തലമുടി പരിപാലനം ഇസ്‌ലാമിൽ

തലമുടി വളർത്തുകയും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം നിർദ്ദേശിച്ചു. നബി (സ) പറഞ്ഞു :"മുടിയുള്ളവൻ അതിനെ ആദരിക്കട്ടെ". (അബൂദാവൂദ്‌) നബി (സ)യും അനുചരന്മാരും പൊതുവേ മുടി വളർത്തിയിരുന്നു. ബർറാ (റ) പറയുന്നു : നബി (സ)ക്ക്‌ ചെവിക്കുന്നിയുടെ മേൽ മുടിയുണ്ടായിരുന്നു. (ബുഖാരി, മുസ്‌ലിം).  ആയിശ (റ) പറയുന്നു : നബി (സ)യുടെ തലമുടി 'വഫ്‌റത്തി'ന്റെ മേലെയും 'ജുമ്മത്തി'ന്റെ താഴെയുമായിരുന്നു. (അബൂദാവൂദ്‌, തുർ മുദി). ചെവിക്കുന്നിയിലേക്ക്‌ എത്തുന്ന മുടിക്ക്‌ 'വഫ്‌റത്ത്‌' എന്നും ചുമലിന്റെ അടുത്തേക്ക്‌ എത്താവുന്ന മുടിക്ക്‌ 'ജുമ്മത്ത്‌' എന്നും പറയുന്നു. (ഫത്‌ഹുൽബാരി)

 അനസുബ്നു മാലിക്ക്‌ (റ) പറയുന്നു : നബി (സ)യുടെ മുടി ചീകിവെച്ചതായിരുന്നു. അത്‌ പൂർണ്ണമായും നിവർന്നതോ മുഴുവനായി ചുരുണ്ടതോ ആയിരുന്നില്ല. അത്‌ അവിടുത്തെ ഇരു ചെവികളുടേയും ചുമലിന്റേയും ഇടയിലായിരുന്നു. (ബുഖാരി).  അബൂഖതാദ (റ) പറയുന്നു : തന്റെ തലമുടി നീണ്ടു തോൾ വരെ എത്തിയിരുന്നു. അതിനേക്കുറിച്ച്‌ നബി (സ)യോട്‌ ചോദിച്ചു. അപ്പോൾ അതിനെ നല്ല നിലയിൽ പരിചരിക്കാനും എല്ലാ ദിനവും ചീകിവെക്കാനും അദ്ദേഹം കൽപ്പിച്ചു. (നസാഇ) എന്നാൽ അമിതമായി മുടി ചീകിയൊതുക്കുന്നതിനെ നബി (സ) നിരോധിച്ചു.  ഉബൈദ്‌ (റ) പറയുന്നു : അമിതമായി മുടി ചീകുന്നത്‌ നബി (സ) വിലക്കി. (നസാഇ).  അതുപോലെ മുടി ചീകുമ്പോൾ വലത്‌ ഭാഗത്ത്‌ നിന്നും ആരംഭിക്കുന്നതാണ് ഉത്തമം. ആയിശ (റ) പറയുന്നു : നബി (സ) മുടി ചീകുന്നതിലും അംഗ സ്നാനത്തിലും കഴിയുന്നത്ര വലതുഭാഗത്ത്‌ നിന്ന് തുടങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി)

 തലമുടി വളർത്തുമ്പോൾ അത്‌ വെട്ടി ശരിയാക്കേണ്ടതാണ്. മുടി പൂർണ്ണമായി മുണ്ഡനം ചെയ്യുന്നതും അനുവദനീയമാണ്. ഇബ്നു ഉമർ (റ) പറയുന്നു : നബി (സ) ഒരു കുട്ടിയെ കണ്ടു. അവന്റെ മുടി ഏതാനും ഭാഗം കളയുകയും ഏതാനും ഭാഗം അവശേഷിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോൾ നബി (സ) അത്‌ വിലക്കിക്കൊണ്ട്‌ പറഞ്ഞു : "നിങ്ങൾ അത്‌ മുഴുവൻ കളയുക. അല്ലെങ്കിൽ അത്‌ മുഴുവനും വളർത്തുക". (അബൂദാവൂദ്‌, അഹമ്മദ്‌, നസാഇ) ഇബ്‌നു ഉമർ (റ) നിവേദനം : നബി (സ) 'ഖസഅ്' നിരോധിച്ചു. അപ്പോൾ ഞാൻ ചോദിച്ചു : "എന്താണ് ഖസഅ്?" അപ്പോൾ പറയപ്പെട്ടു "തലമുടി കുറെ കളയുകയും കുറെ കളയാതിരിക്കുകയും ചെയ്യലാണ് അത്‌". (മുസ്‌ലിം) തലയുടെ ചുറ്റുമുള്ള മുടി കളയുകയും നടുക്ക്‌ അവശേഷിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം അവർക്കിടയിലുണ്ടായിരുന്നു. അത്‌ വെറുക്കപ്പെട്ടതാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്‌. (ശറഹു മുസ്‌ ലിം).  ഉബൈദ്‌ (റ) നോട്‌ ഈ വിഷയം സംബന്ധിച്ച്‌ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു : "ചെന്നിയിലേയും പിരടിയിലേയും മുടി നീക്കുന്നതിനു വിരോധമില്ല". (ബുഖാരി).

 മേൽ വചനങ്ങളെല്ലാം തലമുടി വളർത്തുന്നത്‌ സുന്നത്താണെന്ന് വ്യക്തമാക്കുന്നു. അതുപോലെ മുടി വളർത്തുന്നവൻ അത്‌ വൃത്തിയായി പരിചരിക്കുന്നത്‌ ഇസ്‌ലാമിക സംസ്കാരമാണെന്നും മനസ്സിലാക്കാം. എന്നാൽ തലമുടി കളയുന്നത്‌ അനുവദിക്കപ്പെട്ടതാണെന്നും പക്ഷേ അങ്ങനെ ചെയ്യുന്നവർ അത്‌ മുഴുവനായും കളയണമെന്നും ഇസ്‌ലാം നിഷ്കർഷിക്കുന്നു. എന്നാൽ ഇക്കാര്യം സ്ത്രീകൾക്ക്‌ അനുവദനീയമല്ല. അലി (റ) പറഞ്ഞു : "സ്ത്രീകൾ തലമുടി കളയുന്നത്‌ നബി (സ) നിരോധിച്ചിരിക്കുന്നു". (നസാഇ) മറ്റൊരു നിവേദനം ഇങ്ങനെയാണ് : "സ്ത്രീകൾക്ക്‌ മുണ്ഡനമില്ല. അവർക്കുള്ളത്‌ മുടിവെട്ടൽ മാത്രമാണ്". (അബൂദാവൂദ്‌) പരിചരിക്കാൻ സൗകര്യത്തിനു വേണ്ടിയോ സൗന്ദര്യം ഉദ്ദേശിച്ചോ സ്ത്രീകൾക്ക്‌ മുടി വെട്ടിച്ചെറുതാക്കുന്നത്‌ നിരോധിക്കപ്പെട്ടതല്ല. പ്രവാചക പത്നിമാർ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പുരുഷരൂപത്തിലാകരുത്‌. (അൽ അജ്‌വിബത്തുന്നാഫിഅ) 

from ഇസ്‌ലാം (വാല്യം 3) ധർമ്മവും സംസ്കാരവും (യുവത ബുക്ക് ഹൗസ്)