'ബദ്റിൽ ഞാൻ ആരുടെ പക്ഷത്ത്?!'

"അല്ലാഹുവേ, നിന്റെ വാഗ്ദാനം നീ എനിക്ക് നിറവേറ്റിത്തരേണമേ, അല്ലാഹുവേ, ഇന്ന് ഈ കൊച്ചു സംഘം നശിപ്പിക്കപ്പെട്ടാൽ നിന്നെ ആരാധിക്കപ്പെടാത്ത അവസ്ഥ വരും!"

ഹിജ്റ - 2 റമദാൻ 17ന് ബദ്ർ രണാങ്കണത്തിൽ ശത്രുവിന്റെ 'പ്രൗഢിയും' ആധിക്യവും തന്റെ കൂടെയുള്ള വിശ്വാസികളുടെ അവസ്ഥയും എണ്ണക്കുറവും ഭൗതികമായ അപര്യാപ്തതയും കണ്ടപ്പോൾ അവിടെ വെച്ച് ഖിബ് ലക്ക് തിരിഞ്ഞ് ആകാശത്തേക്ക് കൈയുയർത്തി പ്രവാചകൻ നടത്തിയ പ്രാർഥനയാണിത്. പ്രവാചകൻ ഏറെ നേരം പ്രാർഥിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ തോളിൽ നിന്ന് തട്ടം താഴെ വീണത് അബൂബക്കൽ (റ) എടുത്ത് ചുമലിലിട്ട് പ്രവാചകനോട് പറഞ്ഞു: മതി പ്രവാചകരെ, താങ്കൾ റബ്ബിനോട് കുറെ നേരം പറഞ്ഞല്ലോ!

ശത്രു പക്ഷത്ത് 950 നും 1000 ത്തിനും ഇടയിൽ പരിശീലനം നേടിയ യോദ്ധാക്കൾ.100 കുതിര,700 ഒട്ടകം. മുസ്ലിം പക്ഷത്ത് വെറും 317 പേർ മാത്രം! (313 ആണെന്നും ഒരഭിപ്രായമുണ്ട്). കുതിരകൾ 2 എണ്ണം മാത്രം!! ഒട്ടകം വെറും 70 എണ്ണം!!!

പ്രവാചകന്റെ പ്രാർഥന കഴിഞ്ഞു. യുദ്ധം തുടങ്ങി.ദ്വന്ദ യുദ്ധത്തിന്റെ രൂപത്തിലായിരുന്നു തുടക്കം. മുസ്ലിം പക്ഷത്ത് നിന്ന് മുഹാജിറുകളായ ഹംസ(റ), അലി (റ), ഉബൈദത്ത് (റ) എന്നിവർ രംഗത്ത് വന്നു. അവരെ നേരിടാൻ ശത്രു പക്ഷത്ത് നിന്ന് യഥാക്രമം ശൈബത്ത്, വലീദ്, ഉത്തുബത്ത് എന്നിവർ രണാങ്കണത്തിലിറങ്ങി. ഉദ്വേഗജനകമായ പോരാട്ടത്തിനൊടുവിൽ ശത്രു പക്ഷത്തെ മൂന്ന് പേരും കൊല്ലപ്പെട്ടു. ഉബൈദത്ത് (റ) ന് മാരകമായ മുറിവേറ്റു.ഇദ്ദേഹം പിന്നീട് രക്ത സാക്ഷിയാവുകയും ചെയതു.

ദ്വന്ദ യുദ്ധം പൊരിഞ്ഞ യുദ്ധമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശത്രുക്കൾ പരിഭ്രാന്തരായി ചിതറിയോടി. അനിനിടയിൽ കുറെ പേർ (അബൂജഹ്ൽ ഉൾപ്പെടെയുള്ള പ്രമുഖർ!) കൊല്ലപ്പെട്ടു!

സംഭവബഹുലമായ ബദ്ർ യുദ്ധം കഴിഞ്ഞപ്പോൾ അതിന്റെ ബാക്കിപത്രം ഇങ്ങനെ:

💧ബദ്റിൽ 'നിസ്സാരന്മാരായ' മുസ്ലിംകൾ ജയിച്ചു. ഉഗ്ര വീരന്മാരായ മുശ്രിക്കുകൾ ദയനീയമായി പരാചയപ്പെട്ടു.

💧 ശത്രു പക്ഷത്ത് അബൂജഹൽ, ഉതുബത്ത്, ശൈബത്ത്, വലീദ് തുടങ്ങിയ പ്രമുഖരുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു.70 പേരെ മുസ്ലിംകൾ ബന്ദികളാക്കി. മുസ്ലിം പക്ഷത്ത് 14 പേർ രക്തസാക്ഷികളായി.

💧 പ്രയാസ ഘട്ടങ്ങളിൽ യഥാർഥ വിശ്വാസികളെ അവർ എത്ര ദുർബലരാണെങ്കിലും അല്ലാഹു അൽഭുതകരമായി സഹായിക്കും എന്നതിന്റെ ചരിത്രത്തിലെ നേർ സാക്ഷ്യമാണ് ബദ്ർ.

