നന്മ കല്‍പ്പിക്കുന്നവര്‍ കണ്ണാടിയാവണം

"നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?" [അദ്ധ്യായം 2 : 44].

നന്മതിന്മകള്‍ നിറഞ്ഞതാണ്‌ ലോകം. ശുദ്ധമായ പ്രകൃതിയില്‍ പിറക്കുന്ന മനുഷ്യരെ തിന്മകളുടെ ലോകത്തേക്കാനയിക്കാന്‍ പിശാച് സദാ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. സദ്‌പ്രവര്‍ത്തനങ്ങളുടെ വഴി തെരെഞ്ഞെടുക്കേണ്ടവരാണ് മനുഷ്യര്‍. നന്മകള്‍ക്ക് വേണ്ടി നിലകൊള്ളുക, തിന്മകള്‍ക്കെതിരെ ശബ്ദ മുയര്‍ത്തുക എന്നിവ മുസ്‌ലിം ഉമ്മതിന്‍റെ ഉത്തരവാദിത്തങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഒരു കൂട്ടര്‍ നല്ല സമൂഹമാവുക, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുമ്പോഴാണെന്നു ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.

സമൂഹം നന്നാവണമെങ്കില്‍ വ്യക്തികളില്‍ നിന്ന് തുടക്കം കുറിക്കണം. സ്വന്തം ജീവിതത്തില്‍ നന്മ ഉള്‍ക്കൊണ്ടവന് മാത്രമേ അത് വേണ്ടവിധം പ്രതിഫലിക്കാന്‍ കഴിയൂ. സ്വയം നന്നാവുക എന്നതാണ് നന്മയുടെ ആദ്യ പാഠം. സ്വയം മാറാത്തവനു മറ്റാരെയും മാറ്റിയെടുക്കാനാവില്ല. തിന്മകളിലൂടെ നടന്നു നീങ്ങുകയും മറ്റുള്ളവരോട് നന്മകളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. അതിനൊരിക്കലും ഫലപ്രാപ്തി ലഭിക്കുകയില്ല.

മുഹമ്മദ്‌ നബി (സ)യുടെ മാതൃകാപരമായ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രബോധനം. സര്‍വ നന്മകളുടെയും സമ്മേളനം ആ ജീവിതത്തിലുണ്ടായിരുന്നു. ഖുര്‍ആനിന്‍റെ മുഴുവന്‍ സല്‍ഗുണങ്ങളും ഉള്‍ക്കൊണ്ട ആ ജീവിതത്തിലെ രഹസ്യവും പരസ്യവും ശുദ്ധമായിരുന്നു. പ്രവാചകന്‍റെ രഹസ്യജീവിതത്തെക്കുറിച്ച് ഏറ്റവും അധികം അടുത്തറിയുന്ന പത്നി ആയിശ (റ) പോലും ഈ സ്വഭാവത്തെ എടുത്തു പറയുന്നുണ്ട്.

സ്വന്തം ജീവിതത്തില്‍ നന്മകള്‍ ഉള്‍ക്കൊള്ളാതെ ജനങ്ങളോട് സാരോപദേശം നടത്തുന്നത് മഹാപാപമായാണ് ഖുര്‍ആന്‍ കാണുന്നത്. "സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു" [അദ്ധ്യായം 61 :2 3].

വേദഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നവര്‍ നന്മതിന്മകളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കിയവരാണ്. എന്നിട്ടും സ്വന്തം ജീവിതത്തില്‍ നന്മകളില്ലാതെപ്പോകുന്നത് പരലോകചിന്ത ഒട്ടും ഉള്ളിലില്ലാത്തത് കൊണ്ടാണല്ലോ. ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുന്നവര്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ്‌ നടത്തുക. അതിന്‍റെ നേട്ടം വലുതാണ്‌. മറിച്ചാണെങ്കില്‍ ലഭിക്കുന്ന ശിക്ഷ അതികഠിനവും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ... [ആമീന്‍]

by അബ്ദു സലഫി @ പുടവ മാസിക