ദീനില്‍ ആചാരങ്ങള്‍ നിശ്ചയിക്കേണ്ടത് ആര്?

ദീനില്‍ ആചാരങ്ങള്‍ നിശ്ചയിക്കേണ്ടത് ആരാണ്?

ദീന്‍ ആരുടേതാണോ അവനാണ് ദീന്‍ കര്‍മങ്ങള്‍ നിശ്ചയിച്ചു തരേണ്ടത്‌. ഇസ്‌ലാം ദീന്‍ ആരുടേതാണെന്ന് ഓരോ മുസ്ലീമിനും അറിയും. അത് അല്ലാഹുവിന്‍റെതാണ്. അവസാനത്തെ നബിയായ മുഹമ്മദ്‌ നബി (സ) മുഖേനയാണ് ഇസ്ലാം ദീനിലെ ആചാര-വിശ്വാസങ്ങളുടെ അന്തിമരൂപം അല്ലാഹു നമുക്ക് അറിയിച്ചു തന്നത്. അപ്പോള്‍ ഇസ്ലാം ദീനിലെ ആചാരങ്ങളും ക്രമങ്ങളും ലോക സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹു നിശ്ചയിച്ചു തന്നതാണ്; മുഹമ്മദ്‌ നബി (സ) അറിയിച്ചു തന്നതാണ്.

മുഹമ്മദ്‌ നബി (സ) എങ്ങനെയൊക്കെ ദീന്‍ കര്‍മ്മങ്ങള്‍ അറിയിച്ചു തരും?

അല്ലാഹുവിന്‍റെ 'കലാം' (ഖുര്‍ആന്‍) ഓതിത്തന്നും അതിനെ വാചാ വിശദീകരിച്ചുതന്നും അതില്‍ ചെയ്യേണ്ട 'അമലുകള്‍' ചെയ്തു കാണിച്ചുതന്നും നബി (സ) ഇസ്ലാം ദീന്‍ ക്രമങ്ങള്‍ നമുക്ക് അറിയിച്ചു തരുന്നു. ദീനില്‍ നബി (സ) നമുക്ക് അറിയിച്ചു തരുന്ന വാക്കിലോ പ്രവൃത്തിയിലോ നബിയുടെ സ്വന്തമായി ഒന്നും ഉണ്ടായിരിക്കുകയില്ല. എല്ലാം അല്ലാഹുവിന്‍റെ നിര്‍ദേശപ്രകാരം മാത്രമായിരിക്കും. അല്ലാഹു അറിയിച്ചു കൊടുത്തതിനെ സ്വന്തം ഇഷ്ടപ്രകാരം മാറ്റാനോ തിരുത്താനോ ഉള്ള അവകാശം പോലും പ്രവാചകനില്ല.

ഖുര്‍ആന്‍ പറയുന്നു : "വഹ്'യ് കിട്ടുന്ന കാര്യങ്ങള്‍ അപ്പടി പിന്തുടരുകയല്ലാതെ അത് മാറ്റിത്തിരുത്താന്‍ തനിക്കു അവകാശമില്ലെന്നു നബിയെ അവരോടു പറയുക" [യൂനുസ് 15]. അപ്പോള്‍ ഇസ്ലാം ദീന്‍ അല്ലാഹുവിന്‍റെതാണ് . അതിലെ കര്‍മ്മങ്ങള്‍ നബി (സ) അറിയിച്ചു തന്നവയുമാണ്. അതിലെ കര്‍മ്മങ്ങള്‍ ഏറ്റാനോ കുറയ്ക്കാനോ പകരം വെക്കാനോ മറ്റാര്‍ക്കെങ്കിലും -പ്രവാചകന് പോലും- അവകാശമില്ല. മുഹമ്മദ്‌ നബി (സ) മുഖേന ഇസ്ലാം ദീനിനെ അതിന്റെ പൂര്‍ണ്ണമായ രൂപത്തില്‍ -ഒന്നും വിട്ടു പോകാതെ- അല്ലാഹു നമുക്ക് അവതരിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു.

