വ്രതം മതങ്ങളില്‍

സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികരോടു കല്‍പ്പിച്ചിരിക്കുന്നപോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധാനുഷ്ഠാനമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തെറ്റിനെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത് . (ഖുറാന്‍ 2:183)

പൂര്‍വികരോടു കല്‍പ്പിച്ചിരിക്കുന്നതു പോലെ എന്നാണു വ്രതത്തെപ്പറ്റി ഖുറാനിന്‍റെ പരാമര്‍ശം. ഇസ്ലാമിലെ മറ്റ് ആരാധനാനുഷ്ഠാനങ്ങളില്‍നിന്നു വ്യത്യസ്തമായൊരു പരാമര്‍ശമാണിത്. സവിശേഷമായ ഈ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍വിക മതസമൂഹങ്ങളിലെ ആചാര-അനുഷ്ഠാനങ്ങളില്‍ വ്രതം അഥവാ ഉപവാസം എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നു വിശകലനം ചെയ്യാം.

വ്രതം മതാനുഷ്ഠാനമായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല. അനുഷ്ഠാന രീതിയില്‍ സ്ഥലകാലങ്ങളുടെയും ജനസമൂഹങ്ങളുടെയും സ്ഥിതിയനുസരിച്ച് അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങള്‍ കണ്ടെന്നുവരാം. എന്നാലും മതചിട്ട എന്ന നിലയില്‍ എല്ലാ സമുദായങ്ങളിലും രാജ്യങ്ങളിലും നോമ്പ് എന്ന സമ്പ്രദായമുണ്ട് . (എന്‍സൈക്ലൊപീഡിയ ബ്രിട്ടാനിക്ക)

ക്രിസ്തുമതത്തില്‍

പിന്നീട് പിശാചിന്‍റെ പ്രലോഭനം നേരിടാനായി യേശുവിനെ പരിശുദ്ധാത്മാവ് ഭൂമിയിലേക്കു നയിച്ചു. നാല്‍പ്പത് രാവും നാല്‍പ്പത് പകലും അവന്‍ ഉപവസിച്ചു. (മത്തായിയുടെ സുവിശേഷം 4:2).
പിശാചിന്‍റെ പ്രലോഭനങ്ങളെ അതിജയിക്കാന്‍ ക്രിസ്തു വ്രതമെടുത്തെന്നാണ് ഇവിടെ ബൈബിളിന്‍റെ പരാമര്‍ശം. മുസ്ലിംകളുടെ വ്രതാനുഷ്ഠാനത്തിന്‍റെ അകക്കാമ്പും ഇതുതന്നെ. വ്രതമാസത്തിന്‍റെ പ്രധാന സവിശേഷതയായി പ്രവാചക തിരുമേനി പഠിപ്പിക്കുന്നതുതന്നെ പൈശാചികതയില്‍നിന്നുള്ള വിമോചനമത്രെ. റംസാന്‍ സമാഗതമായാല്‍ നരകകവാടങ്ങള്‍ അടയ്ക്കപ്പെടും. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും. പിശാച് ബന്ധനസ്ഥനാക്കപ്പെടും(നബിവചനം). വ്രതം പൈശാചികതകളെ പ്രതിരോധിക്കുന്ന പരിചയത്രേ’’ (നബിവചനസാരം)

കപടഭക്തിയോടെ വ്രതമനുഷ്ഠിക്കുന്നവരെ ക്രിസ്തു നിരാകരിക്കുന്നുണ്ട് ബൈബിളില്‍. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു..! നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം വൃത്തിയാക്കുകയും ചെയ്യണം. രഹസ്യത്തിലിരിക്കുന്ന നിന്‍റെ പിതാവൊഴികെ ആരും നിന്‍റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു സമ്മാനം നല്‍കുകയും ചെയ്യും. (മത്തായിയുടെ
സുവിശേഷം 6:16)

