ആദര്‍ശവചനങ്ങള്‍

നബി(സ) ഇബ്‌നു അബ്ബാസിനോട്‌ പറഞ്ഞു: ``നീ അല്ലാഹുവിനെ സൂക്ഷിക്കുക അവന്‍ നിന്നെ സംരക്ഷിക്കും. അല്ലാഹുവിനെ നീ സൂക്ഷിക്കുക, അവന്റെ തൃപ്‌തി നിനക്ക്‌ കണ്ടെത്താനാവും. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട്‌ ചോദിക്കുക. നീ വല്ലതും സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട്‌ സഹായം തേടുക. നീ ഒരു കാര്യം മനസ്സിലാക്കണം, സമുദായം മുഴുവന്‍ നിനക്ക്‌ വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച്‌ ശ്രമിച്ചാലും അല്ലാഹു നിനക്ക്‌ വിധിച്ചതെന്തോ അത്‌ മാത്രമേ അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുകയുള്ളൂ. സമുദായം മുഴുവന്‍ നിനക്ക്‌ ഉപദ്രവമേല്‌പിക്കാന്‍ ഒരുമിച്ച്‌ ശ്രമിച്ചാലും അല്ലാഹു നിനക്ക്‌ വിധിച്ചെതെന്തോ അതല്ലാതെ മറ്റൊന്നും അവന്‍ നിനക്ക്‌ വരുത്തുകയില്ല. പേന ഉയര്‍ത്തപ്പെടുകയും പേജുകളിലെ മഷി ഉണങ്ങുകയും ചെയ്‌തു കഴിഞ്ഞിരിക്കുന്നു.'' (തിര്‍മിദി)

പ്രതിസന്ധികളിലും പ്രയാസങ്ങളിലും പെട്ട്‌ സംഘര്‍ഷാത്മക ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ദിശാബോധം നല്‌കുന്ന ആദര്‍ശ വനചങ്ങളാണിവ. അബ്‌ദുല്ലാഹിബ്‌നു അബ്ബാസിലൂടെ പ്രവാചകന്‍ സംസാരിക്കുന്നത്‌ ലോകത്തോട്‌ മുഴുവനുമാണ്‌. ജീവിതാവസ്ഥകളുമായി ബന്ധപ്പെട്ട്‌ പ്രവാചകന്‍ പകര്‍ന്ന്‌ തന്ന ഈ വചനങ്ങള്‍ സത്യവിശ്വാസികള്‍ക്ക്‌ വഴികാട്ടിയാകേണ്ടതാണ്‌. ഈ ഹദീസ്‌ പ്രകാശിപ്പിക്കുന്ന ആദര്‍ശതത്വങ്ങളെ നമുക്കിങ്ങനെ വിശകലനം ചെയ്യാം.

ഒന്ന്‌: അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ കനിവിലും തണലിലുമാണ്‌ ഓരോ മനുഷ്യനും ജീവിക്കുന്നത്‌. വായു, കുടിക്കുന്ന വെള്ളം, പ്രപഞ്ചസംവിധാനത്തിലെ കൃത്യത, മനുഷ്യശരീരത്തിലെ വിസ്‌മയാവഹമായ പ്രവര്‍ത്തന വ്യവസ്ഥ എന്നിങ്ങനെയുള്ള ദൈവികാനുഗ്രഹങ്ങളുടെ നിറസാന്നിധ്യത്തിലാണ്‌ നമ്മുടെ ജീവിതം. ഈ ബോധം മനുഷ്യനില്‍ പൂത്തുലഞ്ഞു നില്‌ക്കുമ്പോള്‍ ദൈവകല്‌പനകള്‍ അനുസരിക്കാനും മതാനുശാസിത ജീവിതം നയിക്കാനും വിമുഖത കാണിക്കുകയില്ല. മനുഷ്യനു വേണ്ടതെല്ലാം ഒരു പ്രാപഞ്ചിക ഘടനയുടെ ഭാഗമായി ഒരുക്കിത്തന്ന അല്ലാഹു മനുഷ്യരോട്‌ ജീവിതത്തില്‍ ചില ക്രമവും ചിട്ടയും ആചാരാനുഷ്‌ഠാനങ്ങളും പാലിക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇപ്രകാരം ജീവിക്കുന്ന മനുഷ്യരെയാണ്‌ അല്ലാഹു തൃപ്‌തിപ്പെടുക. ഐഹിക ജീവിതത്തിലെ പ്രശ്‌നങ്ങളെ ആത്മസംയമനത്തോടെ നേരിട്ട്‌ സംതൃപ്‌തിയും സമാധാനവും കണ്ടെത്താന്‍ കഴിയും. പരലോക ജീവിതത്തില്‍ സുഖസമൃദ്ധമായ സ്വര്‍ഗീയ ജീവിതം പ്രതീക്ഷിക്കുകയും ചെയ്യാം. ഇതാണ്‌ ``നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ സംരക്ഷിക്കുമെന്നും അല്ലാഹുവിന്റെ തൃപ്‌തി അനുഭവവേദ്യമാകും'' എന്നൊക്കെ പറഞ്ഞതിന്റെ പൊരുള്‍.