ഖുര്‍ആനില്‍ ഏതാണ്ട് അവസാനമായി ഇറങ്ങിയ ആയത്ത് കാണുക : "ഇന്നേ ദിവസം നിങ്ങള്‍ക്കായുള്ള ദീനിനെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമാക്കിയിരിക്കുന്നു. എന്‍റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തരികയും ചെയ്തിരിക്കുന്നു. ആ ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ദീനായി നാം തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു" [മാഇദ]. ആ ദീനിനെ പൂര്‍ണ്ണമായ രൂപം മുഹമ്മദ്‌ നബി (സ) കാണിച്ചു തന്നു. അതിനാല്‍ ഇസ്ലാം ദീന്‍ ശരിയായി ആചരിക്കണമെന്നുള്ളവര്‍ പ്രവാചകനെ പിന്‍പറ്റി ജീവിക്കുക. "റസൂല്‍ കൊണ്ട് വന്നത് സ്വീകരിക്കുക. അദ്ദേഹം നിരോധിച്ചത് ഉപേക്ഷിക്കുക!" [ഹശ്'ര്‍]. ഇങ്ങനെ ജീവിക്കുന്നതിനേ 'ഇസ്‌ലാം ദീന്‍ അനുസരിച്ചു ജീവിക്കുക' എന്ന് പറയുകയുള്ളൂ.

അല്ലാഹുവിന്‍റെ ദീനില്‍ അല്ലാഹുവും റസൂലും നിശ്ചയിച്ചു തന്നിട്ടില്ലാത്ത കാര്യങ്ങള്‍ കടന്നുകൂടിയാല്‍ അവയ്ക്കാണ് ബിദ്അത്ത് എന്ന് പറയുന്നത്. ആരെങ്കിലും അങ്ങനെയുള്ള വല്ലതും ദീനില്‍ ഉണ്ടാക്കിയാല്‍ -അതെത്ര ഉപകാരപ്രദമായ കാര്യങ്ങളായിരുന്നാലും ശരി- കടുത്ത കുറ്റവും ധിക്കാരവും തള്ളിക്കളയേണ്ടതായ ദുഷ്കൃത്യവുമാണെന്നതില്‍ ഒരു മുസ്‌ലിമിന് ഒട്ടും സംശയിക്കാനില്ല. കാരണം വളരെ വ്യക്തമാണ്. ദീനില്‍ ആചാരങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം അല്ലാഹുവിനും റസൂലിനുമാകയാല്‍ അവരുടെ അവകാശത്തില്‍ കൈ കടത്തുകയാണ് സ്വന്തമായി ആചാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നവര്‍ അത് മുഖേന ചെയ്യുന്നത്. മാത്രവുമല്ല, 'ഇസ്‌ലാം ദീന്‍ പൂര്‍ണ്ണമാക്കിത്തന്നു' എന്ന് ഖുര്‍ആന്‍ പറഞ്ഞത് കള്ളമാണെന്ന് വാദിക്കുന്നതിനു തുല്യവുമാണ് ആ പ്രവൃത്തി. അത്കൊണ്ടാണ് വളരെ ഗൌരവസ്വരത്തില്‍ നബി (സ) പലരൂപത്തില്‍ തറപ്പിച്ചു പറഞ്ഞത് :

"നമ്മുടെ ഈ (ദീന്‍) കാര്യത്തില്‍ അതില്‍പ്പെടാത്ത വല്ലതും വല്ലവനും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപെടെണ്ടതാണ്" [ബുഖാരി,മുസ്ലിം].

"നമ്മുടെ കല്പനയില്ലാത്ത വല്ല 'അമലും' ആരെങ്കിലും ചെയ്‌താല്‍ അത് തള്ളപെടെണ്ടതാണ്" [മുസ്ലിം].

by ചെറിയമുണ്ടം അബ്ദുര്‍റസാക്ക് @ ബിദ്അത്ത് വ്യാപ്തിയും കെടുതിയും from യുവത ബുക്സ്