വഴിയിലെ ഉപദ്രവം നീക്കല്‍

നബി (സ) പറഞ്ഞു : "ഈമാന് 70ല്‍ പരം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വചനവും, ഏറ്റവും താഴ്ന്ന പടിയിലുള്ളത് വഴിയില്‍ നിന്നും ഉപദ്രവം നീക്കലുമാണ്. നാണം ഈമാനിന്‍റെ ഒരു ശാഖയാണ്".

ഇസ്ലാമിലെ മൂന്നു മേഖലകള്‍ സ്പര്‍ശിച്ചിട്ടുണ്ട് ഈ ഹദീസില്‍. 1.വിശ്വാസമേഖല, 2.കര്‍മ്മമേഖല, 3.സ്വഭാവമേഖല. ഇവയ്ക്കു ഓരോ ഉദാഹരണങ്ങളും നബി (സ) എടുത്തുദ്ധരിച്ചിരിക്കുന്നു. വഴിയില്‍ നിന്നും ഉപദ്രവം നിര്‍മാര്‍ജനം ചെയ്യുക എന്നത് കര്‍മ്മപരമായ വിഷയമാണ്.

"വേസ്റ്റുകള്‍ തൂക്കിയെടുക്കും, ഒരു കിലോ ഒരു രൂപ" എന്നൊരു ബോര്‍ഡ് പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഒരു ദിനം പ്രത്യക്ഷപ്പെട്ടുവെന്നു കരുതുക. അയല്‍വാസികളുടെ വേസ്റ്റുകള്‍ പോലും അപഹരിച്ചു നാം ഒരു പക്ഷെ ഈ ഓഫീസുകളുടെ മുന്നില്‍ ക്യു നില്‍ക്കും. എന്നാല്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‍റെ പരലോക പ്രതിഫലത്തില്‍ ഇന്ന് നാം എത്ര കണ്ട ആകൃഷ്ടരാകുന്നുണ്ട്?

മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നവനെ മുസ്ലിമായി ഇസ്‌ലാം കണക്കാക്കുന്നില്ല. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഇസ്‌ലാം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന രൂപത്തില്‍ വൃക്ഷം നട്ടുവളര്‍ത്തുന്നത് അംഗീകരിക്കുന്നില്ല. വീട്ടുമുറ്റത്ത് വെച്ച മരം വളര്‍ന്നു ശാഖകള്‍ തന്‍റെ അതിര്‍ത്തിവിട്ടു അയല്‍വീട്ടിലേക്കോ റോഡിലെക്കോ വളര്‍ന്നു പന്തലിച്ചിട്ടുണ്ടെങ്കില്‍ അത് അയല്‍വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഉപദ്രവമുണ്ടാക്കില്ലെന്നു ഉറപ്പു വരുത്തണം. ഉപദ്രവമെങ്കില്‍ ആ വൃക്ഷശാഖ മുറിക്കല്‍ മുസ്ലിമിന്‍റെ ബാധ്യതയാണ്. വൃക്ഷം നടുമ്പോള്‍ തന്നെ ദീര്‍ഘദൃഷ്ടിയുണ്ടാവണം.

ഓരോ വ്യക്തികളും അവരവരുടെ വസതിയുടെ മുന്‍ഭാഗത്തെ വഴിയും അഴുക്കുചാലും വൃത്തിയാക്കാന്‍ സന്നദ്ധമായാല്‍ നമ്മുടെ നാടിന്‍റെ പല ദിക്കിലെയും വൃത്തിഹീനമായ അവസ്ഥ പരിഹരിക്കാവുന്നതെയുള്ളൂ. പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ അവരുടെ ജോലി നിര്‍വഹിക്കുന്നതിന് വിഘാതമാവാത്ത രൂപത്തില്‍ അവര്‍ക്ക് കൈതാങ്ങ് നല്‍കിക്കൂടെ. പരലോക പ്രതിഫലം ലഭിക്കുന്ന കാര്യമാണെന്നോര്‍ക്കുക!