മറ്റൊരാൾകൂടി ബദ്റിലേക്ക് പുറപ്പെടുമ്പോൾ അല്ലാഹുവിനോട് (അതെ, അല്ലാഹുവിനോട് തന്നെ, നേർച്ചക്കാരോടോ അമ്പിയാ- ഔലിയാക്കളോടോ അല്ല!) പ്രാർഥിച്ചിട്ടുണ്ട്. സാക്ഷാൽ അബൂജഹൽ!നിർണാക ഘട്ടത്തിൽ മുശ്രിക്കുകളുടെ തലതൊട്ടപ്പന്മാരായ അബൂജഹലു പോലും സാക്ഷാൽ അല്ലാഹുവിനെ വിളിച്ചു തേടാറുണ്ട് എന്നതിന്റെ അത്യപൂർവ നേർസാക്ഷ്യം !അയാൾ അല്ലാഹുവിനോട് പ്രാർഥിച്ചത് അല്ലാഹുവേ, സത്യത്തിന്റെ കക്ഷിയെ നീ വേർതിരിക്കേണമേ എന്നായിരുന്നു! അല്ലാഹു മുശ്രിക്കായ അബൂ ജഹ് ലിന്റെ പ്രാർഥനയും സ്വീകരിച്ചു! ബദ്ർ കഴിഞ്ഞപ്പോൾ ലോകത്തിന് ബോധ്യപ്പെട്ടു, ബദ്റിൽ കൊല്ലപ്പെടുമ്പോൾ അബൂജഹ്ലിനും ബോധ്യപ്പെട്ടു, സത്യത്തിന്റെ കക്ഷി ആരാണെന്ന്!

അസത്യത്തിന്റെ പാതയിൽ സഞ്ചരിച്ച് തങ്ങളാണ് സത്യപാതയിലെന്ന് തെറ്റിദ്ധരിച്ച് ജീവിക്കുന്ന അബൂജഹ് ലുമാർ ഇന്നുമുണ്ട്. നമ്മളാരും അത്തരം അബൂജഹലുമാരല്ല എന്ന് ഉറപ്പു വരുത്തുകയാണ് ഓരോ റമദാൻ 17 കടന്നു പോകുമ്പോഴും വിശ്വാസി തിരിച്ചറിയേണ്ടത്!

നബിയും അബൂജഹ്ലും രണ്ട് പേരും പ്രാർഥിച്ചത് പ്രപഞ്ചനാഥനും കഅബയുടെ നാഥനുമായ അല്ലാഹുവിനോടാണെങ്കിൽ ബദ്ർ ഒഴിവാക്കി ഇരുവർക്കും കോംപ്രമൈസ് ആകാമായിരുന്നില്ലേ എന്ന സംശയം ചിലർക്കുണ്ടാകാം! തൗഹീദും ശിർക്കും തമ്മിൽ കോംപ്രമൈസായ ചരിത്രമില്ല. അത് അസാധ്യവുമാണ്. സത്യ ശുദ്ധമായ ദൈവ വിശ്വാസം അല്ലാഹുവിനോട് മാത്രമുള്ള പ്രാർഥനയിൽ കേന്ദ്രീകരിച്ചു നിൽക്കുന്നു. അതാണ് ബദ്റിൽ വിശ്വാസികൾ പ്രതിനിധീകരിച്ചത്. അല്ലാഹുവിനോടും പ്രാർഥിക്കാം, അമ്പിയാ - ഔലിയാക്കളോടും പ്രാർഥിക്കാം എന്ന വിശ്വാസവൈകല്യമാണ് ശിർക്ക് .അഥവാ ചില ഘട്ടങ്ങളിൽ 'അല്ലാഹുവേ രക്ഷിക്കണേ' എന്നും മറ്റു ചില ഘട്ടങ്ങളിൽ 'ഇബ്രാഹിം നബിയേ രക്ഷിക്കണേ! എന്നും വിളിച്ചു തേടുന്ന രീതി! ഇതാണ് അബൂജഹലും കൂട്ടരും പ്രതിനിധാനം ചെയ്തത്.അത് കൊണ്ടാണ് അല്ലാഹുവിനോട് പ്രാർഥിച്ച് ബദ്റിലേക്ക് പുറപ്പെട്ടിട്ടും അബൂജഹലും കൂട്ടരും ദയനീയമായി തോറ്റത്.

അല്ലാഹുവിനോട് മാത്രമാണ് പ്രാർഥിക്കേണ്ടത് എന്നതാണ് ഖുർആൻ ഉയർത്തിക്കാണിക്കുന്ന വിശ്വാസ സംഹിത.ബദ്റിൽ പങ്കെടുത്ത 317 മുസ്ലിംകളും നബിയും ഒരേ മനസ്സോടെ 'റബ്ബേ സഹായിക്കണേ' എന്ന് വിളിച്ച് അല്ലാഹുവിനോട് മാത്രം സഹായം തേടിയപ്പോൾ അല്ലാഹു ആ കൊച്ചു സംഘത്തെ സഹായിച്ചു. ഇതറിയാമായിരുന്നിട്ടും,
 റമദാൻ 17 കടന്ന് വരുമ്പോൾ ബദ്രീങ്ങളേ, സഹായിക്കണേ! എന്ന് ചില മുസ്ലിം നാമധാരികൾ അല്ലാഹുവിന്റെ കൂടെ ബദ്രീങ്ങളെയും വിളിച്ചു തേടുന്നു!

എത്ര വലിയ വിരോധാഭാസം!!
എത്ര കടുത്ത ധിക്കാരം!!!
ഇത്തരക്കാർ ശാന്തമായി ചിന്തിക്കുക, സ്വയം ചോദിക്കുക :

'ബദ്റിൽ ഞാൻ ആരുടെ പക്ഷത്ത് ?!'

✍️ ശംസുദ്ധീൻ പാലക്കോട്