രണ്ട്‌: ജീവിതത്തില്‍ പ്രശ്‌നങ്ങളും ആവലാതികളുമുണ്ടാകുമ്പോള്‍ ആരെയാണ്‌ സമീപിക്കേണ്ടതെന്നറിയാതെ ചൂഷണകേന്ദ്രങ്ങളിലെത്തുന്ന ജനലക്ഷങ്ങള്‍ക്ക്‌ ശരിയായ ദിശ കാണിക്കുന്ന ആദര്‍ശ തത്വമാണ്‌ ഹദീസിലെ മൂന്നും നാലും വചനങ്ങള്‍. മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ സമര്‍പ്പിക്കേണ്ടത്‌ അല്ലാഹുവിനോടായിരിക്കണം. അല്ലാഹുവിനോട്‌ ചോദിക്കേണ്ട കാര്യം അല്ലാഹു അല്ലാത്തവരോട്‌ ചോദിക്കരുത്‌. തൗഹീദിന്റെ അടിസ്ഥാന തത്വമാണിത്‌. മലക്കുകളോ ജിന്നുകളോ മഹാന്മാരായ മനുഷ്യരുടെ ആത്മാക്കളോ അദൃശ്യമായ രീതിയില്‍ നമ്മെ സഹായിക്കുമെന്നും നമ്മുടെ ദുരിതം നീക്കിത്തരുമെന്നുമുള്ള വിശ്വാസം തൗഹീദിന്‌ വിരുദ്ധമാണ്‌. ``നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട്‌ ചോദിക്കുക, സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട്‌ സഹായം തേടുക'' എന്ന നബി വാക്യം ഇവിടെ സ്‌മരണീയമാണ്‌.

മൂന്ന്‌: മറ്റുള്ളവരില്‍ അമിത പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടോ മറ്റുള്ളവരെ വല്ലാതെ ഭയപ്പെട്ടുകൊണ്ടോ ജീവിക്കേണ്ട ഗതികേട്‌ സത്യവിശ്വാസിക്കില്ല എന്ന ആശ്വാസവാക്കാണ്‌ അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്‌ പ്രവാചകന്‍ നല്‌കുന്ന മൂന്നാമത്തെ ഉപദേശം. അഥവാ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദനാകാതെ ജീവിക്കാന്‍ കഴിയുന്നവനാണ്‌ സത്യവിശ്വാസി. തവക്കുല്‍ (ദൈവത്തില്‍ ഭരമേല്‌പിക്കല്‍), ഖദ്‌ര്‍ (കാര്യനിര്‍വഹണങ്ങളെല്ലാം ദൈവനിര്‍മിതമെന്ന വിശ്വാസം) എന്നീ സാങ്കേതിക വചനങ്ങളില്‍ വിവക്ഷിക്കപ്പെടുന്നത്‌ അല്ലാഹു കണക്കാക്കിയത്‌ മാത്രമേ എന്റെ ജീവിതത്തില്‍ അനുഭവിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ്‌. ഭൗതികതയുടെ അതിപ്രളയത്തില്‍ കണ്ണഞ്ചി വീഴാതെ ജീവിതത്തെ ബാലന്‍സ്‌ ചെയ്‌തു നിര്‍ത്താന്‍ ആദര്‍ശം അനിവാര്യമാണ്‌. നബി(സ)യും സ്വഹാബികളും ഇത്തരമൊരു സമാധാനവും ശക്തിയും സ്വായത്തമാക്കിയത്‌ ഈമാനിന്റെ തവക്കുല്‍, ഖദ്‌ര്‍ എന്നീ ആദര്‍ശഘടകങ്ങളിലൂടെയാണ്‌. `ജനങ്ങള്‍ മുഴുവന്‍ നിന്നെ സഹായിക്കാനും മറ്റൊരവസരത്തില്‍ ജനങ്ങള്‍ മുഴുവനും നിന്നെ ഉപദ്രവിക്കാനും ഒത്തൊരുമിച്ച്‌ വന്നാലും അല്ലാഹു വിധിച്ചതേ നിന്റെ ജീവിതത്തില്‍ സംഭവികയുള്ളൂ' എന്ന വാക്യത്തില്‍ നിന്ന്‌ തിരിച്ചറിയുന്ന കരുത്ത്‌ സത്യവിശ്വാസികള്‍ക്ക്‌ മാത്രം സ്വന്തമായുള്ളതാണ്‌. ഈ തത്വത്തെ സത്യപ്പെടുത്തിക്കൊണ്ട്‌ ഖുര്‍ആന്‍ അടിവരയിടുന്നത്‌ കാണുക: ``പറയുക: അല്ലാഹു ഞങ്ങള്‍ക്ക്‌ രേഖപ്പെടുത്തിയതല്ലാതെ (മറ്റൊന്നും) ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ്‌ വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.'' (തൗബ 51)

by മുഹമ്മദ്‌ അമീന്‍ @ ശബാബ്