ഖുർആൻ : 4 തെറ്റിദ്ധാരണകൾ!




വിശുദ്ധ ഖുർആനെ പറ്റി അതിന്റെ അനുയായികളിൽ തന്നെ ചിലർ ഗുരുതരമായ നാല് തെറ്റിദ്ധാരണകൾ വെച്ചുപുലർത്തുന്നതായി കാണുന്നു. അവയെന്താണെന്നും അവയുടെ സത്യാവസ്ഥ എന്താണെന്നും നോക്കാം.

1️⃣👉 ഖുർആൻ കേവലം ഓതാനും ഊതാനുമുള്ളതാണ്!

ഇങ്ങനെയൊരു തെറ്റിദ്ധാരണയിൽ അകപ്പെട്ടത് കൊണ്ടാണ് മുസ്ലിം സമുദായത്തിൽ ചിലർക്ക് അവർ ഖുർആൻ ഓതുന്നവരായിട്ടു പോലും അതിന്റെ അർഥവും ആശയവും അറിയണമെന്ന ആഗ്രഹം പോലുമില്ലാത്തത്. ഉറുക്കും ഏലസ്സും ഐക്കല്ലുമായി മന്ത്രിച്ചൂതിക്കെട്ടാനും ചില വിവരദോഷികൾ വിശുദ്ധ ഖുർആനെ ദുരുപയോഗപ്പെടുത്തുന്നു!

വിശുദ്ധ ഖുർആൻ വിശുദ്ധ ഖുർആനിനെ പറ്റി പറഞ്ഞിട്ടുള്ളതിന് തികച്ചും കടകവിരുദ്ധമാണ് ഈ സമീപനവും തെറ്റിദ്ധാരണയും. "മനുഷ്യരെ ഇരുട്ടുകളിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാനാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്" എന്ന ഖുർആൻ പ്രസ്ഥാവനയെ (14:1) ഇത്തരക്കാർ കണ്ണു തുറന്ന് കാണണം!ഖൽബ് തുറന്ന് ചിന്തിക്കണം!

2️⃣👉 ഖുർആൻ മരണപ്പെട്ടവർക്ക് ഓതിക്കൊടുക്കാനുള്ളതാണ്!

മരണ വീട്ടിലും മറ്റും ചിലർ ഖുർആൻ ഓതാൻ ആഹ്വാനവും ആവേശവും കാണിക്കുന്നത് ഇത്തരം തെറ്റിദ്ധാരണ മൂലമാണ്. ജീവിച്ചിരിക്കുന്നവർ മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതി ഹദ്യ ചെയ്താൽ അത് അവർക്ക് (മരണപ്പെട്ടവർക്ക്) പ്രതിഫലമായി രേഖപ്പെടുത്തപ്പെടുമെന്നത് അജ്ഞതയോ തെറ്റിദ്ധാരണയോ ആണ്. 'മനുഷ്യന്, അവൻ അധ്വാനിച്ചതല്ലാതെ മറ്റൊന്നുമില്ല' എന്ന ഖുർആൻ 53:39 ആം ആയത്തിനെതിരാണ് ഇത്തരം വിശ്വാസവും പ്രവർത്തനവും.

മാത്രമല്ല, മരണപ്പെട്ടവർക്ക് പലരും ആവേശപൂർവം ഓതിക്കൊടുക്കുന്ന സൂറത്തു യാസീനിൽ തന്നെ ഇത് മരണപ്പെട്ടവർക്കുള്ളതല്ല എന്ന അർഥത്തിൽ ഇത് "ജീവിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയുള്ളതാണ്" എന്ന് സംശയരഹിതമായി അല്ലാഹു തന്നെ വ്യക്തമാക്കിയതായി കാണാം.( യാസീൻ - 70 കാണുക)

3️⃣👉വിശുദ്ധ ഖുർആൻ പഠിച്ചു മനസ്സിലാക്കാൻ പ്രയാസമാണ്!

ഇത്തരമൊരു തെറ്റിദ്ധാരണ മനസ്സിൽ കൊണ്ടു നടക്കുന്നത് കൊണ്ടാണ് ഖുർആൻ അർഥവും ആശയവും പഠിച്ചു മനസ്സിലാക്കാൻ ഇന്ന് ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ചിലർ ആ രംഗത്തേക്ക് കടന്നു വരാത്തത്.

