ഖുർആൻ ആയത്തുകളും ചികിത്സയും

അല്ലാഹു വിവിധ കാലഘട്ടങ്ങളില്‍ ജനങ്ങള്‍ യഥാര്‍ഥ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വ്യതിചലിച്ചപ്പോള്‍ പ്രവാചകന്മാരിലൂടെ ജനങ്ങള്‍ക്ക് ഇറക്കിക്കൊടുത്ത വേദഗ്രന്ഥങ്ങളാണ് തൗറാത്തും ഇന്‍ജീലും സബൂറും വിശുദ്ധ ഖുര്‍ആനുമെല്ലാം. ഇവയുടെ ലക്ഷ്യം മനുഷ്യരുടെ വിശ്വാസവും ആചാരങ്ങളും ശുദ്ധീകരിക്കുകയെന്നതാണ്. എന്നാല്‍ പൗരോഹിത്യം എക്കാലത്തും വേദഗ്രന്ഥങ്ങളെ അവരുടെ ഭൗതിക താല്പര്യങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈസായും(അ) ഉസൈറും(അ) ദൈവത്തിന്റെ പുത്രന്മാരായും മര്‍യം(അ) ദൈവത്തിന്റെ സഹധര്‍മിണിയായും അവതരിപ്പിച്ചത് അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. വേദഗ്രന്ഥങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് പല രൂപത്തിലാണ്. വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ ദുര്‍വ്യാഖ്യാനിക്കലും പ്രസ്തുത വചനങ്ങള്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തലും അവ ദുരുപയോഗം ചെയ്യപ്പെടുന്നതിലുള്‍പ്പെടുന്നതാണ്.

വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ രോഗശമനത്തിനെന്ന പേരില്‍ ചൂഷണം ചെയ്യുന്നത് അതില്‍ പെട്ടതാണ്. മനുഷ്യര്‍ക്ക് ശാരീരികമായി നിരവധി രോഗങ്ങള്‍ ബാധിക്കാറുണ്ട്. കാന്‍സര്‍, കോളറ, പ്ലേഗ്, പ്രമേഹം, ഷുഗര്‍ എന്നിവ അവയില്‍ ചിലതാണ്. അതുപോലെ മനുഷ്യര്‍ യുദ്ധംമൂലമോ പ്രകൃതി ദുരന്തങ്ങള്‍ കാരണത്താലോ വ്യത്യസ്തമായ നിലയില്‍ അപകടങ്ങളില്‍ പെട്ടുപോകാറുണ്ട്. തീപ്പൊള്ളല്‍, വാഹനാപകടങ്ങള്‍ മുതലായവയും നിത്യസംഭവങ്ങളാണ്. എന്നാല്‍ മേല്‍പറഞ്ഞ രോഗങ്ങള്‍ക്കോ അപടകങ്ങള്‍ക്കോ ചികിത്സ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലും ഒരു വചനം പാരായണം ചെയ്യാന്‍ അല്ലാഹുവോ റസൂലോ പറഞ്ഞതായോ കല്‍പിച്ചതായോ അങ്ങനെ സ്വഹാബികളാരെങ്കിലും പ്രവര്‍ത്തിച്ചിരുന്നതായോ ഒരു രേഖയുമില്ല. എന്നാല്‍ രോഗങ്ങളോ അപകടങ്ങളോ മറ്റു പരീക്ഷണങ്ങളോ സംഭവിക്കുമ്പോള്‍ അതിനുള്ള ഭൗതികമായ ചികിത്സ നടത്തുകയും, രോഗം ഭേദമാകാന്‍ വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്യുകയെന്നതാണ് നബി(സ)യുടെ ചര്യ. ആ പ്രാര്‍ഥനക്കുവേണ്ടി മാത്രമാണ് വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്.

