വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍

നിക്കാഹിനോടനുബന്ധിച്ച്‌ വധൂരവന്മാരെയും അവിടെ ഒരുമിച്ചു കൂടിയവരെയും ബോധവത്‌കരിക്കാനുതകുന്ന ഒരു പ്രസംഗം നടത്തുക, വിവാഹസദ്യ നല്‍കുക, നിക്കാഹ്‌ പരസ്യമാക്കുക, ഇണകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക എന്നിവ നിക്കാഹിന്റെ മര്യാദകളില്‍ പെട്ടതാണ്‌. ഭര്‍ത്താവ്‌ ഭാര്യയില്‍ നിന്ന്‌ അവര്‍ മുഖേന തനിക്ക്‌ നന്മ ലഭിക്കാനും അവളിലൂടെ തിന്മ ഉണ്ടാവാതിരിക്കാനും അല്ലാഹുവോട്‌ രക്ഷചോദിക്കണം. ഇരുവരും അല്ലാഹുമ്മ ജന്നിബ്‌നാ ശ്ശൈത്വാന്‍... എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലുകയും അവര്‍ക്കിടയിലുള്ള രഹസ്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുകയും വേണം.

ഒരു സ്‌ത്രീക്ക്‌ അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന പുരുഷനോട്‌ ഭക്ഷണം, പാര്‍പ്പിടം, ലൈംഗികാവശ്യം, ചികിത്സ മുതലായ കാര്യങ്ങളില്‍ നിബന്ധനകള്‍ വെക്കാവുന്നതാണ്‌. അയാള്‍ക്ക്‌ ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ മറ്റു ഭാര്യമാരുടെ അവകാശങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള വ്യവസ്ഥകള്‍ വെക്കാന്‍പാടില്ല. ഭാര്യയെന്ന നിലയില്‍ അവള്‍ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ അവള്‍ക്ക്‌ ഭര്‍ത്താവുമായുള്ള ബന്ധം ഒഴിവാക്കാം.

രക്തബന്ധം, മുലകുടിബന്ധം, വൈവാഹികം എന്നീ കാരണങ്ങളാല്‍ ചിലര്‍ക്ക്‌ ചിലരുമായി വിവാഹം നടത്താന്‍ മതപരമായി പാടില്ലാത്തതാണ്‌. രക്തബന്ധം കൊണ്ട്‌ വിവാഹംകഴിക്കാന്‍ പാടില്ലാത്തവരെ ആരെല്ലാമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീപുത്രിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ നിങ്ങള്‍ക്ക്‌ (വിവാഹംചെയ്യല്‍) നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരും. (അവരെ വിവാഹംചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വിവാഹം കഴിക്കുന്നത്‌) നിങ്ങള്‍ക്ക്‌ കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന്‌ പിറന്ന പുത്രന്മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടു സഹോദരിമാരെ ഒന്നിച്ചു ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു;) മുമ്പ്‌ ചെയ്‌തുപോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായികുന്നു.'' (മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്‌ത്രീകളും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്‌ത്രീകള്‍) ഒഴികെ....'' (വി.ഖു. 4:23,24)

ഇസ്‌ലാം വിവാഹനിയമങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നതിനു മുമ്പായി ജാഹിലിയ്യ കാലഘട്ടത്തില്‍ മേല്‍ സൂചിപ്പിച്ച സ്‌ത്രീകളെയെല്ലാം ലൈംഗിക വേഴ്‌ചയ്‌ക്കായി ഉപയോഗിക്കുന്നതു കൊണ്ടാകാം സുതാര്യമായ ഇത്തരം നിയമങ്ങളിലൂടെ ഇസ്‌ലാം മനുഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തിയത്‌.

വിവാഹബന്ധം നിമിത്തം നിക്കാഹ്‌ ചെയ്യാന്‍ പാടില്ലാത്തത്‌ ഇവരാണ്‌: 1). പിതാവിന്റെ ഭാര്യ അഥവാ എളാമ. 2) മകന്റെ ഭാര്യ അഥവാ മരുമകള്‍. 3) ഭാര്യയുടെ ഉമ്മ അഥവാ അമ്മായിമ്മ. 4) ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ട ഭാര്യയുടെ മുന്‍ ഭര്‍ത്താവിലുള്ള മകളും ഭാര്യയുടെ മുന്‍ ഭര്‍ത്താവിലുള്ള മകന്റെ മകളും. വൈവാഹിക ബന്ധം മൂലം ഒരാള്‍ക്ക്‌ സ്വന്തം മാതാവിന്റെയോ മകളുടെയോ ഉമ്മയുടെയോ സ്ഥാനത്ത്‌ സങ്കല്‌പിക്കാവുന്ന അടുപ്പം ഇത്തരക്കാര്‍ക്ക്‌ ഉണ്ടാകുന്നതുകൊണ്ടാണ്‌ ഇവരെ നിക്കാഹ്‌ ചെയ്യല്‍ നിഷിദ്ധമാക്കിയത്‌.