എന്നാൽ ഖുർആൻ പഠിച്ചു മനസ്സിലാക്കൽ പ്രയാസമുള്ള കാര്യമല്ല എന്നാണ് വിശുദ്ധ ഖുർആൻ ആവർത്തിച്ചുണർത്തുന്നത്.ഉദാഹരണം, സൂറത്തുൽ ഖമറിൽ അതിന്റെ 17, 22, 32,40 എന്നീ ആയത്തുകളിൽ ഇവ്വിഷയം അല്ലാഹു ആവർത്തിച്ചു പറയുന്നതി പ്രകാരം:

"തീർച്ചയായും ഖുർആനിനെ, അതിന്റെ ഉൽബോധനം ഉൾക്കൊള്ളേണ്ടതിനായി നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാൽ ഉൽബോധനം ഉൾക്കൊള്ളാൻ നിങ്ങൾ തയ്യാറുണ്ടോ?"

അപ്പോൾ അല്ലാഹു എളുപ്പം എന്ന് പറഞ്ഞ ഒരു കാര്യത്തെ പ്രയാസം എന്ന് വിധിയെഴുതാനോ തെറ്റിദ്ധരിക്കാനോ വിശ്വാസികൾക്ക് പാടില്ലാത്തതാകുന്നു.

4️⃣👉ഖുർആൻ പല ശരീര രോഗങ്ങൾക്കും മരുന്നാകുന്നു!

'ഖുർആൻ മനസ്സുകളിലുള്ളതിന് ശമനമാണ്' എന്ന ഖുർആൻ 10/57 ലെ പ്രയോഗവും  'വിശ്വാസികൾക്ക് അത്(ഖുർആൻ) കാരുണ്യവും ശമനവുമാകുന്നു' എന്ന 17: 82 ലെ സൂക്തത്തിലെ പ്രയോഗവും ചിലർ തെറ്റിദ്ധരിച്ചതോ ദുരുപയോഗപ്പെടുത്തുന്നതോ കൊണ്ട് സംഭവിച്ചതാണിത്.

യഥാർഥത്തിൽ 'ഖുർആൻ ശിഫയാണ്' എന്ന പ്രയോഗത്തിന്റെ ആശയമെന്താണെന്ന് ഖുർആൻ തന്നെ വ്യകമാക്കിയ കാര്യം *'മനസ്സകത്തുള്ളതിന്* ശമനം' എന്ന ഖുർആനിക പ്രയോഗത്തിലൂടെ വ്യക്തമാണ്. മനുഷ്യ മനസ്സിനെ എല്ലാ ചീത്ത സ്വഭാവത്തിൽ നിന്നും അശുഭ ചിന്തകളിൽ നിന്നും ഭയപ്പാടിൽ നിന്നുമെല്ലാം ഖുർആന്റെ മാർഗദർശനം മോചിപ്പിച്ചു ശുദ്ധീകരിക്കുന്നു എന്നാണതിന്റെ ആശയം എന്ന് പ്രമുഖരായ മുഫസ്സിറുകളെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്. അല്ലാതെ മുട്ട് വേദനക്കും നെഞ്ച് വേദനക്കും തൊണ്ടവേദനക്കും ഊരവേദനക്കും സ്ത്രീകളുടെ ബ്ലീഡിംഗിനും പ്രയാസരഹിത പ്രസവത്തിനും ഓതി ഊതാനും  തടവാനും കുടിക്കാനുമുള്ളതാണ് ഖുർആൻ എന്നല്ല അതിന്റെ അർഥം.പക്ഷെ ചില സാമർഥ്യക്കാരായ പുരോഹിതന്മാർ തന്നെ ഖുർആൻ ശരീര രോഗങ്ങൾക്കുള്ള ചികിത്സയാണ് എന്ന് തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ വിശ്വാസികൾ ജാഗ്രത്താവണം!

വിശുദ്ധ ഖുർആൻ സന്മാർഗത്തിന്റെ വെള്ളി വിളക്കാണ്. അതിൽ നിന്ന് പ്രസരിക്കുന്നതൊക്കെയും ദൈവിക പ്രകാശമാണ്. ആ പ്രകാശം തിരിച്ചറിഞ്ഞ് സ്വാംശീകരിക്കുന്നവർ സന്മാർഗികൾ.അതിന്റെ പ്രകാശം  കാണാതെ അങ്ങോട്ടുമിങ്ങോട്ടും അന്തം വിട്ടു നടക്കുന്നവർ ദുർമാർഗികൾ. ആ ദുർമാർഗികൾ ചിലപ്പോൾ ഖുർ ആനെ തന്നെ ദുർവ്യാഖ്യാനിക്കും, ദുരുപയോഗപ്പെടുത്തും. ഖുർആൻ 2:26 ലും 9:34 ലും വ്യക്തമായ സൂചനയുമുണ്ട്!

✍️  ശംസുദ്ദീൻ പാലക്കോട്