സകാത്തുല്‍ ഫിത്വ്‌ര്‍

റമദാന്‍ മാസത്തില്‍ നോമ്പ്‌ നോറ്റിരിക്കുമ്പോഴാണ്‌ പലപ്പോഴും മുസ്‌ലിം സമുദായം സകാത്തിനെപ്പറ്റി ഓര്‍ക്കാറുള്ളത്‌. യഥാര്‍ഥത്തില്‍ റമദാന്‍ മാസവും സകാത്തുമായി പ്രത്യേകിച്ച്‌ യാതൊരു ബന്ധവുമില്ല. സമൂഹത്തിനിടയില്‍ നിരന്തരമായി നിലനില്‍ക്കേണ്ട ഒരു അനുഷ്‌ഠാനകര്‍മമാണ്‌ സകാത്ത്‌. അതിന്‌ പ്രത്യേക മാസമോ സമയമോ ഇല്ല. അങ്ങനെ സ്ഥിരം സംവിധാനമായി സകാത്ത്‌ മാറിവരികയാണെങ്കില്‍ മുസ്‌ലിം സമൂഹം സാമ്പത്തിക സുസ്ഥിതി കൈവരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ റമദാന്‍ മാസത്തില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ട ഒരു സകാത്ത്‌ ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്‌. അതാണ്‌ വ്രതസമാപന സകാത്ത്‌ അഥവാ സകാത്തുല്‍ ഫിത്വ്‌ര്‍.

``മുസ്‌ലിംകളിലെ അടിമകള്‍, സ്വതന്ത്രര്‍, പുരുഷന്മാര്‍, സ്‌ത്രീകള്‍, ചെറിയവര്‍, വലിയവര്‍ (എന്നീ വേര്‍തിരിവുകളില്ലാതെ) എല്ലാവരുടെ പേരിലും ഓരോ സ്വാഅ്‌ കാരക്കയോ ബാര്‍ലിയോ ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കല്‍ ബാധ്യതയായി അല്ലാഹുവിന്റെ ദൂതര്‍(സ) നിര്‍ബന്ധമായി നിശ്ചയിച്ചിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന്‌ ആളുകള്‍ പുറപ്പെടുന്നതിനു മുമ്പായി അത്‌ നല്‍കണമെന്നും അദ്ദേഹം കല്‌പിച്ചിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)

റമദാന്‍ അവസാനിക്കുന്നതോടെയാണ്‌ ഈ സകാത്ത്‌ നിര്‍ബന്ധമായിത്തീരുന്നത്‌. ഈദുല്‍ഫിത്വ്‌ര്‍ (ശവ്വാല്‍ ഒന്ന്‌) നമസ്‌കാരത്തിന്‌ പുറപ്പെടുന്നതോടെ അതിന്റെ സമയം അവസാനിക്കുകയും ചെയ്യുന്നു. ഹ്രസ്വമായ സമയപരിധിക്കുള്ളില്‍ അത്‌ പൂര്‍ണമായി നിര്‍വഹിക്കപ്പെടാന്‍ പ്രയാസമാണെങ്കില്‍ വ്രതസമാപനത്തിന്‌ രണ്ടോ മൂന്നോ ദിവസം മുമ്പായി അത്‌ കൊടുക്കുകയും ചെയ്യാം. ഇബ്‌നു ഉമര്‍(റ) പറയുന്നു: ``അവര്‍ (സ്വഹാബികള്‍) ഫിത്വ്‌ര്‍ സകാത്ത്‌ പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ്‌ നല്‍കാറുണ്ടായിരുന്നു.'' (ബുഖാരി)