സൂറതുന്നാസ്, സൂറതുല്‍ഫലഖ്, സൂറതുല്‍ഇഖ്‌ലാസ്, ആയതുല്‍കുര്‍സിയ്യ് എന്നിവയും ഹദീസുകളില്‍ വന്നിട്ടുള്ള ചില പ്രാര്‍ഥനകളും രോഗശമനത്തിനും അവയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടിയും നടത്താവുന്നതാണ്. കാരണം, അവയൊക്കെ അല്ലാഹുവോടുള്ള പ്രാര്‍ഥനകളാണ്. എന്നാല്‍ ഇതിന് വിപരീതമായി വിശുദ്ധ ഖുര്‍ആനില്‍ ശാരീരികമായും മാനസികമായുമുള്ള എല്ലാ രോഗങ്ങള്‍ക്കും ശിഫയുണ്ട് എന്ന് പറഞ്ഞിട്ടുണ്ടെന്ന് ജല്പിച്ചുകൊണ്ട് ഏത് രോഗത്തിനും ഏതെങ്കിലും ഒരായത്തോതി ചിലര്‍ പാമരന്മാരെ പറ്റിക്കുന്നതായി കാണുന്നു. ഇത്തരം പ്രസ്താവനകള്‍ക്ക് ആധികാരികമായി യാതൊരുവിധ അറിവും വേണമെന്നില്ല. ഏതെങ്കിലും കുറച്ച് ഖുര്‍ആന്‍ വചനങ്ങള്‍ മനപ്പാഠമാക്കിയാല്‍ മതി. ആരെങ്കിലും ഇന്ന രോഗത്തിന് എന്താണ് ചികിത്സ എന്ന് ചോദിക്കുമ്പോള്‍ അതിന് ഇന്ന സൂറത്തിലെ ഇന്ന ആയത്ത് ഓതിയാല്‍ മതി എന്ന് കണ്ണും ചിമ്മി കാച്ചിവിടുകയാണ്. ടെലിവിഷന്‍ ചാനലുകള്‍ വരെ ഇത്തരക്കാര്‍ കയ്യടക്കിവെച്ചിട്ടുണ്ട് എന്നത് നമ്മുടെ അനുഭവമാണ്. ഇത്തരക്കാര്‍ അല്ലാഹുവിന്റെ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകേണ്ടിവരും. ദുനിയാവ് അല്പകാലം മാത്രമേ ഉണ്ടാകൂ എന്ന ചിന്ത അശ്ശേഷം ഇല്ലാത്തവരാണ് ഇക്കൂട്ടര്‍.

ഖുര്‍ആനില്‍ രോഗത്തെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുള്ള മിക്കതും മനസ്സിന്റെ രോഗത്തെ സംബന്ധിച്ചാണ്. മനസ്സിന്റെ രോഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭ്രാന്ത് പോലുള്ള മാനസികരോഗമല്ല. മറിച്ച്, കാപട്യമാണ്. അതിന് അറബി ഭാഷയില്‍ നിഫാഖ് എന്നാണ് പറയുക. അതിന് ഒരുദാഹരണം: ''അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു. കളവു പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക” (2:10) ഇവിടെ രോഗം എന്നു പറഞ്ഞത് കാപട്യത്തെ സംബന്ധിച്ചാണ് എന്ന് ഒരു വിശദീകരണവുമില്ലാതെ തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. പ്രസ്തുത രോഗം മാനസികമോ ശാരീരികമോ ആണെങ്കില്‍ എന്തിനാണ് അല്ലാഹു ശിക്ഷിക്കുന്നത്? രോഗം കാരണത്താലുള്ള വിഷമങ്ങള്‍ക്ക് പാപമോചനമാണ് അല്ലാഹുവിന്റെ റസൂല്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അതുപോലെ മാഇദ 52-ലും അന്‍ഫാല്‍ 49-ലും തൗബ 125-ലും ഹജ്ജ് 53-ലും നൂര്‍ 50-ലും അഹ്‌സാബ് 12,32, 60 ആയത്തുകളിലും മുഹമ്മദ് 20,29-ലും മുദ്ദസിര്‍ 31-ലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള രോഗം കാപട്യമാണ്. അതിന്റെ തഫ്‌സീറുകള്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ലാതെ തന്നെ പ്രസ്തുത വചനങ്ങളുടെ ആദ്യഭാഗവും അവസാനഭാഗവും പാരായണം ചെയ്യുമ്പോള്‍ തന്നെ അക്കാര്യം ബോധ്യപ്പെടും.

