ആദരിക്കേണ്ട മാതൃത്വം

മാതൃത്വമെന്ന സത്യം ഈ പ്രപഞ്ചത്തിലെ പരമസത്യങ്ങളുടെ കൂടെ എണ്ണപ്പെടുന്നു. ആദരിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമായ ഒന്നാണത്. മനുഷ്യബന്ധങ്ങളുടെ കൂട്ടത്തില്‍ ഉന്നതവും അത്യുല്‍കൃഷ്ടവുമാണത്‌. രക്തധമനികളാല്‍ ബന്ധിതമാണത്‌. അവരുടെ വയറിലാണ് നമ്മുടെ ജീവന്‍ ആദ്യമായി തുടിച്ചത്‌. നാം അവിടമാണ് വിശ്രമിച്ചത്. വിഷപ്പടക്കിയതും വിസര്‍ജ്ജിച്ചതുമൊക്കെ അവിടെത്തന്നെ. വളര്‍ന്നതും വലുതായതും അവരുടെ മടിത്തട്ടിലാണ്. അവരുടെ മാറ് നമുക്ക് പാനവും പേയവുമായിരുന്നു.

നമ്മുടെ വിശ്രമത്തിന് വേണ്ടി അവര്‍ പരിശ്രമിച്ചു. നമ്മുടെ ഉറക്കത്തിനായി അവര്‍ ഉറക്കമൊഴിച്ചു. നമുക്ക് വേണ്ടി അവര്‍ പലതും ത്യജിച്ചു. ത്യാഗത്തിന്‍റെ തീച്ചൂളയില്‍ അവര്‍ നമുക്ക് വേണ്ടി വെന്തുരുകി. നമുക്ക് വേണ്ടി അവര്‍ വേദനിച്ചു. നമ്മുടെ പ്രയാസങ്ങളില്‍ അവര്‍ വിഷമിച്ചു. നമ്മുടെ സന്തോഷ-സന്താപ വേളകള്‍ അവര്‍ക്കും അതുതന്നെ സമ്മാനിച്ചു.

അല്ലാഹു പറയുന്നു : "തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.

അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്‌" [46 അഹ്ഖാഫ് 15,16].

മാതൃത്വത്തെ ആദരിക്കുന്ന, സ്നേഹിക്കുന്ന, അതു അംഗീകരിക്കുന്ന ഒരു നല്ല മനുഷ്യന്‍റെ മനോഗതമാണിത്. എത്ര മനോഹരമായാണ് അല്ലാഹു ഇത് നമ്മെ അറിയിച്ചിരിക്കുന്നത്.

മാതൃത്വവും പിതൃത്വവും ഒരു പോലെ ആദരിക്കപ്പെടേണ്ടതു തന്നെ. പക്ഷെ, മൂന്നുപടി മുന്നില്‍ നില്‍ക്കുന്നത് എന്ത് കൊണ്ടും മാതൃത്വം തന്നെയാണ്. പ്രവാചകന്‍റെ ഇവ്വിഷയകമായ പരാമര്‍ശം അതാണ്‌ നമ്മെ അറിയിക്കുന്നത്. ഒരിക്കല്‍ പ്രവാചകന്നരികില്‍ ഒരാള്‍ വന്നു ഇപ്രകാരം ചോദിച്ചു : 'അല്ലാഹുവിന്‍റെ ദൂതരെ, എന്‍റെ നല്ല പെരുമാറ്റത്തിന് ജനങ്ങളില്‍ ഏറ്റവും അവകാശപ്പെട്ടത് ആരാണ്? പ്രവാചകന്‍ (സ) പറഞ്ഞു : നിന്‍റെ ഉമ്മ. അദ്ദേഹം ചോദിച്ചു : പിന്നെ ആരാണ്? നബി (സ) പറഞ്ഞു : നിന്‍റെ ഉമ്മ. അദ്ദേഹം വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും പ്രവാചകന്‍ നിന്‍റെ ഉമ്മ എന്നു പറഞ്ഞു. ശേഷം ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു : നിന്‍റെ ഉപ്പ' [ബുഖാരി, മുസ്‌ലിം].

തന്‍റെ മാതാവിനോടുള്ള മനുഷ്യന്‍റെ കടപ്പാട് എത്രമാത്രം അധികരിച്ചതാണെന്ന് ഈ മറുപടികളില്‍ നിന്നും വ്യക്തമാണ്. അത്രയ്ക്ക് മഹനീയമാണ്‌ മാതൃത്വം. അങ്ങേയറ്റം ആദരണീയവുമാണത്. മാതൃ മടിത്തട്ടാണ് ആദ്യ വിദ്യാലയമെന്നതും, സ്വര്‍ഗം മാതൃപാദങ്ങള്‍ക്കടിയിലാണ് സ്ഥിതിചെയ്യുന്നത് എന്ന തത്വവും എത്ര സത്യമാണ്! ഇതിനെല്ലാമുള്ള നന്ദിയായി മരണംവരെ നാം അവരെ ആദരിച്ചാനന്ദിപ്പിക്കണം. മരണാനന്തരം അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.

by സഈദ് ഫാറൂഖി @ മാതാപിതാക്കളും മക്കളും from യുവത ബുക്ക്സ്