അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യുക

സര്‍വശക്തനും കരുണാമയനുമായ ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചു അവനില്‍ സര്‍വസ്വവും അര്‍പ്പിക്കുന്ന മനുഷ്യന് എന്തൊരു മനസ്സമാധാനമാണ് അനുഭവപ്പെടുക! പ്രതിസന്ധികളില്‍ രക്ഷകനായി തന്നോടൊപ്പം സദാ ദൈവമുണ്ടെന്ന വിശ്വാസം മനുഷ്യന് ധൈര്യവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു. പക്ഷെ, ഇത്തരം ഘട്ടങ്ങളില്‍ അധികമാളുകളും അന്ധവിശ്വാസങ്ങളാകുന്ന ഇരുട്ടില്‍ തപ്പുന്നവരാണ്. ലോകത്ത് സംഭവിക്കുന്ന കൊലപാതകങ്ങള്‍, ചൂഷണങ്ങള്‍, മനോരോഗങ്ങള്‍ തുടങ്ങിയ പലതിനും കാരണം അന്ധവിശ്വാസങ്ങളാണ്. ഈ പ്രപഞ്ചം സ്വയംഭൂ അല്ലെന്നും ഇതിനെ സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പരാശക്തിയുണ്ടെന്നുമുള്ള വിശ്വാസം യുക്തിസഹവും പ്രകൃതിയുടെ അനിവാര്യതയുമാണ്‌. അഭൌതികമായ നിലക്ക് മനുഷ്യന് ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയുന്നത്‌ ദൈവത്തിനു മാത്രമാണ്. അത് കൊണ്ട് മനുഷ്യന്‍ അവനോടു മാത്രമേ പ്രാര്‍ഥിക്കാവൂ. അവനു മാത്രമേ ആരാധനകള്‍ അര്‍പ്പിക്കാവൂ. എങ്കിലും മനുഷ്യന്‍ പല ദുശക്തികളിലും വിശ്വസിക്കുകയും അവയെ പ്രീതിപ്പെടുത്താന്‍ പല വഴികള്‍ തേടുകയും ചെയ്യുന്നു. മരണപ്പെട്ട മഹാന്മാര്‍ക്ക് ദൈവത്തിങ്കല്‍ ശിപാര്‍ശ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അവരുടെ ശവകുടീരത്തില്‍ നേര്‍ച്ചകളും പൂജകളും നടത്തുന്നു.

പിശാച്, വേദഗ്രന്ഥങ്ങളില്‍ വെളിപ്പെടുത്തപ്പെട്ട ഒരു യാഥാര്‍ത്യമാണ്. ആദ്യമനുഷ്യനെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിലക്കപ്പെട്ട കനി തിന്നാന്‍ പ്രചോദിപ്പിച്ചത് പിശാചത്രേ. മനുഷ്യമനസ്സില്‍ തെറ്റായ ചിന്തകളും വികാരങ്ങളും ജനിപ്പിച്ചു അവനെ വഴിതെറ്റിക്കുകയാണ് പിശാചിന്‍റെ ദൌത്യം. പിശാചിന് ഭൌതികമായ ഉപദ്രവങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ജനം തെറ്റിദ്ധരി ച്ചിരിക്കുന്നു. ആഭിചാരവും സിഹ്'റും നടത്തി ശത്രുസംഹാരം സാധ്യമാണെന്ന വിശ്വാസം മനുഷ്യബന്ധങ്ങളില്‍ എത്ര വിള്ളലാണ് ഉണ്ടാക്കിയി രിക്കുന്നത്!

യുക്തിയുടെയും കാര്യകാരണബന്ധങ്ങളുടെയും പിന്‍ബലമില്ലാത്ത പല വിശ്വാസങ്ങളും സമൂഹത്തില്‍ നിലവിലുണ്ട്. കണ്ണേര്, ഗൌളിശാസ്ത്രം, കരിനാവ്, കൈനോട്ടം, പക്ഷിലക്ഷണം തുടങ്ങിയവ അതില്‍ ചിലത് മാത്രം. നക്ഷത്രങ്ങളെയും ഗ്രഹങ്ങളേയും ആധാരമാക്കിയാണ് മനുഷ്യന്‍റെ പെരുമാറ്റങ്ങളും സംഭവങ്ങളും എന്ന് വിശ്വസിക്കുന്നവര്‍ ജ്യോതിഷത്തിനു ശാസ്ത്രത്തിന്‍റെ മുഖാവരണം നല്‍കുന്നു. മനുഷ്യന് ദിവ്യത്വം കല്‍പ്പിക്കുന്ന പ്രവണതയും ഇന്ന് സര്‍വവ്യാപകമാണ്. അന്ധവിശ്വാസങ്ങള്‍ എന്ത് മാത്രം പ്രയാസമാണ് മനുഷ്യന് വരുത്തിവെക്കുന്നത്. മനസ്സിന്‍റെ സ്വസ്ഥത കെടുത്തുകയും ജനങ്ങളുടെ വിശ്വാസത്തെയും വിവരമില്ലായ്മയെയും ചൂഷണം ചെയ്യാന്‍ സിദ്ധന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ആത്മീയനേതൃത്വം അവകാശപ്പെടുന്നവര്‍ക്കും അവസരമേകുകയും ചെയ്യുന്നു.

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) സാമൂഹ്യ പരിഷ്കരണം ആരംഭിച്ചത് തന്നെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചായിരുന്നു. ഏകനും സര്‍വശക്തനുമായ ദൈവത്തിനൊഴികെ, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും മഹത്വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ അസാധാരണത്വം കല്‍പ്പിക്കുന്നതും ആരാധന നടത്തുന്നതും അദ്ദേഹം നിരോധിച്ചു. ജ്യോല്‍സ്യന്മാരെയും പ്രവചനക്കാരെയും സമീപിക്കുന്നതും അവരെ വിശ്വസിക്കുന്നതും പാപമായി വിധിച്ചു. നബിയുടെ പുത്രന്‍ മരണപ്പെട്ട ദിവസത്തില്‍ സൂര്യഗ്രഹണം ഉണ്ടായപ്പോള്‍ അത് സൂര്യന്‍റെ ദുഖാചരണമാണെന്നു വിശ്വസിച്ച ജനങ്ങളെ അദ്ദേഹം ഉടനെ തിരുത്തി. ദൈവത്തിലും അവന്‍റെ പ്രകൃതിനിയമത്തിലുമുള്ള വിശ്വാസം പ്രേത-ഭൂതങ്ങളെയോ, ജിന്ന്-ശൈതാന്മാരെയോ ഒന്നും ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാന്‍ മനുഷ്യന് അവസരം നല്‍കുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ ദൈവത്തോട് മാത്രം പ്രാര്‍ഥിക്കുക. രോഗങ്ങള്‍ സുഖപ്പെടാന്‍ ദൈവത്തെയും മരുന്നിനെയും മാത്രം ആശ്രയിക്കുക.

പ്രസിദ്ധ ചിന്തകനായ ഫീല്‍ടിംഗ് പറഞ്ഞത് എത്ര വാസ്തവം! 'അന്ധ വിശ്വാസങ്ങള്‍ മനുഷ്യനെ വിഡ്ഢിയാക്കുന്നു. നാസ്തികത്വം അവനെ ഭ്രാന്തനുമാക്കുന്നു'.

by മുഹമ്മദ്‌ കുട്ടശേരി @ ജീവിതം സന്തോഷപ്രദമാകാന്‍ from യുവത ബുക്സ്