സമ്പത്ത്‌ എന്ന അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക്‌ മാത്രം നിര്‍ബന്ധമാണ്‌ സാധാരണ സകാത്ത്‌. അതിന്‌ നിശ്ചിത പരിധിയും കൃത്യമായ തോതും കണക്കുമെല്ലാം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സകാത്തുല്‍ ഫിത്വ്‌ര്‍ സമ്പത്തിന്റെ മാനദണ്ഡമനുസരിച്ചല്ല നല്‍കേണ്ടത്‌. കണക്കനുസരിച്ച്‌ തന്റെ സമ്പത്തിന്റെ സകാത്ത്‌ കൊടുത്തുതീര്‍ത്തവരും കണക്കനുസരിച്ച്‌ സകാത്ത്‌ കൊടുക്കാന്‍ മാത്രം സമ്പത്തില്ലാത്തവരും സകാത്തുല്‍ ഫിത്വ്‌ര്‍ കൊടുക്കേണ്ടതുണ്ട്‌. നിത്യവൃത്തിക്ക്‌ വകയില്ലാത്തവര്‍ മാത്രമേ ഇതിന്റെ നിര്‍ബന്ധ കല്‌പനയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുകയുള്ളൂ.
മനുഷ്യസഹജമായ താല്‌പര്യം അംഗീകരിച്ചുകൊണ്ട്‌ അല്ലാഹു നിശ്ചയിച്ച ആഘോഷം എന്ന നിലയില്‍ പെരുന്നാളിന്റെ ആഹ്ലാദം പങ്കിടുവാന്‍ നിത്യവൃത്തിക്ക്‌ കഷ്‌ടപ്പെടുന്നവര്‍ക്കുപോലും സാധിക്കണമെന്നതാണ്‌ സകാത്തുല്‍ ഫിത്വ്‌ര്‍ കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. ജീവിതത്തില്‍ സൂക്ഷ്‌മത കൈവരിക്കാനും വന്നുപോയ പാളിച്ചകള്‍ക്ക്‌ പരിഹാരവും പ്രായശ്ചിത്തവുമായിക്കൊണ്ടുമാണ്‌ സത്യവിശ്വാസി വ്രതമനുഷ്‌ഠിക്കുന്നത്‌. നോമ്പുകാരന്‌ വീണ്ടും വിമലീകരണത്തിനുള്ള അവസരം കൂടിയാണ്‌ സകാതുല്‍ ഫിത്വ്‌ര്‍. ``അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന്‌ വന്നുപോയ പിഴവുകളില്‍ നിന്ന്‌ അവനെ ശുദ്ധീകരിക്കാനും പാവങ്ങള്‍ക്ക്‌ ആഹാരത്തിനുമായി റസൂല്‍(സ) സകാത്തുല്‍ ഫിത്വ്‌ര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.'' (അബൂദാവൂദ്‌, ഇബ്‌നുമാജ)

കാരക്കയും ബാര്‍ലിയും മാത്രമല്ല നാട്ടിലെ പ്രധാന ആഹാര സാധനങ്ങളാണ്‌ ഫിത്വ്‌ര്‍ സകാത്തായി നല്‍കേണ്ടത്‌ എന്നാണ്‌ സ്വഹാബിമാരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ``ഒരു സ്വാഅ്‌ ഗോതമ്പ്‌, അല്ലെങ്കില്‍ ഒരു സ്വാഅ്‌ ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ്‌ പാല്‍ക്കട്ടി, അല്ലെങ്കില്‍ ഒരു സ്വാഅ്‌ മുന്തിരി എന്നിങ്ങനെയായിരുന്നു ഞങ്ങള്‍ സകാത്തുല്‍ ഫിത്വ്‌ര്‍ കൊടുത്തുവന്നിരുന്നത്‌.'' (ബുഖാരി). സകാത്തുല്‍ ഫിത്വ്‌ര്‍ അരി കൊടുക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ നാട്ടില്‍ അരിയാണ്‌ സകാത്തുല്‍ ഫിത്വ്‌ര്‍ നല്‍കേണ്ടതെന്ന കാര്യത്തില്‍ മുസ്‌ലിം സമൂഹത്തില്‍ രണ്ടഭിപ്രായമില്ല. അത്‌ മേല്‍പറഞ്ഞ ഹദീസുകളുടെ അടിസ്ഥാനത്തിലാണ്‌.

എന്നാല്‍ സകാത്തുല്‍ ഫിത്വ്‌ര്‍ എന്തിനു വേണ്ടി നിശ്ചയിക്കപ്പെട്ടുവോ അതിന്റെ ചൈതന്യം കെടുത്തിക്കളയുമാറ്‌ നാഴിയും ഉരിയും നുള്ളിക്കൊടുക്കുന്ന സമ്പ്രദായത്തിലേക്ക്‌ സമുദായം അധപ്പതിച്ചു. പാവങ്ങള്‍ തങ്ങള്‍ക്കുള്ള അവകാശത്തിനു വേണ്ടി മറ്റുള്ളവരുടെ ഔദാര്യത്തിനെന്ന പോലെ, വീട്ടുപടിക്കല്‍ കാത്തുനില്‍ക്കുന്ന അവസ്ഥയില്‍ നിന്ന്‌ സമൂഹത്തെ ഒരു പരിധിവരെ രക്ഷിച്ചെടുത്തത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനമാണ്‌. എങ്കിലും സകാത്തുല്‍ ഫിത്വ്‌ര്‍ സമൂഹത്തിനുപകരിക്കുംവിധം സംഘടിതമായി നിര്‍വഹിക്കാന്‍ എല്ലാ മുസ്‌ലിംകളും ഇനിയും തയ്യാറായിട്ടില്ലെന്നത്‌ ഖേദകരമാണ്‌.
സകാത്ത്‌ കൊടുക്കുന്ന വ്യക്തി തനിക്കും തന്റെ കീഴിലുള്ള കുടുംബത്തിനും വേണ്ടി അത്‌ നിര്‍വഹിക്കണം. ശവ്വാല്‍ ഒന്നിന്‌ കാലത്ത്‌ പിറന്ന കുഞ്ഞുള്‍പ്പെടെ ഒരാള്‍ക്ക്‌ ഒരു സ്വാഅ്‌ എന്ന തോതില്‍ ധാന്യം അയാള്‍ സകാത്ത്‌ സമിതിയെ ഏല്‌പിക്കണം. സ്വാഅ്‌ എന്നത്‌ നബി(സ)യുടെ കാലത്തെ അളവാണ്‌. മെട്രിക്‌ തൂക്കമനുസരിച്ച്‌ രണ്ടുകിലോഗ്രാമും ഏതാനും ഗ്രാമും ആണത്‌. ആയതിനാല്‍ ആളൊന്നിന്‌ രണ്ട്‌ കിലോഗ്രാം വീതം അരിയാണ്‌ നല്‍കേണ്ടത്‌. ശേഖരിച്ച സകാത്ത്‌ റമദാനിന്റെ അവസാനത്തെ ദിവസങ്ങളില്‍ തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്തിച്ചുകൊടുക്കുക എന്നത്‌ സകാത്ത്‌ സമിതിയുടെ ബധ്യതയാണ്‌. 

