അല്ലാഹുവിന് പുറമെ പ്രാര്‍ഥിക്കപ്പെടുന്നവര്‍

"അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല. നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു." [അദ്ധ്യായം 16 : 20 ,21 ,22]

വ്യാഖ്യാനം :

20 ) മരണപ്പെട്ടുപോയ മഹാന്മാരെയും മഹതികളെയും മറ്റും വിളിച്ചു സഹായം (ഇസ്തിഗാസ) ചെയ്യുന്നവരാണ് ഇവിടെ ഉദ്ദേശം. സൃഷ്ടിക്കപ്പെട്ടവരെ വിളിച്ചു തേടാന്‍ പാടില്ലെന്നും സൃഷ്ടാവിനെ മാത്രമേ വിളിച്ചു തേടാന്‍ പാടുള്ളുവെന്നും സൂക്തം വ്യക്തമാക്കുന്നു. ബദ്രീങ്ങളും, മുഹയുദ്ധീന്‍ ശെയ്ക്കും ലാത്തയും ഈസാ നബിയും എല്ലാം സൃഷ്ടിക്കപ്പെട്ടവരാണ്. യാതൊന്നിനെയും അവര്‍ സൃഷ്ടിച്ചിട്ടില്ല. അന്ത്യദിനം വരെ പുതിയ വ്യക്തികളെ മനുഷ്യന്‍ വിളിച്ചു തേടുവാന്‍ സാധ്യതയുള്ളത് കൊണ്ടാണ് 'അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നു' എന്ന ഭാവിയെക്കുറിക്കുന്ന പദം അല്ലാഹു പ്രയോഗിച്ചത്.

21 ) മരണപ്പെട്ടവരേയും മരണപ്പെടുന്ന സ്വഭാവം ഉള്ളവരുമായ ആരെയും കാര്യകാരണബന്ധങ്ങള്‍ക്ക് അപ്പുറമുള്ള സംഗതികള്‍ക്ക് വേണ്ടി വിളിച്ചു സഹായം തേടുവാന്‍ പാടില്ലെന്ന് വ്യക്തമായി ഉണര്‍ത്തുകയാണ്. മരണപ്പെട്ടവരും അദൃശ്യരുമായ മഹാന്മാരാണ് ഇവിടെ ഉദേശിക്കുന്നത് എന്ന് 'ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല' എന്ന പ്രസ്താവന യാതൊരു സംശയത്തിനും പഴുതില്ലാത്ത വിധം വ്യക്തമാക്കുന്നു. വിഗ്രഹങ്ങളെയായിരുന്നില്ല മറിച്ച് വിഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മഹാന്മാരെയായിരുന്നു വിഗ്രഹാരാധകന്മാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് ഇമാം റാസി (റ) തന്‍റെ തഫ്സീറില്‍ 25ല്‍ അധികം സ്ഥലങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ വിഗ്രഹങ്ങള്‍ എന്ന് ഇവിടെ അര്‍ഥം നല്‍കിയാലും വിരോധമില്ല. അതായത് വിഗ്രഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവര്‍ എന്നര്‍ത്ഥം. യേശുക്രിസ്തുവിന്‍റെ വിഗ്രഹത്തെ വിളിച്ചു വല്ല മനുഷ്യനും വിളിച്ചു തേടിയാല്‍ ഖുര്‍ആനിന്റെ ഭാഷയില്‍ വിഗ്രഹവും അദ്ദേഹവും കേള്‍ക്കുകയില്ല. മരണപ്പെട്ടവര്‍ എന്ന വിശേഷണം വിഗ്രഹത്തെക്കാള്‍ യോജിക്കുക ശൈഖിനാണ്. മലക്കുകളും ഈ സൂക്തത്തില്‍ ഉദ്ദേശിക്കപ്പെടുമെന്ന് ഇമാം റാസി (റ) ഉദ്ധരിക്കുന്നു. അതായത് അവര്‍ക്കും മരണം അനിവാര്യമാണ് (റാസി 20 -16 ).

22 ) പുനര്‍ജീവിതത്തില്‍ രക്ഷ കിട്ടുവാനും അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നും ശുപാര്‍ശ മൂലം മോചനം ലഭിക്കുവാനുമാണ്‌ മനുഷ്യര്‍ അല്ലാഹുവിനു പുറമേ മറ്റുള്ളവരെ പ്രധാനമായും വിളിച്ചു തേടുന്നത്. അതിനാല്‍ യഥാര്‍ത്ഥമായ പരലോകത്തില്‍ ഇവര്‍ വിശ്വസിച്ചിട്ടില്ലെന്നു വിവക്ഷ. തെളിവുകളെ അവഗണിക്കുന്ന സ്വഭാവം മനുഷ്യര്‍ക്കുണ്ടായാല്‍ നിഷേധാത്മകമായ ഒരു സ്വഭാവം ഹൃദയത്തിനു ഉണ്ടാകുന്നതാണ്. സത്യത്തെ നിഷേധിക്കലാണ് അഹങ്കാരത്തിന്റെ ഒരു വിവക്ഷ.

by അബ്ദുസ്സലാം സുല്ലമി @ ഖുര്‍ആനിന്റെ വെളിച്ചം