സന്താന നിയന്ത്രണം ഇസ്ലാമില്‍

ഇസ്‌ലാം ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നു. ദാരിദ്ര്യം ഭയന്ന്‌, വിഭവനഷ്‌ടം മുന്നില്‍ കണ്ട്‌ മനുഷ്യജന്മത്തിന്‌ തടസ്സങ്ങളുന്നയിക്കുന്നത്‌ മഹാപാതകമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ജീവിച്ചിരിക്കുന്ന സന്താനങ്ങളെയോ ജീവിക്കാനിരിക്കുന്നവരെയോ ഒരു തരത്തിലുമുള്ള `കൊല'ക്ക്‌ വിധേയമാക്കരുതെന്ന്‌ ശക്തമായി താക്കീത്‌ നല്‌കുകയാണ്‌ ഇസ്‌ലാം. ``ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‌കുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ (യുദ്ധം പ്രതിക്രിയാശിക്ഷ പോലുള്ള സന്ദര്‍ഭങ്ങള്‍) നിങ്ങള്‍ ഹനിച്ച്‌ കളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി, അവന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ ഉപദേശമാണത്‌ (6:151)

ഈ വചനത്തിലെ മിന്‍ ഇംലാക്വ്‌ എന്ന പദപ്രയോഗം നിലവിലുള്ള ദാരിദ്ര്യ ഭീഷണി നിമിത്തം കൊല്ലരുത്‌ എന്ന സൂചനയും മറ്റൊരു വചനത്തില്‍ (17:31) ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊല്ലരുത്‌ (ഖശ്‌യത്തി ഇംലാക്വിന്‍) എന്ന താക്കീതും നല്‍കുന്നു. ``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം)

സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍.

വിഭവ നഷ്‌ടമോ ഉപജീവനത്തെ കുറിച്ച ആശങ്കയോ നിമിത്തം വിവാഹബന്ധത്തില്‍ നിന്ന്‌ പിന്മാറുന്ന സമീപനവും ഇസ്‌ലാം പ്രോത്സാഹപ്പിക്കുന്നില്ല. ധര്‍മനിഷ്‌ഠയില്‍ കുടംബജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ മഹാ ഔദാര്യത്തിന്റെ ഭാഗമായി ഐശ്വര്യം പ്രദാനംചെയ്യുമെന്ന്‌ മതം പഠിപ്പിക്കുന്നു. ഭാര്യയുടെ അനാരോഗ്യം പോലുള്ള കാരണങ്ങളാല്‍ സന്താനനിയന്ത്രണം അനിവാര്യമാണെന്ന്‌ വരുന്ന ഘട്ടത്തില്‍ അത്‌ ചെയ്യുന്നതിന്‌ മതം എതിരല്ല. മറിച്ച്‌ അനാവശ്യമായ ആശങ്കയുടെ നൂലിഴകളില്‍ ജനന നിയന്ത്രണം `ആസൂത്രണം' ചെയ്യുന്നതാണ്‌ ഇസ്‌ലാം വിലക്കുന്നത്‌.

പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താനാണ്‌. അവയെ വ്യവസ്ഥപ്പെടുത്തി ഉപയോഗക്ഷമമാക്കേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ഈ ദൗത്യനിര്‍വഹണത്തില്‍ നിന്ന്‌ പിന്‍മാറുകയും കൃഷിയോഗ്യ ഭൂമിയെ ചതുപ്പു നിലങ്ങളും കോണ്‍ക്രീറ്റ്‌ കാടുകളുമാക്കി വരുംതലമുറക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ ഗൗരവത്തോടെ താക്കീത്‌ നല്‌കുന്നു. ഒരുവേള, ധാര്‍മിക ബോധം നഷ്‌ടമായ അധികാര കേന്ദ്രങ്ങള്‍ ഭൂമിയില്‍ ഇത്തരം നാശങ്ങള്‍ക്ക്‌ പ്രേരണയേകുമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. ``ചില ആളുകളുണ്ട്‌. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിന വൈരികളത്രെ. അവര്‍ക്ക്‌ അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളയും ജീവനും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല.'' (വി.ഖു 2:204-205)

by ജാബിര്‍ അമാനി @ ശബാബ് വാരിക