ഒരുതരത്തില്‍ സമുദായത്തിന്റെ നിര്‍ബന്ധിതമായ ഒരു റിലീഫ്‌ കൂടിയാണ്‌ സകാത്തുല്‍ ഫിത്വ്‌ര്‍.
വ്രതാനുഷ്‌ഠാനം പരലോകമോക്ഷത്തിനു വേണ്ടി അനുഷ്‌ഠിക്കുമ്പോള്‍ തന്നെ അത്‌ ഭൗതികമായി ശരീരത്തിന്‌ വളരെ ഫലപ്രദമായ ഒരു `സാധന' കൂടിയാണെന്ന്‌ ആധുനിക ശാസ്‌ത്രം പറയുന്നു. ഇസ്‌ലാം നിശ്ചയിച്ച സകാത്തും ദാനധര്‍മങ്ങളും യഥോചിതം നടപ്പിലാക്കിയാലും അത്‌ ഭൗതികനേട്ടം കൂടിയായിത്തീരുന്നു. സന്നദ്ധ സംഘങ്ങളും മറ്റും നടത്തുന്ന റിലീഫുകളും സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിപണിനിലയില്‍ ഇടപെടുന്നതും പട്ടിണിക്കെതിരെയുള്ള ഫലപ്രദമായ സാമൂഹിക പ്രതിരോധമാണെന്ന്‌ അമര്‍ത്യാസെന്‍ പോലുള്ള സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. സകാത്ത്‌, സ്വദഖ, റമദാനിലെ ഉദാരമായ ദാനധര്‍മങ്ങള്‍, അവസാനം സകാത്തുല്‍ ഫിത്വ്‌ര്‍... സമൂഹത്തിന്റെ പട്ടിണിമാറ്റാന്‍ ഇതിലപ്പുറം ഫലപ്രദമായ സംവിധാനം ഒരുക്കാന്‍ ആര്‍ക്ക്‌ കഴിയും!

ഇസ്‌ലാമിന്റെ നിയമങ്ങളോരോന്നും മനുഷ്യന്‌ വേണ്ടി അല്ലാഹു നിശ്ചയിച്ചതാണ്‌. ലക്ഷ്യം പരലോകം. ഇഹലോകത്തും അതിന്റെ ഗുണഫലം ലഭ്യം. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍പോലും അത്‌ മനസ്സിലാക്കുന്നില്ല. ഇസ്‌ലാമിക്‌ ബാങ്കിംഗിന്റെ പ്രായോഗികത മനസ്സിലാക്കിയവര്‍ പോലും തമസ്‌കരിക്കുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ആകയാല്‍ ഇസ്‌ലാമിക നിയമങ്ങള്‍ മനസ്സിലാക്കുന്നതിലും മുറുകെ പിടിക്കുന്നതിലും മുസ്‌ലിംകളുടെ ബാധ്യത കൂടുകയാണ്‌. അല്ലാഹുവും റസൂലും കല്‌പിച്ച ഓരോ കാര്യത്തിലും ഭക്തിയും യുക്തിയും നിലകൊള്ളുന്നു. നിരോധിച്ച കാര്യങ്ങളും ഇങ്ങനെത്തന്നെ. ആയതിനാല്‍ ഇസ്‌ലാം ആഴത്തില്‍ പഠിക്കുക, കഴിവനുസരിച്ച്‌ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക. പാരത്രിക മോക്ഷവും ഭൗതികനന്മയും കൈവരും. അതിന്നായി ഇടനിലക്കാരോ കാണിക്കയോ ആവശ്യമില്ല എന്നതാണ്‌ ഏറെ യുക്തിഭദ്രമായ സംഗതി.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
© ശബാബ്‌ വാരിക