വ്രതം അല്ലാഹുവുമായിട്ടുള്ള ത്യാഗപൂര്‍ണമായ ആത്മബന്ധത്തിന്‍റെ അടയാളമായിട്ടാണു മുഹമ്മദ് നബി വിശേഷിപ്പിക്കുന്നത്. “”വ്രതം പ്രത്യേകമായി എനിക്കുള്ളതാണ്, ഞാനതിനു പ്രത്യേകമായി പ്രതിഫലം നല്‍കും എന്ന ദൈവിക വാഗ്ദാനം പ്രവാചക തിരുമേനി നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഹിന്ദുമതത്തില്‍

ഹിന്ദുമതത്തില്‍ അഗ്നിപുരാണ പ്രകാരം പാപത്തില്‍നിന്ന് ഉപാവര്‍ത്തനം ചെയ്ത് (വിരമിച്ച്) നടത്തുന്ന വാസമാണ് ഉപവാസമെന്ന് അറിയപ്പെടുന്നത്. ഉപവാസം അനുഷ്ഠിക്കുന്നവര്‍ ഭക്ഷണം, വെള്ളം എന്നിവ മാത്രമല്ല ദേഹാലങ്കാരം, സ്ത്രീസംസര്‍ഗം, താംബൂലം തുടങ്ങിയവയും വര്‍ജിക്കേണ്ടതുണ്ട്. യാഗം, ഹോമം, പൂജ, ഉപാസന തുടങ്ങിയ അനുഷ്ഠാനങ്ങളിലും ഉപനയനം, വിവാഹം, ശ്രാദ്ധം, പരേതര്‍ക്കുള്ള ശേഷക്രിയകള്‍ തുടങ്ങിയ കര്‍മങ്ങളിലും ഹൈന്ദവര്‍ ഉപവാസവ്രതം അനുഷ്ഠിക്കണമെന്നു ശ്രുതി-സ്മൃതികള്‍ അനുശാസിക്കുന്നു.

രാത്രിയില്‍ ആഹാരം വര്‍ജിച്ചുകൊണ്ട് അടുത്തദിവസം ചെയ്യേണ്ട ശ്രാദ്ധം മുതലായ അനുഷ്ഠാനങ്ങള്‍ക്കു തയ്യാറെടുക്കേണ്ട ചില അര്‍ധോപവാസ വിധികളുമുണ്ട്. ഒരു രാത്രിനേരം ഭക്ഷണം എന്ന അര്‍ഥത്തില്‍ ഈ പതിവിന് ഒരിക്കല്‍ എന്നും “ഒരിക്കലൂണ് ‘ എന്നും പറഞ്ഞു വരുന്നു. ഈ ഒരിക്കല്‍ നോയ്മ്പ് ഞായര്‍, തിങ്കള്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികളിലും ആചരിച്ചുവരുന്നു. പകല്‍ ഒരുനേരം മാത്രം ആഹാരം കഴിച്ചോ അന്നത്തേയ്ക്കു മറ്റ് ആഹാരസാധനങ്ങള്‍ വര്‍ജിച്ചോ രാത്രിയില്‍ അത്താഴത്തിന്‍റെ സ്ഥാനത്ത് ചോറിനുപകരം എന്തെങ്കിലും പലഹാരം കഴിച്ചോ ഈ വ്രതമനുഷ്ഠിക്കുന്ന പതിവുണ്ട്. (എന്‍ബിഎസ് വിജ്ഞാനകോശം - ഉപവാസം) ബ്രാഹ്മണ സമൂഹത്തിനു പ്രത്യേകമായി എല്ലാ ഹിന്ദി മാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തീയതികളില്‍ വ്രതാനുഷ്ഠാനം ഉള്ളതായി ആചാര്യന്മാര്‍ വിശദീകരിക്കുന്നു.

