കപടവിശ്വാസവും ഭക്തിനാട്യവും

നബിതിരുമേനി പറയുന്നു: നാലു കാര്യങ്ങള്‍ ആരിലുണ്ടോ അയാള്‍ ശുദ്ധ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലുമൊന്ന് ഒരാളില്‍ അവശേഷിക്കുന്നുവെങ്കില്‍പോലും അതുപേക്ഷിക്കുവോളം അയാളില്‍ കാപട്യത്തിന്റെ അംശം ഉണ്ടായിരിക്കും; വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കള്ളം പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പുലഭ്യം പറയുക. (ബുഖാരി, മുസ്‌ലിം)

ദൈവവിശ്വാസം, ഏതാനും വിശ്വാസങ്ങളുടെയും ചില അനുഷ്ഠാനങ്ങളുടെയും സമാഹാരമല്ല. മികച്ച ജീവിതമൂല്യങ്ങള്‍ പ്രസരിപ്പിക്കാത്ത വിശ്വാസി ലക്ഷണമൊത്ത കപടനാണെന്നാണ് ഇവിടെ നബി വ്യക്തമാക്കുന്നത്. ദൈവവിശ്വാസികളുടെ എണ്ണം പെരുകുകയും സമൂഹത്തില്‍ അധാര്‍മികതയും സാംസ്‌കാരികച്യുതികളും കുതിച്ചുയരുകയും ചെയ്യുന്ന വൈരുധ്യത്തിനു നടുവിലാണ് ഈ തിരുവചനം ഓര്‍മിക്കേണ്ടത്.

സമൂഹത്തിന്റെ കെട്ടുറപ്പ്, അതിലെ വ്യക്തികള്‍ അന്യോന്യം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളിലാണ്. ഭൗതികമായ ഒരു നിയമംകൊണ്ടും ഈ മൂല്യങ്ങള്‍ സമ്പൂര്‍ണമായി പരിപാലിക്കാനാവില്ല. മൂല്യങ്ങളുടെ സാക്ഷാത്ക്കാരം, മനസ്സാക്ഷിയും മനോഭാവവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മനസ്സിനെ നിയമച്ചങ്ങലകള്‍കൊണ്ട് വിലങ്ങുവെക്കാനാകില്ലല്ലോ. തെളിവുകളുടെ ബലത്തില്‍ മാത്രമേ കോടതിക്കും പോലീസിനും കുറ്റവാളിയെ ശിക്ഷിക്കാനാകൂ. എന്നാല്‍, തെളിവു നഷ്ടപ്പെടുത്തിയാല്‍ ഒരു കുറ്റം കുറ്റമല്ലാതാകുന്നില്ല. ഏതു രഹസ്യ സന്ദര്‍ഭത്തിലും എത്ര അനുകൂല സാഹചര്യത്തിലും സത്യസന്ധത മുറുകെ പിടിക്കാന്‍ ഒരാള്‍ക്കു സാധിക്കുന്നത് ദൈവത്തിന്റെ നിത്യസാന്നിധ്യം അനുഭവിക്കുമ്പോഴാണ്. അതിനാല്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നവന്‍ ഫലത്തില്‍ വിശ്വാസത്തെത്തന്നെയാണ് നഷ്ടപ്പെടുത്തുന്നത്.

ദൈവവിശ്വാസത്തിന്റെ അടയാളം വേഷത്തിലോ കേവല അനുഷ്ഠാനങ്ങളിലോ ഉള്ള സവിശേഷതയല്ല. നിരന്തരം ആരാധനാലയങ്ങളില്‍ കയറിയിറങ്ങുകയും വിരലുകളില്‍ ജപമാലകള്‍ കറങ്ങുകയും ചുണ്ടുകളില്‍ ദൈവമന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്ന ആള്‍ സാമ്പത്തിക ഇടപാടുകളില്‍ ചതിയും വഞ്ചനയും കാണിക്കുന്നുവെങ്കില്‍, അയാള്‍ ഭക്തിനാട്യക്കാരനാണ്. യഥാര്‍ഥ വിശ്വാസിയല്ല. ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തുകയും അനര്‍ഹമായി ജനങ്ങളുടെ പണം പറ്റുകയും ചെയ്യുന്ന 'ഭക്തനായ' ഉദ്യോഗസ്ഥന്‍ കപടനാണ്. നാവെടുത്താല്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന, വാഗ്ദാനപ്പെരുമഴകള്‍ വര്‍ഷിക്കുകയും യാതൊന്നും നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരന്‍ ഒന്നാന്തരം കപടവിശ്വാസിയാണെന്നാണ് നബി പഠിപ്പിക്കുന്നത്. ലാഭ മോഹങ്ങള്‍ നല്കി ഊഹക്കച്ചവടങ്ങള്‍ നടത്തുന്നവരും പണമിരട്ടിപ്പ് വാഗ്ദാനങ്ങളില്‍ ആളെക്കൂട്ടുന്നവരും വിശ്വാസത്തെയാണ് കൂട്ടുപിടിക്കുന്നത് എന്നതാണ് പുതിയകാലത്തെ വൈരുദ്ധ്യം. വഞ്ചനയും കരാര്‍ ലംഘനവും പതിവാക്കുന്നവര്‍ വിശ്വാസിയല്ല. ''കുതന്ത്രവും ചതിയും വഞ്ചനയും (ചെയ്യുന്നവര്‍) നരകത്തിലാണ്.''(അബുദാവൂദ്)

by മുജീബുറഹ്മാന്‍ കിനാലൂര്‍ @ മാതൃഭൂമി ദിനപത്രം