മുലകുടിബന്ധം കാരണമായി വിവാഹം ചെയ്യാന്‍ പാടില്ലാത്തതില്‍ രക്തബന്ധത്തിലൂടെ പാടില്ലെന്ന്‌ പറഞ്ഞവര്‍ക്കു പുറമെ മുലയൂട്ടിയ സ്‌ത്രീയും അവര്‍ക്കുള്ള മക്കളും പെടുന്നതാണ്‌. മുലയൂട്ടിയ സ്‌ത്രീയുടെ ഭര്‍ത്താവ്‌ ഈ കുട്ടിയുടെ പിതാവിനെ പോലെയും മക്കളെ ഈ കുട്ടിയുടെ സഹോദര സഹോദരിമാരെപ്പോലെയും ഗണിക്കപ്പെടും. മുലകുടിബന്ധം നിമിത്തം വിവാഹം നിരോധിതമാകണമെങ്കില്‍ ചുരുങ്ങിയത്‌ അഞ്ചു പ്രാവശ്യം വ്യത്യസ്‌ത ഘട്ടങ്ങളിലായി കുട്ടിയുടെ ദാഹം തീര്‍ക്കുംവിധം മുലയൂട്ടണം. അതില്ലാതെ ഒന്നോ രണ്ടോ പ്രാവശ്യം ഭാഗികമായി അല്‌പം മാത്രം കുടിപ്പിച്ചാല്‍ അത്‌ നിക്കാഹിനെ വിലക്കുന്നില്ല.

വിവാഹബന്ധം, മുലകുടി ബന്ധം എന്നിവയിലൂടെ ഒരാള്‍ക്ക്‌ വിവാഹം കഴിക്കാന്‍ പാടില്ലാത്തവരെപ്പറ്റി സൂചിപ്പിച്ചെങ്കിലും അവര്‍ക്ക്‌ സ്വത്തില്‍ അവകാശമുണ്ടാവില്ല. ഉദാഹരണമായി ഒരാളുടെ ഭാര്യയുടെ മാതാവ്‌ അയാളുടെ സ്വത്തില്‍ അവകാശിയാവില്ല. അതുപോലെ തന്നെ മുലയൂട്ടിയ മാതാവോ അവരുടെ ഭര്‍ത്താവോ മക്കളോ മുലകുടിച്ച കുട്ടിയുടെ സ്വത്തില്‍ അവകാശികളാവില്ല. മുലകുടിച്ച കുട്ടി അവരുടെ സ്വത്തിലും അവകാശിയല്ല. പരസ്‌പരം സ്‌പര്‍ശിക്കുക, കൂടെ യാത്ര ചെയ്യുക മുതലായവ അനുവദിക്കുന്നു എന്നല്ലാതെ വിവാഹം കഴിക്കാന്‍ പാടില്ലാത്തവര്‍ തമ്മില്‍ സ്വത്തില്‍ ഓഹരിയുള്ളവരാവുകയില്ലെന്ന്‌ സാരം. രണ്ടു സഹോദരിമാരെ ഒരേ സമയം ഒരാള്‍ ഭാര്യാമാരാക്കരുതെന്ന്‌ പറയുമ്പോള്‍ അതിലെ ഒരു സഹോദരിയുടെ കൂടെ അയാള്‍ക്ക്‌ തനിച്ചു യാത്ര ചെയ്യാമെന്നോ അവളുമായി സ്‌പര്‍ശനം ആകാമെന്നോ കരുതരുത്‌. അതായത്‌ വിവാഹം പാടില്ലെന്ന്‌ മതം നിര്‍ദേശിച്ച എല്ലാവരും തമ്മില്‍ തമ്മില്‍ മറ്റു വിലക്കുകളൊന്നും ഇല്ലാത്ത വിധം ഇടപഴകാന്‍ പാടുള്ളവരാണെന്ന്‌ തെറ്റിദ്ധരിക്കാതിരിക്കാനാണിത്രയും സൂചിപ്പിച്ചത്‌.

by അബ്‌ദുല്‍അലി മദനി @ ശബാബ്