ബദ്ർ, ഉഹ്ദ്, ഹുനൈൻ : മൂന്ന് ഗുണ പാഠങ്ങൾ

💧ഹിജ്റ 2ൽ റമദാൻ 17ന് മദീനയിലെ മുസ്ലിംകളും മക്കയിൽ നിന്ന് വന്ന മുശ്രിക്കുകളും തമ്മിൽ ബദ്റിൽ വെച്ച് നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധമാണ് ബദ്ർ യുദ്ധം. മുസ്ലിംകൾക്ക് ഒട്ടേറെ പ്രതികൂലതകളുണ്ടായിട്ടും മുശ്രിക്കുകൾക്ക് ഒട്ടേറെ അനുകൂലതകളുണ്ടായിട്ടും യുദ്ധത്തിൽ ജയിച്ചത് മുസ് ലിംകൾ !ശത്രുവിന് അതിദയനീയ പരാചയം!!

💧ഹിജ്റ 3 ശവ്വാൽ മാസത്തിൽ മദീനയിലെ മുസ്ലിംകളും മക്കയിൽ നിന്ന് വന്ന മുശ്രിക്കുകളും ഉഹ്ദിൽ വെച്ച് നടത്തിയ ഐതിഹാസികമായ പോരാട്ടമാണ് ഉഹ്ദ് യുദ്ധം.മുസ്ലിംകൾക്ക് ബദ്റിന്റെ ആവേശം തുളുമ്പുന്ന ഓർമകളും തികഞ്ഞ ആത്മവിശ്വാസവും ഒട്ടൊക്കെ തയ്യാറെടുപ്പുകൾ നടത്തിയ അനുകൂല അവസ്ഥയുണ്ടായിട്ടും ഉഹ്ദിൽ മുസ്ലിംകൾ കിടുകിടാ വിറപ്പിക്കപ്പെട്ടു! പലരും ചിതറിയോടി !! എഴുപതോളം സ്വഹാബികൾ രക്തസാക്ഷികളായി!!! ഉഹ്ദിൽ മുസ്ലിംകൾ തോറ്റിട്ടില്ലെങ്കിലും ബദ്റിലേതു പോലുള്ള അഭിമാനകരവും അത്ഭുതകരവുമായ വിജയമുണ്ടായിട്ടില്ല എന്ന കാര്യം വ്യക്തം!

💧ഹിജ്റ 8ൽ മക്കാവിജയം നടന്ന ഉടനെ മക്കയിലെ കുന്നിൻ ചെരുവിൽ ജീവിക്കുന്ന ഹവാസിൻ എന്ന അറബി ഗോത്രവുമായി മുസ്ലിംകൾ നടത്തിയ യുദ്ധമാണ് ഹുനൈൻ യുദ്ധം.ഹവാസിൻ യുദ്ധം എന്നും ഇതിന് പേരുണ്ട്.മുസ്ലിംകൾ 12,000 പേരുണ്ടായിരുന്നു. വേണ്ടത്ര വിശ്വാസം ഉറക്കാത്ത കേവല ആവേശക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു! എല്ലാവർക്കും അമിതമായ ആത്മവിശ്വാസം! കാരണം ഇത് വരെ നടന്ന യുദ്ധങ്ങളിലെല്ലാം മുസ്ലിംകൾ കുറവും ശത്രുക്കൾ കൂടുതലാമാ യിരുന്നിട്ടും മുസ്ലിംകൾ തോറ്റിട്ടില്ല. മാത്രമല്ല ബദ്റിന്റെയും ഖൻതഖിന്റെയും ഇപ്പോൾ മക്കാവിജയത്തിന്റെയും ത്രസിപ്പിക്കുന്ന അനുഭവ ഓർമകളും! എന്നിട്ടും  മലയിടുക്കുകളിൽ ഒളിഞ്ഞിരുന്ന് മുസ്ലിംകളെ നേരിട്ട കൊച്ചു സംഘമായ ഹവാസിൻ ശത്രു പക്ഷത്തിന് വൻ സംഘമായി ആർത്തിരമ്പി വന്ന മുസ്ലിം സംഘത്തെ തുരത്തിയോടിക്കാൻ കഴിഞ്ഞു! മുസ്ലിംകൾ ഒരിക്കലും നിനക്കാത്ത കടുത്ത പരീക്ഷണത്തിൽ വിറപ്പിക്കപ്പെട്ടു!

ഗുണപാഠം :

എന്ത് കൊണ്ട് ഈ മൂന്ന് വ്യത്യസ്ത അനുഭവം എന്ന ചോദ്യം വിശകലനം ചെയ്യുമ്പോൾ കിട്ടുന്ന ഗുണപാഠ മറുപടി ഇപ്രകാരം:

1️⃣ബദ്റിൽ പങ്കെടുത്ത 317 വിശ്വാസികൾക്കും ഭൗതികമായ താൽപര്യം അശേഷം ഉണ്ടായിരുന്നില്ല. അല്ലാഹുവിനോടല്ലാതെ മറ്റാരോടും പ്രാർഥിക്കുന്നവരോ പ്രാർഥിക്കാമെന്ന് വിശ്വസിക്കുന്നവരോ ആയി ആരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ അല്ലാഹു അവന്റെ വാക്ക് (യഥാർഥ വിശ്വാസികളെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ് എന്ന അല്ലാഹുവിന്റെ വാക്ക്) പാലിച്ചു.(വിശുദ്ധ ഖുർആൻ 8/9ൽ ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത വിശ്വാസികളുടെ ആദർശ ശുദ്ധിയെയും പ്രാർഥനാ രീതിയെയും പ്രശംസിച്ച് പറഞ്ഞ ഭാഗം കാണുക)

2️⃣ ഒരു ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോൾ അതിന് വിഘാതമാകും വിധം അല്ലറ ചില്ലറ ഭൗതിക താൽപര്യങ്ങൾ ഉള്ളവർ സംഘത്തിലുണ്ടായാൽ അത്തരം സംഘത്തിന് അത്രയെളുപ്പത്തിൽ വിജയത്തിലെത്താൻ കഴിയില്ല.(ഉഹ്ദ് യുദ്ധത്തെ സൂചിപ്പിച്ചവതരിച്ച ഖുർആൻ 3:121, 155 കാണുക)

3️⃣സംഘ ബലവും അനുകൂല സാഹചര്യവും അമിതാത്മ വിശ്വാസവുമുണ്ടായത് കൊണ്ട് മാത്രം മുസ്ലിം സംഘത്തിന് ശത്രുവിന്റെ കുതന്ത്രങ്ങളെ ചെറുത്തു തോൽപിക്കാനാകില്ല. അല്ലാഹുവിന്റെ സഹായം ലഭിക്കാനാവശ്യമായ 'ക്വാളിറ്റി' കൂടി വേണം! (ഹുനൈൻ യുദ്ധ ഫലത്തെ വിശകലനം ചെയ്തു കൊണ്ട് അവതരിക്കപ്പെട്ട  ഖുർആൻ 9:25 കാണുക)

✍️ ശംസുദ്ദീൻ പാലക്കോട്