കരുതിവെച്ച് ഒരു കാത്തിരിപ്പ്

പൂജാമുറിയിലെ കല്‍വിഗ്രഹത്തിനു മുന്നില്‍ ഏറെനേരം തൊഴുകൈയോടെ നിന്നു. പിന്നീട് അതിനെ വിലപിടിച്ച പട്ടു പുതപ്പിച്ചു. സുഗന്ധദ്രവ്യക്കടയില്‍ നിന്നു വരുത്തിയ മേത്തരം വാസനാദ്രവ്യം അതില്‍ ആവശ്യത്തിലധികം പുരട്ടി. അബൂദര്‍ദാഇന്‍റെ ഒരു ദിനം ആരംഭിക്കുകയായിരുന്നു.

അത്തര്‍ വ്യാപാരിയായ അബൂദര്‍ദാഅ' സമ്പന്നനായിരുന്നു. സര്‍വ സുഖങ്ങളുടെയും തോഴനും. എന്നാല്‍ ഇസ്ലാമിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ തുറന്നപ്പോള്‍ ജീവിതം മാറി. പൂജാമുറിയും കല്‍പ്രതിമയും ഓര്‍മയായി. ഹൃദയത്തില്‍ സദാ പരിമളം വിതറി. ഇസ്ലാമും തിരുനബിയും അബൂദര്‍ദാഇന്‍റെ വികാരമായി. പിന്നീടുള്ള ആ ജീവിതം പരലോക വിജയത്തിനു വേണ്ടി മാത്രമായിരുന്നു.

സുഖസൌകര്യങ്ങള്‍ വെടിഞ്ഞു ആരാധനാകര്‍മ്മങ്ങളില്‍ ലയിച്ചു അദ്ദേഹം സമയം ചെലവിട്ടു. പരലോകത്തിന് വേണ്ടി സഹിക്കാനും ത്യജിക്കാനും അബൂദര്‍ദാഅ' ഉത്സാഹം കാട്ടി.

ഒരു തണുപ്പുള്ള രാത്രി; ആകസ്മികമായി വന്നുകയറിയ വിരുന്നുകാരെ നിറഞ്ഞ ഹൃദയത്തോടെ അദ്ദേഹം വരവേറ്റു. ലളിതമായ ഭക്ഷണം അവര്‍ക്കായി വിളമ്പി. ഉറങ്ങാന്‍ പരിമിതമായ ഇടവും നല്‍കി. അസ്ഥികളിലേക്ക് തുളച്ചു കയറുന്ന കൊടുംതണുപ്പില്‍, പുതപ്പില്ലാതെ തറയില്‍ കിടന്ന വിരുന്നുകാരില്‍ നിന്നു ഉറക്കം അകന്നുനിന്നു. ഒടുവില്‍ ഒരാള്‍ പുതപ്പു അന്വേഷിച്ചു ഗൃഹനാഥനെ സമീപിച്ചു. ഒട്ടകപ്പുറത്ത് വിരിക്കുന്ന തുണിയില്‍ തലവെച്ചു നിലത്തു അബൂദര്‍ദാഅ' സുഖമായുറങ്ങുന്നു. വിരുന്നുകാരന്‍ തിരിഞ്ഞു നടന്നു.

"പുതപ്പില്ലാത്തതിനാല്‍ ഉറക്കം വരുന്നില്ല അല്ലേ?" ചോദ്യംകേട്ട വിരുന്നുകാരന്‍ പരുങ്ങി. "നിങ്ങളും പുതപ്പില്ലാതെയാണോ കിടന്നുറങ്ങുന്നത്?" അദ്ദേഹം തിരിച്ചു ചോദിച്ചു.

അബൂദര്‍ദാഅ' പറഞ്ഞു : "പുതപ്പുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് നല്‍കുമായിരുന്നു. ഞങ്ങള്‍ ഈ വീട്ടില്‍ ഒന്നും സൂക്ഷിക്കാറില്ല. ദുര്‍ഘടപാതയിലെ ഗിരിനിരക്കപ്പുറം മറ്റൊരു വീടുണ്ട് ഞങ്ങള്‍ക്ക്. ഇവിടെയുള്ളതെല്ലാം അങ്ങോട്ട്‌ കൊടുത്തു വിടാറാണ് പതിവ്. ഇവിടുത്തെ താമസം മതിയാക്കി അങ്ങോട്ട്‌ പോകുമ്പോള്‍ ഭാരമില്ലാതെ പര്‍വതം താണ്ടിക്കടക്കാമല്ലോ".

"നിങ്ങള്‍ സുഖമായുറങ്ങൂ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ" വിരുന്നുകാരന്‍ പിന്‍വാങ്ങി. രാത്രിയിലെ ഏതോ യാമത്തില്‍ ഉറക്കം കൂട്ടിനെത്തുംവരെ ആതിഥേയനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മനം നിറയെ.

by വി എസ് എം @ പുടവ കുടുംബമാസിക