പൂശുന്നതിനെ മതം പുണ്യ കര്‍മ്മമായി കാണുന്നു. ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ചവച്ചു വായനാറ്റത്തോടെ ദേവാലയത്തില്‍ പ്രവേശിക്കാന്‍ പാടില്ല. മതവിശ്വാസി പ്രാര്‍ത്ഥനാലയങ്ങളിലും ജനങ്ങള്‍ ഒത്തുകൂടുന്ന മറ്റു സ്ഥലങ്ങളിലും വൃത്തിയുള്ള വേഷത്തിലായിരിക്കണം പ്രത്യക്ഷ പ്പെടെണ്ടത്.

മലിനമുക്തമായിരിക്കണം അന്തരീക്ഷം. പൊതുസ്ഥലത്ത് മൂത്രവിസര്‍ജനം നടത്തുന്നതിനെ പ്രവാചകന്‍ നിരോധിച്ചു. മതവിശ്വാസികള്‍ പരിസരമലിനീകരണത്തിനു കൂട്ടുനില്‍ക്കാവതല്ല. പക്ഷെ, പാഴ്വസ്തുക്കളും ഉചിഷ്ടങ്ങളും മാലിന്യങ്ങളും പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നവരില്‍ വിശ്വാസികളെയും കാണാം. വഴിയില്‍ നിന്നും ഉപദ്രവം നീക്കം ചെയ്യുന്നത് മതവിശ്വാസത്തിന്‍റെ ഭാഗമാണ്. പക്ഷെ, പലപ്പോഴും സംഭവിക്കുന്നത്‌! ഇത് പാപമാണെന്ന ചിന്ത വിശ്വാസികളില്‍ വളരുന്നില്ല. ജലം മഹത്തായ ദൈവികാനുഗ്രഹമാണ്. 'കിണറുകളും കുളങ്ങളും തോടുകളും വരണ്ടു പോയാല്‍ എന്തായിരിക്കും അവസ്ഥ?' എന്ന ഒരു ചോദ്യം വേദഗ്രന്ഥത്തിലുണ്ട്. അതുകൊണ്ട് ജലം സൂക്ഷിച്ചുപയോഗിക്കാന്‍ പ്രവാചകന്‍ പറയുന്നു. ആരാധനയ്ക്ക് വേണ്ടി അംഗശുദ്ധി വരുത്തുമ്പോള്‍ പോലും ജലത്തിന്‍റെ അമിതോപയോഗം പാടില്ല. ജലമലിനീകരണമുണ്ടാക്കുന്ന ഏതു പ്രവൃത്തിയില്‍ നിന്നും ഒരു വിശ്വാസി മാറി നില്‍ക്കേണ്ടതാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തരുതെന്നു പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിക്കുന്നു.

എല്ലാ മനുഷ്യര്‍ക്കും വേണ്ട അവശ്യഗുണമാണ് സൌന്ദര്യ ബോധം. "ദൈവം സുന്ദരനാണ്, അവന്‍ സൌന്ദര്യം ഇഷ്ടപ്പെടുന്നു". നമ്മുടെ അകവും പുറവും സൌന്ദര്യമുള്ളതാക്കാന്‍ നാം ശ്രദ്ധിക്കണം. മനുഷ്യമനസ്സ് മാലിന്യം നിറഞ്ഞതാകുമ്പോള്‍ അതില്‍നിന്നും പുറത്ത് വരുന്ന പ്രവൃത്തികളും അപ്രകാരം മാലിന്യം നിറഞ്ഞതായിരിക്കും. സ്വാര്‍ഥതയുടെ മാലിന്യക്കൂമ്പാരങ്ങള്‍ നിറക്കപ്പെട്ട മനസ്സുകളെ വഹിച്ചു നടക്കുന്ന മനുഷ്യരെ ശുദ്ധീകരിക്കാതെ തലമുറക്ക്‌ തന്നെ രക്ഷയില്ല.

by മുഹമ്മദ്‌ കുട്ടശ്ശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്