ആത്മനിയന്ത്രണത്തിന്‍റെ ആഘോഷപ്പെരുന്നാള്‍

ഇതാ ഒരിക്കല്‍ കൂടി ഈദുല്‍ ഫിതര്‍ സമാഗതമായി. അല്ലാഹുവിനു വേണ്ടി മനുഷ്യന്‍ സഹിച്ച വിശപ്പിന്റെയും അര്‍പ്പിച്ച ആരാധനകളുടെയും തൊട്ടുപിന്നാലെ വരുന്ന ആത്മഹര്ഷത്തിന്റെയും കൊണ്ടാട്ടപ്പെരുന്നാള്‍.

ഇതര സമൂഹങ്ങളെപ്പോലെ ഏതെങ്കിലും മതാചാരത്തിന്റെയോ പുണ്യപുരുഷന്‍റെയോ ജന്മദിനത്തിന്റെയോ ചരമദിനത്തിന്റെയോ മറ്റേതെങ്കിലും പ്രാദേശികമോ ദേശീയമോ ആയ ചരിത്രസംഭവത്തിന്റെയോ ഓര്‍മ പുതുക്കാനുള്ളതല്ല ഇസ്ലാമിലെ രണ്ടു പെരുന്നാളുകള്‍. മറിച്ചു പ്രധാനപ്പെട്ട രണ്ടു ആരാധനകളുമായി ബന്ധപ്പെട്ട പുണ്യ ദിനങ്ങളാണവ. ഈദുല്‍ അദ്ഹ ഹജ്ജുമായും ഈദുല്‍ ഫിതര്‍ റമദാന്‍ നോമ്പുമായും ബന്ധപ്പെട്ടു നിശ്ചയിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഭൌതികപ്രദമായ ആഘോഷപരതയും ആഹ്ലാദപ്രകടനവും മാത്രമല്ല, അതിലുപരി ആത്മീയമായ ധ്യാനപരതയും ദൈവാഭിമുഖ്യവുമാണ് ഈ പെരുന്നാളുകളുടെ അടിസ്ഥാന ഭാവം. അവ, തിന്നാനും കുടിക്കാനും ആഹ്ലാദിക്കാനും മാത്രമുള്ള വെറും ആഘോഷ വേളകളല്ല. അനുവദനീയമായ ആനന്ദങ്ങള്‍ ആസ്വദിച്ചുകൊണ്ട് തന്നെ, ദൈവത്തെ വാഴ്ത്താനും അവനോടു നന്ദി പ്രകടിപ്പിക്കാനുമുള്ള പുണ്യമുഹൂര്‍ത്തങ്ങളാണ്.

ഈദുല്‍ ഫിതര്‍ വലിയൊരു സാഫല്യത്തിന്റെ ആഘോഷമാണ്. റമദാന്‍ മാസം മുഴുവന്‍ ഏറെ ക്ഷമിച്ചും സഹിച്ചും ശരീരേച്ചകള്‍ നിയന്ത്രിച്ചും ദൈവസ്മരണയിലും ആരാധനകളിലും പ്രാര്‍ത്ഥനകളിലും മുഴുകിയും അല്ലാഹുവിന്‍റെ പ്രീതിമാത്രം കാംക്ഷിച്ചുകൊണ്ട് നോമ്പ് നോല്‍ക്കാന്‍ കഴിഞ്ഞതിലുള്ള സത്യവിശ്വാസിക്ക്‌ തന്‍റെ സാഫല്യബോധവും സന്തോഷവും പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം. ഈദുല്‍ ഫിതര്‍ - ഫിത്രിന്റെ ഈദ്- എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് അതാണ്‌. ഈദ് എന്നാല്‍ ആഘോഷം. ഫിതര്‍ എന്നാല്‍ നോമ്പ് മുറിക്കല്‍, അഥവാ അവസാനിപ്പിക്കല്‍. വിജയകരമായി റമദാന്‍ നോമ്പ് പൂര്‍ത്തിയാക്കി അവസാനിപ്പിക്കുന്ന ആഘോഷം എന്നര്‍ത്ഥം. നോമ്പറുതിപ്പെരുന്നാള്‍ എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താമെന്നു തോന്നുന്നു.