അഴുക്കു ചാലുകള്‍ മാലിന്യമിടുന്ന കുപ്പകളായി ജനങ്ങളില്‍ പലരും മനസ്സിലാക്കി വച്ചതിനാല്‍ വീട്ടിനകത്തെ വേസ്റ്റും കാനയിലാണ് നിക്ഷേപിച്ചു വരുന്നത്. ഇതിനു മാറ്റമുണ്ടാകണം. മസ്ജിദുകളില്‍ നിന്നാണ് വൃത്തിയുടെയും മാലിന്യനിര്‍മാര്‍ജനത്തിന്‍റെയും പാഠങ്ങള്‍ മുസ്ലിംകള്‍ക്ക് ലഭിക്കേണ്ടത്. മുതവല്ലിമാര്‍ നേതൃത്വം കൊടുത്തു പള്ളി പരിസരം മാലിന്യമുക്തമാക്കാന്‍ ശ്രമമുണ്ടാകണം. മാര്‍ഗതടസ്സങ്ങളായിട്ടുള്ള കല്ലും മുള്ളും ചില്ലും വഴിയില്‍ നിന്നും മാറ്റുക എന്നത് മാത്രമല്ല മേല്‍ ഹദീസിന്‍റെ താല്പര്യമെന്ന് മനസ്സിലാക്കണം. വഴിയില്‍ ഒരു കുഴിയുണ്ടെങ്കില്‍ അതില്‍ കല്ലും മണ്ണും ഇട്ടു നിരപ്പാക്കലും ഉപദ്രവ നിര്‍മാര്‍ജനം തന്നെയാണ്.

വഴിയിലും വരാന്തയിലും കൂട്ടംകൂടി നിന്നുള്ള സംസാരം അതിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് തടസ്സമാകുന്നുവെങ്കില്‍ നമ്മളാണ് അവിടത്തെ മാര്‍ഗതടസ്സം. നമ്മള്‍ അവിടന്ന് മാറലാണ് വഴിയില്‍ നിന്നും ഉപദ്രവം നീക്കല്‍. കല്യാണഹാളുകളില്‍ വിവാഹസദ്യക്ക് പങ്കെടുക്കാന്‍ കാറുകളില്‍ വരുന്നവര്‍ ശ്രദ്ധിച്ചു പാര്‍ക്ക് ചെയ്യാത്തത് കൊണ്ട് പലയിടങ്ങളിലും വാഹനങ്ങള്‍ ബ്ലോക്കാവുന്നത് കണ്ടിട്ടുണ്ട്. അതുപോലെ നഗരങ്ങളില്‍ ട്രാഫിക്ക് ജാം ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം സ്വാര്‍ത്ഥതയാണെന്ന് മനസ്സിലാക്കാവുന്നതാണ്. എല്ലാവര്‍ക്കും ആദ്യം ഉദ്ദേശ്യ സ്ഥലത്തെത്തണം. ട്രാഫിക്ക് നിയമങ്ങള്‍ അവിടെ പാലിക്കപ്പെടുന്നില്ല. അത് നിമിത്തം ആര്‍ക്കും ഉദ്ദേശിച്ച സമയത്ത് എത്താന്‍ കഴിയുന്നില്ല. നിയമങ്ങള്‍ പാലിക്കുകയാനെങ്കില്‍ സുഗമമായി എല്ലാവര്‍ക്കും എത്താന്‍ സാധിക്കും. ഉപദ്രവവും തടസ്സവുമില്ലാത്ത രൂപത്തില്‍ തെരുവ് വീഥികള്‍ സംവിധാനിക്കേണ്ട ആവശ്യകതയും ഈ ഹദീസ് വിളിച്ചോതുന്നുണ്ട്.

by മുസ്തഫ കൊച്ചിന്‍ @ പുടവ മാസിക