അഹങ്കാരവും വിനയഭാവവും

നബി തിരുമേനി പറയുന്നു: ''മനസ്സില്‍ അണു അളവ് അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' ഇതു കേട്ടപ്പോള്‍ ഒരു അനുചരന്‍ തിരിച്ചു ചോദിച്ചു: ''ഒരാള്‍ തന്റെ വസ്ത്രം മനോഹരവും ചെരുപ്പ് മോടിയുള്ളതുമാകണമെന്ന് കൊതിക്കുന്നത് അഹങ്കാരമായിത്തീരുമോ? അപ്പോള്‍ പ്രവാചകന്‍ പ്രതിവചിച്ചത് ഇപ്രകാരമാണ്: ''അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗി ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യം നിരാകരിക്കലും ആളുകളെ കൊച്ചാക്കലുമാണ് അഹങ്കാരം'' (മുസ്‌ലിം)

അഹങ്കാരം ബാഹ്യദൃഷ്ടിയില്‍ തിരിച്ചറിയാവുന്ന ഒരു ദുര്‍ഗുണമായാണ് പലപ്പോഴും സമൂഹം തെറ്റിദ്ധരിക്കുന്നത്. മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഭേദപ്പെട്ട വീടുകളില്‍ ജീവിക്കുന്നതും മികച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും അഹങ്കാരിയുടെ ലക്ഷണമായി കരുതപ്പെടാറുണ്ട്. ഈ ധാരണയെ തിരുത്തുകയാണ് പ്രവാചകന്‍. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ജീവിതസൗകര്യങ്ങള്‍ ഉണ്ടാകുന്നത് ഒരു തെറ്റല്ല; അഹങ്കാരവുമല്ല - മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നവിധം അതിരുവിടുന്ന ധൂര്‍ത്തും ആര്‍ഭാടവുമായിത്തീരുന്നതുവരെ. അതുപോലെ വിലകുറഞ്ഞ വസ്ത്രങ്ങള്‍ അണിയുന്നതുകൊണ്ടോ, ചെറിയ വീടുകളില്‍ ജീവിക്കുന്നതുകൊണ്ടോ ഒരാള്‍ വിനീതനുമായിരിക്കുകയില്ല. മറിച്ച് അഹന്തയും വിനയവും രണ്ടു മനോഭാവങ്ങളാണ്.

ഉന്നത സാമ്പത്തികസ്ഥിതിയും ഉയര്‍ന്ന ജീവിതസൗകര്യവും അനുഭവിക്കുന്ന ഒരാള്‍ തന്റെ സഹജീവികളെക്കുറിച്ച് ചിന്തിക്കുകയും അവരോടുള്ള കടമകള്‍ മറക്കാതിരിക്കുകയും ചെയ്യുന്നത് അസ്വാഭാവികമൊന്നുമല്ല. മനസ്സില്‍ പണത്തേക്കാളും അതിന്റെ ആര്‍ത്തികളേക്കാളും ഉയരത്തില്‍ ദൈവബോധം പ്രതിഷ്ഠിച്ചവര്‍ വിനീതരായിത്തീരും. പര്‍ണശാലകളിലും ദേവാലയങ്ങളിലും കഴിയുന്ന സാത്വികവേഷധാരികള്‍, അഹങ്കാരികളാകുന്നതും സ്വാഭാവികം മാത്രം. മറ്റുള്ളവരെ അധമരായി കരുതുന്ന പണ്ഡിതഭാവവും ഭക്തിഭാവവും അഹങ്കാരം തന്നെയാണ്.

''നീ ജനങ്ങളെ പുച്ഛിക്കരുത്. പൊങ്ങച്ചംകാട്ടി ഭൂമിയിലൂടെ നടക്കുകയുമരുത്. അഹങ്കരിച്ചും ഊറ്റം കൊണ്ടും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ഖുര്‍ആന്‍). തന്നേക്കാള്‍ താഴെപടിയിലുള്ളവരെ ആദരിക്കാനും അവരെ പരിഗണിക്കാനും മിക്കയാളുകള്‍ക്കും സാധിക്കുന്നില്ല. ലോകത്ത് നടമാടുന്ന ഒട്ടധികം പ്രശ്‌നങ്ങള്‍ 'ഈഗോ' സൃഷ്ടിക്കുന്നതാണ്. എന്നാല്‍, സ്വയം താഴ്മ കാട്ടുന്നവരാണ് ഉന്നതര്‍ എന്ന തത്വം പ്രവാചകന്‍ പഠിപ്പിക്കുന്നു.

ഒരിക്കല്‍ ഖുറൈശി ഗോത്രത്തിലെ ഉന്നതസ്ഥാനീയരുമായി നബി ഒരു ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ, അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം അങ്ങോട്ടു കടന്നുചെന്നു. എന്നാല്‍ പ്രവാചകന് ഗൗരവപ്പെട്ട ചര്‍ച്ചയ്ക്കിടെ അദ്ദേഹത്തെ ഗൗനിക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തില്‍ നബിതിരുമേനിയെ ശക്തമായി വിമര്‍ശിക്കുന്ന ഒരധ്യായംതന്നെ ഖുര്‍ആനില്‍ ഉണ്ട് (അബസ). പ്രവാചകന്റെ മനസ്സില്‍ അഹന്തയുടെ കണികയില്ലാഞ്ഞിട്ടുപോലും, അന്ധനായ അബ്ദുല്ലയുടെ അഭിമാനബോധത്തെ ഉയര്‍ത്തിക്കാണിക്കാനാണ് ഖുര്‍ആന്‍ പ്രവാചകനെ വിമര്‍ശിച്ചിരിക്കുന്നതെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

By മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം