സകാത്ത്

മനുഷ്യന് ദൈവം നല്‍കിയ അതിപ്രധാന അനുഗ്രഹമാണ് സമ്പത്ത്. നന്മ എന്നര്‍ഥം വരുന്ന 'ഖൈര്‍' എന്ന പദം ഖുര്‍ആന്‍ പ്രയോഗിക്കുകയും സമ്പത്തിനെ സ്‌നേഹിക്കുക എന്നത് മനുഷ്യസഹജമാണെന്ന് പറയുകയും ചെയ്യുന്നു (വി.ഖു. 100:8). നിലനില്‍പിനുള്ള മാര്‍ഗം എന്ന വിശേഷണവും കാണാം. നിങ്ങളുടെ നിലനില്‍പിനാധാരമായി അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ള ധനത്തെ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് വിട്ടുകൊടുക്കരുത്. (4:5)

സമ്പത്താകുന്ന ദൈവികാനുഗ്രഹം മനുഷ്യര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റക്കുറവുണ്ടാവും. ആര്‍ജിക്കാനുള്ള കഴിവും വ്യത്യസ്തമാണ്. എന്നാല്‍, തനിക്കു ലഭിച്ച അനുഗ്രഹം സമസൃഷ്ടികള്‍ക്ക് വേണ്ടി പങ്കുവെക്കേണ്ടത് വിശ്വാസത്തിന്റെയും ധര്‍മബോധത്തിന്റെയും ഭാഗമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (34:39). ധനത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണെന്നും മനുഷ്യര്‍ അത് മാറിമാറി കൈകാര്യം ചെയ്യുന്ന ട്രസ്റ്റിമാരാണെന്നുമാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. 'അവന്‍ നിങ്ങളെ ഏതൊരു സ്വത്തിന്റെ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയോ അതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക' (57:7). 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ സ്വത്തില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കുക' (24:33). ധനികന് തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ അഹങ്കരിക്കാനോ പിടിച്ചുവെക്കാനോ പാടില്ല. സമ്പത്തിന്റെ വികേന്ദ്രീകരണത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞ ന്യായം ശ്രദ്ധേയമാണ്: 'സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ ചുറ്റിത്തിരിയുന്ന അവസ്ഥയില്ലാതിരിക്കാന്‍ വേണ്ടി' (59:7).

ധനികന്റെ സമ്പത്ത് നിശ്ചിത പരിധിയിലെത്തിയാല്‍ നിര്‍ണിതമായ ഒരു വിഹിതം, തന്റെ ഔദാര്യമെന്ന നിലയിലല്ല, പാവങ്ങളുടെ അവകാശമായി നല്‍കണം. ഇതിനാണ് സകാത് എന്ന് പറയുന്നത്. 'തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചുവരുന്നവനും ഉപജീവനം തടയപ്പെട്ടവനും നിര്‍ണിത അവകാശം നല്‍കുന്നവന്‍' (70:24:25). ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്. ഒരാള്‍ മുസ്‌ലിമായി എന്ന് അംഗീകരിക്കപ്പെടുന്നത് നമസ്‌കാരവും സകാത്തും നിര്‍വഹിക്കുന്നതോടെയാണ് (9:11). സകാത് എന്ന പദത്തിന് വിശുദ്ധി, വര്‍ധന, വളര്‍ച്ച എന്നൊക്കെയാണ് ഭാഷാര്‍ഥം. മുഹമ്മദ് നബി പുതുതായി കൊണ്ടുവന്ന ഒരനുഷ്ഠാന കര്‍മമല്ല സകാത്. അദ്ദേഹത്തിന് മുമ്പുള്ള പ്രവാചകന്മാരും സകാത്തിന് അനുശാസിക്കപ്പെട്ടതായി ഖുര്‍ആന്‍ വിവരിക്കുന്നു. (2:83, 5:12, 21:73)

ഒരു മുസ്‌ലിം ചെയ്യേണ്ട അനുഷ്ഠാന കര്‍മങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സകാത്. നമസ്‌കാരം നിര്‍വഹിക്കാത്തവന് മുസ്‌ലിം സമുദായത്തില്‍ അംഗീകാരമില്ല; അതുപോലെത്തന്നെയാണ് സകാത് നിഷേധിയും. സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ് സകാത് നല്‍കുക എന്നതും. (41:6,7). അബൂബക്കര്‍ ഖലീഫയായി ഉത്തരവാദിത്തമേറ്റെടുത്തപ്പോള്‍, സകാത് നല്‍കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ് സത്യം, നമസ്‌കാരത്തിന്റെയും സകാതിന്റെയുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവനോട് ഞാന്‍ സമരം ചെയ്യും; പടച്ചവനാണ, പ്രവാചകന് അവര്‍ നല്‍കാറുണ്ടായിരുന്ന ഒരു ഒട്ടകക്കുട്ടിയെയെങ്കിലും അവര്‍ എനിക്ക് നിഷേധിച്ചാല്‍ ഞാനവരോട് യുദ്ധം ചെയ്യും.' (ബുഖാരി, മുസ്‌ലിം)

സകാത് നല്‍കാത്തത് ഐഹിക ജീവിതത്തില്‍ തന്നെ ദൈവികശിക്ഷ വിളിച്ചുവരുത്തും. സകാത് നല്‍കാത്ത ഏത് സമൂഹത്തെയും അല്ലാഹു ക്ഷാമവര്‍ഷങ്ങള്‍കൊണ്ട് പരീക്ഷിക്കാതിരിക്കില്ല (ത്വബ്‌റാനി). സകാത് നല്‍കാത്തവന്റെ ബാക്കി ധനംപോലും ദുഷിക്കുമെന്നും കാണാം. സകാത് ഏതൊരു ധനവുമായി കലരുന്നുവോ അത് മറ്റേതിനെ കേടുവരുത്താതിരിക്കില്ല (ബൈഹഖി). കൂടാതെ മരണാനന്തര ജീവിതത്തില്‍ കഠിനമായ ശിക്ഷക്ക് വിധേയമാകുമെന്നാണ് ഖുര്‍ആന്‍ താക്കീത് നല്‍കുന്നത് (9:34,35). സകാത് കേവലം നികുതിയോ സാമ്പത്തിക ഇടപാടോ അല്ല, മറിച്ച് അല്ലാഹുവിനുള്ള ആരാധനയാണ്. ആരാധനയില്‍ വീഴ്ച വരുത്തിയാല്‍ ശിക്ഷ ഉറപ്പായിരിക്കുമല്ലോ.

സകാത് വ്യക്തിഗതമായ ബാധ്യതയാണെങ്കിലും അതിന്റെ നിര്‍വഹണം സാമൂഹികമായിട്ടായിരിക്കണം. നബിയുടെ കാലത്ത് സകാത് ശേഖരിക്കാന്‍ ആളുകളെ (ആമില്‍) നിയോഗിക്കുകയും ചിലര്‍ നബിയെ നേരിട്ട് ഏല്‍പിക്കുകയും സകാത് നല്‍കുന്നവരുടെ ഗുണത്തിനായി നബി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

അല്ലാഹുവിനുള്ള ഇബാദത് എന്ന നിലയില്‍ സൂക്ഷ്മത പുലര്‍ത്തി മാത്രമായിരിക്കണം സകാതിനെ സമീപിക്കേണ്ടതും കുറ്റമറ്റ നിലയില്‍ ചെയ്യേണ്ടതും. അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീന്‍.

by സലാഹുദ്ദീന്‍ മദനി @ മാധ്യമം ദിനപത്രം