ജൂത മതത്തില്‍

ബാബിലോണ്‍ സംഭവത്തിന്‍റെ നാളുകളിലെ തടവറ ജീവിതത്തിന്‍റേയും പീഡനത്തിന്‍റേയും സ്മരണയ്ക്കായി ചില പ്രത്യേക ദിനങ്ങളില്‍ അവര്‍ ദു:ഖമാചരിക്കുകയും വ്രതമെടുത്തുവരുകയും ചെയ്യുന്നു. മെയ്, ജൂണ്‍, ജൂലായ്, തിബത്ത് എന്നീ മാസങ്ങളിലാണു വ്രതം. മോശെ സിനായ് പര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്‍പ്പത് നാളുകളെ അനുസ്മരിച്ചുകൊണ്ട് ജൂതന്‍മാര്‍ അത്രയും ദിവസം വ്രതം അനുഷ്ഠിക്കുന്നതു പുണ്യമായി ഗണിച്ചുവരുന്നു. മോശെ നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനോടൊപ്പം കഴിഞ്ഞു (പുറപ്പാട് 34:28) ദൈവസാമീപ്യത്തിനാണു വ്രതമെന്ന വിശുദ്ധ ഖുറാന്‍റെയും (ഖുറാന്‍ 2:185-186) പ്രവാചകവചനത്തിന്‍റെയും അന്ത:സത്ത തന്നെയാണു മോശെയുടെ വ്രതാനുഷ്ഠാനത്തിലും നാം കാണുന്നത്.

ബുദ്ധ-ജൈന മതങ്ങളിലും അന്നപാനീയാദികള്‍ വെടിഞ്ഞുകൊണ്ടു ശരീരത്തെ ക്ഷീണിപ്പിക്കുന്നത് അവശരോടുള്ള അനുകമ്പയായി കരുതിവരുന്നു. വാവുതോറും ഉപവസിക്കുന്നവരും ഉമിനീരുപോലും ഇറക്കാതെ ഏകദിനവ്രതം ആചരിക്കുന്നവരും ബൗദ്ധ-ജൈന സമൂഹങ്ങളിലുണ്ട്. തുടര്‍ച്ചയായ നാല്‍പ്പത് ദിവസത്തെ വ്രതത്തെ ഒരു നോമ്പായിട്ടാണ് ഇവര്‍ ഗണിച്ചുവരാറുള്ളത്. ഇത്തരത്തിലുള്ള കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കുന്ന മതാധിപന്മാര്‍ ജൈനമത സമൂഹങ്ങളിലുണ്ട്. ആഴ്ചകള്‍ തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നവരും ഉണ്ട്.

എന്തായാലും വൈദിക മതങ്ങളിലെല്ലാം വ്രതം വിശുദ്ധമായ, ത്യാഗപൂര്‍ണമായ, ദൈവസാമീപ്യത്തിനുതകുന്ന ഒരു അനുഷ്ഠാനം തന്നെയാണ്. ശാരീരിക ശിക്ഷണവും ആത്മീയ സംസ്കരണവുമാണു വ്രതത്തിന്‍റെ കാതല്‍. തെറ്റുകളില്‍നിന്നും വിമുക്തി നേടണമെങ്കില്‍ ഇച്ഛകള്‍ നിയന്ത്രിക്കപ്പെടുകയും ആത്മീയവികാസം കൈവരിക്കുകയും വേണം. വ്രതം വിശ്വാസിക്കു പ്രത്യാശയായി തീരുന്നതും അതുകൊണ്ടുതന്നെ. പ്രഭാതം മുതല്‍ പ്രദോഷം വരെ പൂര്‍ണമായും അന്നപാനീയാദികള്‍ വെടിഞ്ഞുകൊണ്ടുള്ള പ്രവാചകന്മാരുടേയും ഋഷിശ്രേഷ്ഠന്മാരുടെയും വ്രതം അതിന്‍റെ തനിമയോടെ റംസാനില്‍ കാത്തുസൂക്ഷിക്കപ്പെടുന്നു.

by ബഷീര്‍ പട്ടേല്‍താഴം @ മെട്രോ വാര്‍ത്ത