എന്നാല്‍ ശാരീരികമായ രോഗത്തെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. "ഞാന്‍ രോഗിയായാല്‍ അവന്‍ സുഖപ്പെടുത്തുന്നതാണ്” (ശുഅറാഅ് 80). രോഗം സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്. അതിനാല്‍ ചികിത്സ മാത്രം പോരാ, പ്രാര്‍ഥനയും കൂടിവേണം എന്നാണ് മേല്‍വചനം പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ശിഫാഅ് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് മേല്‍പറഞ്ഞ 12 സ്ഥലങ്ങളില്‍ ഏത് രോഗമാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അതിനൊക്കെയുള്ള ശിഫയാണ്. കാപട്യം എന്ന് പറയുന്നത് ഒരുപാട് ദുസ്സ്വഭാവങ്ങള്‍ ഉരുത്തിരിഞ്ഞ് ഉണ്ടാകുന്നതാണ്. ശിര്‍ക്ക്, കുഫ്‌റ്, കിബ്‌റ്, അസൂയ, ഏഷണി എന്നിവ കാപട്യത്തിന്റെ ഉല്‍പന്നങ്ങളാണ്. അതിനൊക്കെയുള്ള ശിഫയാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാതെ കാന്‍സര്‍, ബ്ലീഡിംഗ് തുടങ്ങിയവയ്ക്കുള്ള ശിഫയല്ല ഖുര്‍ആന്‍. ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശിഫയും(ശമനം) നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു.” (യൂനുസ് 57). ഈ വചനത്തില്‍ പറഞ്ഞ രോഗം ശാരീരികമോ മാനസികമോ ഭ്രാന്തുപോലെയുള്ളതോ അല്ല. മറിച്ച്, അനിസ്‌ലാമികമായ സ്വഭാവങ്ങളും ചിന്താഗതികളുമാകുന്നു. ഈ വചനം വിശദീകരിച്ച് ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ”ഹൃദയങ്ങളിലുള്ള രോഗത്തിന് ഖുര്‍ആന്‍ ശമനമാണ് എന്ന് പറഞ്ഞത് എല്ലാ മാനസികമായ സംശയങ്ങള്‍ക്കും അവ്യക്തമായ കാര്യങ്ങള്‍ക്കും ശമനമാണ് എന്നാണ്. അഥവാ അനിസ്‌ലാമികമായ എല്ലാ മ്ലേച്ഛതകളും മാലിന്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ നീക്കം ചെയ്യും എന്നാണ്” (ഇബ്‌നുകസീര്‍ 2/421). അതുപോലെ തന്നെയാണ് സൂറതു ഇസ്‌റാഈലിലെ 82-ാം വചനവും ഫുസ്സിലത്തിലെ 44-ാം വചനവും. അവിടെയൊന്നും വിശുദ്ധ ഖുര്‍ആന്‍ ശാരീരികമായ രോഗത്തിന് ശിഫയാണെന്ന് പറഞ്ഞിട്ടേയില്ല.

വിശുദ്ധ ഖുര്‍ആനില്‍ ശിഫയാണെന്നു പറഞ്ഞത് തേനിനെക്കുറിച്ച് മാത്രമാണ്. അത് സൂറതുന്നഹ്‌ലിലെ 69-ാം വചനത്തിലാണ്. അതും മൊത്തത്തില്‍ പറഞ്ഞു എന്നതല്ലാതെ ഇന്ന രോഗത്തിന് തേന്‍ ശമനമാണ് എന്ന് പറഞ്ഞിട്ടില്ല. ചുരുക്കത്തില്‍ ഖുര്‍ആനിലെ ഏതെങ്കിലും ഒരു വചനം ഓതിയാല്‍ ശാരീരികമായ ഏതെങ്കിലും ഒരു രോഗം ഭേദപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ എവിടെയും പരാമര്‍ശമില്ല. എന്നിരിക്കെ ഇന്ന രോഗം വന്നാല്‍ ഇന്ന വചനം ഓതിയാല്‍ ഭേദപ്പെടും എന്ന് ജനങ്ങളെ പറഞ്ഞുപറ്റിക്കല്‍ വലിയ തട്ടിപ്പാണ്. ഇതിന് സമാനമായ തട്ടിപ്പുതന്നെയാണ് ഗര്‍ഭിണികള്‍ക്കും മറ്റും സുഖപ്രസവത്തിനു വേണ്ടി പിഞ്ഞാണത്തില്‍ കറുത്ത മഷികൊണ്ട് ഖുര്‍ആന്‍ എഴുതി കുടിപ്പിക്കല്‍. പഴയകാലത്ത് വ്യാപകമായതും ഇപ്പോള്‍ പരിമിതമായും നടക്കുന്ന ഒരനാചാരമാണിത്. പിഞ്ഞാണത്തില്‍ എഴുതാറുള്ളത് സൂറത്ത് ഇന്‍ശിഖാഖിലെ ഏതാനും വചനങ്ങളാണ്. പ്രസ്തുത വചനങ്ങള്‍ അന്ത്യദിനത്തിന്റെ ലക്ഷണങ്ങളായി വരുന്നവയാണ്. ഗര്‍ഭത്തെ സംബന്ധിച്ച് ഒന്നും തന്നെ പിഞ്ഞാണത്തില്‍ എഴുതപ്പെടുന്നവയില്‍ ഇല്ല എന്നതാണ് വസ്തുത.

by പി കെ മൊയ്തീന്‍ സുല്ലമി @ ശബാബ് വാരിക