ദൈവവിശ്വാസം, അതാണ്‌ എല്ലാം

"സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍)".
[അദ്ധ്യായം 2 ബഖറ 45,46]

ജീവിതത്തിലെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും തരണം ചെയ്യാനുള്ള കരുത്ത് വിശ്വാസിക്ക് ലഭിക്കുന്നത് അവന്‍റെ വിശ്വാസത്തില്‍ നിന്നാണ്. തന്‍റെ സൃഷ്ടാവായ രക്ഷിതാവിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഞാന്‍ എന്ന ബോധം അവനു സുരക്ഷിതത്വം നല്‍കുന്നു. പരീക്ഷണങ്ങളില്‍ പതറാതെ നില്‍ക്കുന്നത് ഈ ശക്തി കൊണ്ടാണ്. വിശ്വാസത്തിന്‍റെ അര്‍ദ്ധഭാഗം ക്ഷമയാണ്. ക്ഷമിക്കാന്‍ കഴിയാത്തവന്‍ വിശ്വാസിയാവുകയില്ല എന്നര്‍ത്ഥം. ക്ഷമയുണ്ടാകുമ്പോഴെ കാത്തിരിക്കാനും സഹിക്കാനും സാധിക്കൂ. പ്രത്യാശ നിലനിര്‍ത്തി മുന്നോട്ടു പോവാന്‍ കഴിയുന്നതും ഇതിന്‍റെ ഭാഗമാണ്. സുഖദുഃഖ സമ്മിശ്രമായ ഈ ലോകത്ത് രണ്ടും മാറി മാറി വരാം. ഇന്നത്തെ ദുഃഖം എന്നത്തേതുമല്ല. കാത്തിരുന്നാല്‍ സന്തോഷത്തിന്‍റെ കാലം വരാനുണ്ട്. അതിനാല്‍ ക്ഷമ കൊണ്ട് നിങ്ങള്‍ ജീവിതത്തിനു കരുത്തും സഹായവും തേടുവിന്‍ എന്ന് അല്ലാഹു പറയുന്നു.

നമസ്കാരം എന്ന് നാം സാങ്കേതികമായി അര്‍ഥം പറയുന്ന 'സ്വലാത്ത്' എന്ന പദത്തിന് ഭാഷയില്‍ 'പ്രാര്‍ത്ഥന' എന്നാണര്‍ത്ഥം. നമസ്കാരത്തിന്‍റെ അന്തസ്സത്ത പ്രാര്‍ത്ഥനയാണല്ലോ. കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധപൂര്‍വ്വം നിര്‍വഹിക്കേണ്ട ഈ നമസ്കാരം ഭക്തിയുള്ളവര്‍ക്ക് വളരെ ലളിതമായും അല്ലാത്തവര്‍ക്ക് പ്രയാസമുള്ളതായും അനുഭവപ്പെടും. മനസ്സിനുള്ളിലേക്ക് വിശ്വാസം ആഴ്നിറങ്ങിയവര്‍ക്കു അതിരാവിലെ എഴുനേറ്റ് അംഗശുദ്ധി വരുത്തി തന്‍റെ സൃഷ്ടാവിന്റെ മുന്നില്‍ മുഖം കുനിക്കുന്നത് ഒട്ടും പ്രയാസകരമല്ല. പരലോക ചിന്തയില്ലാത്തവര്‍ക്കാകട്ടെ അത് കഠിനപ്രവൃത്തി തന്നെയാണ്. കപടവിശ്വാസികള്‍ക്ക് ഏറ്റവും പ്രയാസം കൂടിയ നമസ്കാരം ഇശാഅ', സുബഹി എന്നിവയാണെന്നു നബി (സ) പറഞ്ഞത് കാണാം.

അല്ലാഹുവിങ്കലേക്ക്‌ തിരിച്ചു ചെല്ലേണ്ടവരാണെന്നും അവന്‍റെ വിചാരണ നേരിടേണ്ടതുണ്ടെന്നും വിശ്വസിക്കുന്നവര്‍ക്ക് ഈ ഭൂമിയിലെ ഏതു പ്രവര്‍ത്തനവും പ്രയാസമുള്ളതാവില്ല. പരലോകത്ത് ലഭിക്കാനിരിക്കുന്ന അവര്‍ണനീയമായ സ്വര്‍ഗീയ സുഖങ്ങളുടെ മുന്നില്‍ ഇവിടെ ഏതു പ്രയാസവും സഹിക്കാന്‍ അവനു കഴിയും. ഇല്ലെങ്കില്‍ വരാനിരിക്കുന്ന കഠിനശിക്ഷ അവന്‍ ഭയപ്പെടുന്നുണ്ട്.

ജീവിതത്തിനു അടുക്കും ചിട്ടയും വെളിച്ചവും നല്‍കുന്ന ഒരു മഹത്തായ ആരാധനയാണ് നമസ്കാരം. ഏതു തിരക്കുകള്‍ക്കിടയിലും തന്‍റെ നാഥനെ അല്‍പ്പസമയം പ്രത്യേകമായി ഓര്‍ക്കാനും അവനോടുള്ള ബന്ധം സുദൃഡമാക്കാനും വിശ്വാസി സമയം കണ്ടെത്തും. അതേസമയം പരലോകചിന്തയും ദൈവബോധവും ഇല്ലാത്തവര്‍ക്ക് ഇതൊരു വലിയ പ്രയാസകരമായി തോന്നുകയും ചെയ്യുന്നതാണ്.

by അബ്ദു സലഫി @ പുടവ കുടുംബമാസിക