ഈദുല്‍ ഫിതര്‍ നന്ദിപ്രകടനത്തിന്‍റെ ആഘോഷം കൂടിയാണ്. അതായത്, മുകളില്‍ പറഞ്ഞത്പോലെ ദൈവപ്രീതിക്ക് വേണ്ടി കഷ്ടപ്പെട്ടു നോമ്പ് നോല്‍ക്കാന്‍ കഴിയുക എന്ന ഏറ്റവും വലിയ അനുഗ്രഹം തനിക്കു പ്രദാനം ചെയ്തതിനും അത് തനിക്കു സാധ്യമാക്കിതന്നതിനും സത്യവിശ്വാസി അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി നന്ദി പ്രകടിപ്പിക്കാനും അവന്‍റെ മഹത്വം പ്രകടിപ്പിക്കാനും അവന്‍ തന്നെ ഏര്‍പ്പെടുത്തിത്തന്ന സുദിനം. റമദാന്‍ മാസത്തില്‍ വ്രതമനുഷ്ടിക്കണമെന്നു കല്പ്പിച്ചതിനു ശേഷം അല്ലാഹു പറയുന്നു : "(അങ്ങനെ കല്‍പ്പിച്ചത്) നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദി പ്രകടിപ്പിക്കുവാനും വേണ്ടിയത്രെ" [ഖുര്‍ആന്‍ 2 :185]. ഈ ദൈവാജ്ഞ അനുസരിച്ച്കൊണ്ടാണ് മുസ്ലിംകള്‍ പെരുന്നാള്‍ദിനം മുഴുവന്‍ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടും ദൈവപ്രകീര്‍ത്തനമന്ത്രം ഉച്ചത്തില്‍ മുഴക്കി കൊണ്ടിരിക്കുന്നത്.

ഉന്നതമായ സാമൂഹ്യബോധത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രകടനം കൂടിയാണ് ഈദുല്‍ ഫിതര്‍. ഒരു മുസ്ലിം, വ്യക്തിയെന്ന നിലയില്‍ സ്വന്തം കുടുംബത്തോടൊന്നിച്ചു തിന്നും കുടിച്ചും ആഹ്ലാദിക്കാന്‍ മാത്രമുള്ള അവസരമല്ല അത്. മറിച്ച്, ഒരു മുസ്ലിമിന്‍റെ സന്തോഷം മറ്റു മുസ്ലിംകളും അവരുടെ സന്തോഷം അവനും പരസ്പരം പങ്കുവെക്കുകയും അങ്ങനെ ഓരോരുത്തരും സമൂഹമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന ഒരു ഐക്യ പ്പെരുന്നാളാണത്. അത് കൊണ്ടാണ്, മുസ്ലിംകള്‍ ആബാലവൃദ്ധം സ്ത്രീപുരുഷ ഭേദമന്യേ ഈദു ഗാഹുകളില്‍ ഒരുമിച്ചു കൂടാനും സംഘടിതമായ നമസ്കാരത്തില്‍ പങ്കെടുക്കാനും ഇമാമിന്‍റെ പ്രസംഗം ശ്രവിക്കാനും പരസ്പരം സ്നേഹസൌഹൃദങ്ങള്‍ കൈമാറാനും ബന്ധുമിത്രാദികളുടെ വീടുകള്‍ പരസ്പരം സന്ദര്‍ശിച്ചു ആശ്വാസം പകര്‍ന്നുകൊടുക്കാനും മറ്റും ഇസ്ലാം നിര്‍ദേശിച്ചത്. എല്ലാവരും സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യണമെന്ന ലക്‌ഷ്യം വെച്ചുകൊണ്ട് ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള ഫിതര്‍ സകാത്ത് എന്ന പ്രത്യേകദാനം നിര്‍വഹിക്കണമെന്നും ഇസ്ലാം കല്‍പ്പിക്കുന്നത്. ഇങ്ങനെ സമത്വസുന്ദരവും മനുഷ്യസ്നേഹാധിഷ്ടിതവും സാമൂഹ്യക്ഷേമോന്മുഖവുമായ ഏതെങ്കിലും ആഘോഷം മുസ്ലിംകളുടെ ചെറിയ പെരുന്നാളല്ലാതെ വേറെയുണ്ടോ?

ഈദുല്‍ ഫിതര്‍ പ്രത്യാശയുടെ സന്ദേശം കൂടി നല്‍കുന്നു. ത്യാഗപൂര്‍ണ്ണവും ശ്രമകരമുമായ വ്രതാനുഷ്ടാനത്തിനു ശേഷം വരുന്ന ഈ പെരുന്നാള്‍ പ്രയാസത്തിനുശേഷം ആശ്വാസവും അധ്വാനത്തിന് ശേഷം വിശ്രമവുമുണ്ടാകുമെന്ന പ്രതീക്ഷക്കു വക നല്‍കുന്നു. ഈ സന്ദേശം ജീവിതസമരത്തില്‍ ദൈവത്തില്‍ ദൃഡമായി വിശ്വാസമര്‍പ്പിച്ചുകൊണ്ട് ധൈര്യപൂര്‍വ്വം മുന്നോട്ട് പോകാന്‍ സത്യവിശ്വാസിയെ സഹായിക്കാതിരിക്കില്ല.

by ഡോ: ഇ കെ അഹമ്മദ് കുട്ടി  
© ഹിലാല്‍ ഈദ് പതിക